'എന്നാൽ നമുക്ക് മദീനാ ഫൂഡ് കോർട്ടിൽ കാണാം'; മലയാളി കൂട്ടായ്മകളുടെ മീറ്റിങ് ഹബ്ബായി ദുബായിലെ മാൾ
ദുബായ് ∙ 'എന്നാൽ നമുക്ക് ഞായറാഴ്ച മദീനാ മാളിൽ കാണാം;ഫൂഡ് കോർട്ടിൽ.. ഒാക്കെ'–ദുബായ്, ഷാർജ എമിറേറ്റുകളിലെ മലയാളി കൂട്ടായ്മക്കാർ അടുത്ത കാലത്തായി പറയാറുള്ള വാചകമാണിത്. ദുബായ് ഖിസൈസിനോട് ചേർന്നുള്ള മുഹൈസിന
ദുബായ് ∙ 'എന്നാൽ നമുക്ക് ഞായറാഴ്ച മദീനാ മാളിൽ കാണാം;ഫൂഡ് കോർട്ടിൽ.. ഒാക്കെ'–ദുബായ്, ഷാർജ എമിറേറ്റുകളിലെ മലയാളി കൂട്ടായ്മക്കാർ അടുത്ത കാലത്തായി പറയാറുള്ള വാചകമാണിത്. ദുബായ് ഖിസൈസിനോട് ചേർന്നുള്ള മുഹൈസിന
ദുബായ് ∙ 'എന്നാൽ നമുക്ക് ഞായറാഴ്ച മദീനാ മാളിൽ കാണാം;ഫൂഡ് കോർട്ടിൽ.. ഒാക്കെ'–ദുബായ്, ഷാർജ എമിറേറ്റുകളിലെ മലയാളി കൂട്ടായ്മക്കാർ അടുത്ത കാലത്തായി പറയാറുള്ള വാചകമാണിത്. ദുബായ് ഖിസൈസിനോട് ചേർന്നുള്ള മുഹൈസിന
ദുബായ് ∙ 'എന്നാൽ നമുക്ക് ഞായറാഴ്ച മദീനാ മാളിൽ കാണാം;ഫൂഡ് കോർട്ടിൽ.. ഒാക്കെ'–ദുബായ്, ഷാർജ എമിറേറ്റുകളിലെ മലയാളി കൂട്ടായ്മക്കാർ അടുത്ത കാലത്തായി പറയാറുള്ള വാചകമാണിത്. ദുബായ് ഖിസൈസിനോട് ചേർന്നുള്ള മുഹൈസിന4 ബെയ്റൂത്ത് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന മദീന മാളിന്റെ മൂന്നാം നിലയിലെ ഫൂഡ് കോർട്ടിൽ ഭക്ഷണം കഴിക്കാന്‍ വേണ്ടിയല്ല അവർ പിന്നീട് കാണാമെന്ന് തീരുമാനിക്കുന്നത്. പിന്നെന്താണ് കാര്യം എന്നല്ലേ, വാരാന്ത്യ ദിനങ്ങളിൽ അവിടെ ചെന്നാൽ ആ നിറക്കാഴ്ച കാണാം; വിശാലമായ ഫൂഡ് കോർട്ടിലെ പല ഭാഗങ്ങളിലായി നിരനിരയായിരിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ. അവർ ഗൗരവമായി വിവിധ വിഷയങ്ങൾ സംസാരിക്കുന്നു, സംവാദത്തിലേർപ്പെടുന്നു, കളിതമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു...ഇൗ വിധം മലയാളി കൂട്ടായ്മകളുടെ അനൗദ്യോഗിക മീറ്റിങ് കേന്ദ്രമായിത്തീർന്നിരിക്കുന്നു ഇൗ തുറന്ന ഭക്ഷണകേന്ദ്രം.
കൂട്ടായ്മക്കാർ മാത്രമല്ല, പുതിയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുന്നവരുടെ പെണ്ണ്, ആണ് കാണൽ ചടങ്ങുകൾ, വിവാഹനിശ്ചയം, അനുശോചനയോഗം, നാട്ടിൽ നിന്ന് എത്തുന്ന അതിഥിക്ക് സ്വീകരണം, സത്കാരം കൂടാതെ കുടുംബസംഗവും ഇവിടെ നടക്കാറുണ്ട്. ലാപ് ടോപ്പുമായി വന്ന് ഒാഫിസ് ജോലികൾ ചെയ്യുന്നവരും സർവസാധാരണം. ചില ദിവസങ്ങളിൽ ജബൽ അലിയിലെ ഒാഫിസില്‍ പോകാൻ പറ്റാറില്ല. താമസ സ്ഥലമാണെങ്കിൽ ബാച് ലേഴ്സ് ഫ്ലാറ്റായതിനാൽ അവിടെയും സൗകര്യമില്ല. അതുകൊണ്ട് ഇടയ്ക്കിടെ ലാപ് ടോപ്പുമായി നേരെ ഫൂഡ് കോർട്ടിലെത്തും. എന്തെങ്കിലും സ്നാക്സ് വാങ്ങി കഴിച്ച് വിശപ്പടക്കും–എറണാകുളം ആലുവ സ്വദേശി ഷഫീഖ് മുസ്തഫയുടേതാണ് ഇൗ വാക്കുകൾ..
∙നയാപൈസ ചെലവില്ലാതെ ലോക കാര്യങ്ങൾ ചർച്ച ചെയ്യാം
ഒരു ചായ പോലും കുടിക്കാതെ എത്ര മണിക്കൂർ വേണമെങ്കിലും ചെലവിടാമെന്നതാണ് മദീന മാൾ ഫൂഡ് കോർട്ടിന്റെ പ്രത്യേകത. ഇന്ത്യക്കാർ മാത്രമല്ല, ഇതര രാജ്യക്കാരും ഇവിടെ ഒത്തുകൂടുന്നത് കാണാം. ഫൂഡ് കോർട്ടിന് മുന്നിലെ വിശാലമായ സൗകര്യത്തിൽ കസേരകൾ നിരത്തിയാണ് കൂട്ടായ്മകൾ ഒത്തുചേരുന്നത്. ചിലർ നാടൻ ചായയോടുകൂടി തുടങ്ങുന്ന യോഗം പിരിയുന്നത് വിഭവസമൃദ്ധമായ ഭക്ഷണത്തോടെയായിരിക്കും. കോഴിക്കോട് സ്റ്റാർ റസ്റ്ററന്റ്, പ്രമുഖ ഫാസ്റ്റ് ഫൂഡ് ഔട്‌ലറ്റുകളായ ചിക്കിങ്, ബോംബോ ചൗ, കെഎഫ് സി, ആചിസ്, ക്രോപി ചിക്കി, പിസ ഹട്ട്, ഡാർജീലിങ്സ് മോമോ, അറബിക് വിഭവങ്ങൾ ലഭിക്കുന്ന ബൈത്തുൽ ഹെന്ന, ഖൈബത് റസ്റ്ററന്റ്, ചീസി സ്മാഷ് ബർഗർ, മി.മോമോ, ഹാജി അലി, ചീസി പാസ്ത ആൻഡ് ബെയ്ക്ഡ് പൊട്ടാറ്റോ തുടങ്ങിയവ ഭക്ഷണ ശാലകളാണ് ഇവിടെയുള്ളത്.
∙ഭക്ഷണം എന്തെങ്കിലും കഴിച്ചോ എന്ന് പോലും ചോദിക്കില്ല
മാളിന്റെ ഒന്നാം നിലയിലുള്ള കാഫോറിൽ നിന്ന് കുടിക്കാനുള്ള ബോട്ടിൽ വെള്ളവും എന്തെങ്കിലും ബിസ്കറ്റോ മറ്റോ വാങ്ങിക്കും. ഫൂഡ് കോർട്ടിൽ നിന്ന് ചായയും. ഇതാണ് ഞങ്ങളുടെ ഫൂഡ് കോർട്ട് മീറ്റിങ്ങുകളിലെ പതിവു രീതിയെന്ന് കഴിഞ്ഞ 3 വർഷമായി തുടർച്ചയായി യോഗം ചേരുന്ന ഹെല്ലോ ഫോക്സ്(HelloFolks) കൂട്ടായ്മയുടെ അമരക്കാരൻ കണ്ണൂർ പയ്യന്നൂർ സ്വദേശി ഷാജഹാൻ മനോരമ ഒാൺലൈനിനോട് പറഞ്ഞു. 20 പേരടങ്ങുന്ന കൂട്ടായ്മ യോഗം ചേരുമ്പോൾ ആകെ ചെലവ് അമ്പത് ദിർഹത്തോളം. ചായ വാങ്ങിയില്ലെങ്കിലും ആർക്കും ഒരു പരാതിയുമില്ല, എത്ര നേരം വേണമെങ്കിലും ഇരിക്കാവുന്നതാണ്. മറ്റു മാളുകളിലേത് പോലെ വലിയ തിരക്കോ ബഹളമോ ഇല്ലാത്തതും പാർക്കിങ് സൗകര്യവുമാണ് ഷാജഹാനെയും കൂട്ടരേയും ഇവിടേയ്ക്ക് ആകർഷിച്ചത്. ഖിസൈലില്‍ തന്നെയുള്ള ചില റസ്റ്ററന്റുകളുടെ ഹാളുകൾ യോഗം ചേരാൻ ലഭ്യമാണ്. പക്ഷേ, കുറഞ്ഞത് 40 ദിർഹത്തിന്റെ ഭക്ഷണം ഒരാൾക്ക് വാങ്ങിയിരിക്കണം എന്നതാണ് നിബന്ധന. മാത്രമല്ല, നിശ്ചിത മണിക്കൂറുകൾ മാത്രമേ അനുവദിക്കുകയുമുള്ളൂ. യുഎഇയിലെ തൊഴിലവസരങ്ങൾ അറിയിക്കുന്നതാണ് ഇൻസ്റ്റാഗ്രാമിൽ 15 ലക്ഷം ഫോളോവേഴ്സുള്ള ഹെല്ലോ ഫോക്സിന്റെ പ്രധാന പ്രവർത്തനം. ഇതിനകം 2500 പേർക്കെങ്കിലും ഇവർ വഴി ജോലി ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. കൂടാതെ, സാമൂഹിക– ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.
യുഎഇയിലെ അക്ഷരസ്നേഹികളുടെ പ്രമുഖ കൂട്ടായ്മയായ അക്ഷരക്കൂട്ടം ഉൾപ്പെടെ മിക്ക സംഘടനകളും മദീന ഫൂഡ് കോർട്ടിനെ ആശ്രയമായി കാണുന്നു. എല്ലാവർക്കും എളുപ്പത്തിൽ ഒത്തുകൂടാൻ പറ്റുന്ന കേന്ദ്രമാണ് മദീന ഫൂഡ് കോർട്ടെന്ന് അക്ഷരക്കൂട്ടത്തിന്റെ സാരഥികളിലൊരാളായ എഴുത്തുകാരൻ ഷാജി ഹനീഫ് പറഞ്ഞു. ഷാർജ ഭാഗത്ത് നിന്ന് വരുന്നവർക്കും ദുബായുടെ ഇതര ഭാഗങ്ങളിൽ നിന്നെത്തുന്നവർക്കും ട്രാഫിക് തിരക്കുകളിൽപ്പെടാതെ ഇവിടെ എത്തപ്പെടാൻ സാധിക്കുന്നു. ഷാർജയും ദെയ്റ ഏരിയകളുമെല്ലാം എപ്പോഴും തിരക്കേറിയ സ്ഥലങ്ങളാണ്. അവിടെയൊക്കെ വാരാന്ത്യങ്ങളിൽ എത്തപ്പെടുക വളരെ പ്രയാസകരം. പാർക്കിങ്ങാണ് മദീന മാളിന്റെ മറ്റൊരു ആകർഷണം. ഫുഡ് കോർട്ടിൽ റിലാക്സായി ഇരിക്കാനും സ്വാതന്ത്ര്യത്തോടെ സംസാരിക്കാനുമെല്ലാം സാധ്യമാണ്. ഒരു യോഗം ചെറിയൊരു ഹാളിൽ നടത്താൻ ചുരുങ്ങിയത് 500 ദിർഹമെങ്കിലും ചെലവുവരും. സാധാരണയായി വാരാന്ത്യങ്ങളിലാണ് ഞങ്ങൾ യോഗം ചേരാറ്. ആ ദിവസം കുടുംബത്തെ കൂടി കൂട്ടിയാൽ അവർ മാളിൽ ബോറടിക്കാതെ സമയം ചെലവഴിച്ചോളും. അങ്ങനെ വാരാന്ത്യങ്ങളിൽ കുടുംബത്തെ വീട്ടിൽ ഒറ്റയ്ക്കാക്കി മറ്റു കാര്യങ്ങൾക്കായി പോകുന്നതിലെ അനീതി കൂടി ഇല്ലാതാക്കാനും ഇതുവഴി കഴിയും. മറ്റുള്ള മാളുകളൊന്നും ഇത്ര സൗകര്യപ്രദമല്ല. പുതിയ സംഘടനകൾ മിക്കതും ചെറിയ പ്രാദേശിക കൂട്ടായ്മകളാണ്. അവർക്ക് ഭാരവാഹികളോ ഫണ്ടോ ഉണ്ടായിരിക്കില്ല. മദീനാ മാൾ ഫൂഡ് കോർട് പോലുള്ള സൗകര്യം വളരെ ഗുണപ്രദമാകുന്നത് ഇൗ സാഹചര്യത്തിലാണെന്ന് ഷാജി ഹനീഫ് പറഞ്ഞു. കേരളത്തിലെയും ഇന്ത്യക്ക് പുറത്തുമുള്ള എഴുത്തുകാരും വായനക്കാരുമായ മുന്നൂറോളം പേരുടെ വാട്സാപ്പ് കൂട്ടായ്മയാണ് 25–ാം വാർഷികം ആഘോഷിക്കുന്ന അക്ഷരക്കൂട്ടം.
ഒാൾ കേരള കോളജസ് അലുംനി ഫോറം(അക്കാഫ്) ഇവൻ്റ്സും പതിവായി ഇവിടെയാണ് യോഗങ്ങൾ നടത്താറ്. ഇതുവരെ അക്കാഫ് ഇവൻ്റ്സ് നേടിയ 2 ഗിന്നസ് വേൾഡ് റെക്കോർഡുകള്‍, ഒാണാഘോഷം, ഇഫ്താർ കിറ്റ് വിതരണം പോലുള്ള വലിയ പരിപാടികളുടെ ആലോചനാ യോഗങ്ങളും ഇവിടെയാണ് നടത്തിയിട്ടുള്ളതെന്ന് പ്രസിഡൻ്റ് ചാൾസ് പോൾ പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിലേറെയായി ഫൂഡ് കോർട്ടാണ് ഞങ്ങളുടെ സംഗമ കേന്ദ്രം. കമ്മിറ്റി ഭാരവാഹികൾ ഫൂഡ് കോർട്ടുകളിലെ ഔട് ലറ്റുകാർക്കൊക്കെ സുപരിചിതരാണ്. തങ്ങളെ കണ്ടില്ലെങ്കിൽ സ്നേഹാന്വേഷണ കോളുകളും ലഭിക്കാറുണ്ടെന്ന് ജോയിൻ്റ് സെക്രട്ടറി രഞ്ജിത് കോടോത്ത് പറഞ്ഞു.
മുഹൈസിന4ലും അയൽപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയുടെ യോഗങ്ങളും മദീന ഫൂഡ് കോർട്ടിൽ തന്നെയാണ് നടക്കാറുള്ളത്. ഒന്നാമതായി അംഗങ്ങൾക്ക് എത്തപ്പെടാൻ വളരെ സൗകര്യം. പിന്നെ, ചെലവില്ലാതെ വിശാലമായ വേദി. ഇതാണ് ഇൗ സ്ഥലം തിരഞ്ഞെടുക്കാൻ കാരണമെന്ന് കൂട്ടായ്മയുടെ പ്രസിഡന്റ് ഡോ.രകേഷ്, ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ എന്നിവർ പറയുന്നു. ഇവിടെയുള്ള ഇത്ര നല്ല സൗകര്യം കണ്ടില്ലെന്ന് നടിച്ച് മറ്റു കേന്ദ്രങ്ങൾ തേടിപ്പോകേണ്ടതില്ലെന്ന് ട്രഷറർ ഡോ.സഫ് വാനും പറയുന്നു. എത്ര നേരം ചെലവഴിച്ചാലും ആർക്കും പരാതിയില്ല. മാളിലെ ശീതീകരണി ഉൾപ്പെടെ എല്ലാ ക്രമീകരണങ്ങളും വളരെ ശാസ്ത്രീയപരമാണ്. അതുകൂടി തണുപ്പു കൂടി ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുമില്ല.
∙മുഹൈസിനയുടെ സ്വന്തം മാൾ
2012ലാണ് മദീന മാള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. 3,80,000 ചതുരശ്രയടി വിസ്തീർണമുള്ള മാളില്‍ ഷോപ്പിങ് കൂടാതെ, കേരളീയ ഭക്ഷണമടക്കം വൈവിധ്യമാർന്ന വിഭവങ്ങൾ ലഭിക്കുന്ന ഭക്ഷണശാലകൾ, കാഫോർ സൂപ്പർമാർക്കറ്റ്, കുട്ടികൾക്കുള്ള വിനോദ കേന്ദ്രങ്ങൾ, ഫാർമസി, ക്ലിനിക്, ജിം, മണി എക്സ്ചേഞ്ച് എന്നിവയെല്ലാമുണ്ട്. ഒരിക്കലും വാഹനങ്ങൾ നിറഞ്ഞുകണ്ടിട്ടില്ലാത്ത പാർക്കിങ് സൗകര്യമാണ് മറ്റൊരു സവിശേഷത. ഇൗ കവേർഡ് പാർക്കിങ്ങിൽ 1000 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാൻ സാധിക്കും. ഖിസൈസ് മെട്രോ സ്റ്റേഷനലിറങ്ങിയാൽ മിനിറ്റുകൾ കൊണ്ട് ഇവിടെയെത്താം. കൂടാതെ, ഏതാണ്ട് ദുബായ്–ഷാർജ അതിർത്തിപ്രദേശമായതിനാൽ അയൽ എമിറേറ്റിൽനിന്നുള്ളവർക്കും എളുപ്പത്തിൽ എത്തപ്പെടാം.