"എന്നും ഓർമയിൽ സൂക്ഷിക്കാൻ ഹൃദയം തുറക്കും മുൻപുള്ളൊരു സെൽഫി ഇവിടെ കിടക്കട്ടെ.

"എന്നും ഓർമയിൽ സൂക്ഷിക്കാൻ ഹൃദയം തുറക്കും മുൻപുള്ളൊരു സെൽഫി ഇവിടെ കിടക്കട്ടെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"എന്നും ഓർമയിൽ സൂക്ഷിക്കാൻ ഹൃദയം തുറക്കും മുൻപുള്ളൊരു സെൽഫി ഇവിടെ കിടക്കട്ടെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ "എന്നും ഓർമയിൽ സൂക്ഷിക്കാൻ ഹൃദയം തുറക്കും മുൻപുള്ളൊരു സെൽഫി ഇവിടെ കിടക്കട്ടെ. പിന്നെ വല്ലപ്പോഴും നോക്കി ചിരിക്കാമല്ലോ. അപ്പോൾ രണ്ടു ദിവസം കഴിഞ്ഞു കാണാം ഗയ്സ്...".ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലിരിക്കെ, ഇന്നലെ ദുബായിൽ അന്തരിച്ച യുഎഇയിലെ പ്രശസ്ത ക്യാമറാമാൻ സുനു കാനാട്ട് അഞ്ച് ദിവസം മുമ്പ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്..

ഹൃദയത്തിൽ തടസ്സങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് വിദഗ്ധ ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിക്കുകയും തുടർന്ന് അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നു. . സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന അദ്ദേഹം തന്‍റെ രോഗം, ആശുപത്രിവാസം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വളരെ മനോഹരമായ ഭാഷയിൽ ഇടയ്ക്കിടെ പോസ്റ്റുകൾ ചെയ്യാറുണ്ടായിരുന്നു.

ADVERTISEMENT

ഇന്ന് നെഞ്ചിന്‍റെ എക്സ് റേയും എക്കോ കാർഡിയോഗ്രാമും എടുത്തു. ഉറങ്ങും മുൻപ് കുളിക്കുകയും ഷേവ് ചെയ്യുകയും വേണം. ഷേവ് ചെയ്യാൻ അവർ സഹായിക്കും. നാളെ രാവിലെ ആറരയ്ക്ക് റെഡി ആകണം. ആറുമണിക്കൂറുകൊണ്ട് സർജറി എല്ലാം കഴിയണം. ഇന്ന് വേണമെങ്കിൽ ഉറങ്ങാൻ ഒരു മരുന്ന് തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഇന്നൊരു നല്ല ഉറക്കം ആവശ്യമാണ്– പലർക്കുമറിയാവുന്നത് പോലെ താൻ പ്രാർഥിക്കാറില്ലാത്ത മനുഷ്യനാണെങ്കിലും നിരീശ്വരവാദിയല്ലെന്നും സുനു പറയുന്നു. എന്താണോ ജീവിതം എനിക്ക് നൽകുന്നത് അതിനെയെല്ലാം പൂർണമായും സ്വീകരിക്കും. ഒന്നിനെയും തള്ളിക്കളയുന്നില്ല. പ്രപഞ്ചത്തിന് ആവശ്യമുള്ളത്രയും സമയം ഞാനിവിടെയൊക്കെ ഉണ്ടാവും. വെരി സിംപിൾ!.

അതിന് മുൻപ് പോസ്റ്റ് ചെയ്ത കുറിപ്പിൽ ആശുപത്രിയിലെത്തിയ ശേഷമുള്ള ആഹാരക്രമമാണ് വിവരിക്കുന്നത്. സാധാരണ കഴിച്ചിരുന്ന ഭക്ഷണങ്ങളിൽ ഒഴിവാക്കാൻ പറഞ്ഞത് ഫുൾ ഫാറ്റ് മിൽക്കും അനിമൽ ഫാറ്റ് പ്രൊ‍ഡക്ടുമായ നെയ്യും ബട്ടറുമാണ്. ലോ ഫാറ്റ് യോഗർട്ടും മിൽക്കുമൊക്കെ കുഴപ്പമില്ലെന്ന്. അമേരിക്കൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. ഇൻഷുറൻസ് കമ്പനിക്കാർ വലിയ തുക വരുമെന്നതുകൊണ്ട് കുറച്ചു ബലം പിടിച്ചു. പക്ഷേ അവർക്ക് മറ്റു വഴികളില്ല. ഇൻഷുറൻസ് കമ്പനിക്കാർ ഇവൻ മുടിഞ്ഞുപോകണേ എന്ന് പ്രാകിക്കാണും–മരണത്തെ മുൻകണ്ടെന്ന പോലെ സുനു പറഞ്ഞു. എങ്കിലും അതിലൊന്നും കാര്യമില്ലെന്നും 22 വർഷത്തിനിടെ ആദ്യമായാണ് ആശുപത്രിയിൽ കിടക്കുന്നതെന്നും പറയുന്നു.

സുനു കാനാട്ട്. Image Credit: fb@Sunu Kanattu

∙ കുറച്ച് ദിവസങ്ങൾ മൗനത്തിലേക്ക്; പക്ഷേ...
ഇനിയുള്ള കുറച്ചു ദിവസങ്ങൾ മൗനത്തിലേക്കു പോകും. ഫോൺ സംസാരം പൂർണമായും ഒഴിവാക്കി ഊർജം സംഭരിക്കാനാണ് തീരുമാനം. കളിമണ്ണ് കൊണ്ടുകാര്യമില്ല. ഉരുക്കാണ് ആവേണ്ടത്. ആശുപത്രിക്കിടക്കയിലേക്കെത്തുന്ന സന്ദേശങ്ങളെക്കുറിച്ചും തന്നെ ഹൃദയംകൊണ്ട് ചേർത്തുപിടിക്കുന്നതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ വൻ സൗഹൃദവലയമുള്ള സുനു വാചാലനാകുന്നു.

ഒരുപാട് സ്നേഹ സന്ദേശങ്ങളിലൂടെയാണ് ഈ ദിവസങ്ങൾ കടന്ന് പോയത്. ബിബിഎച് ഹെഡ് ഉസ്മാൻ ഖാൻ അയച്ച മെസേജ് കണ്ട് ഉലഞ്ഞുപോയി. ഇത്രയൊക്കെ സ്നേഹമുണ്ടോ ആളുകൾക്കെന്നോട്? കൊള്ളാമല്ലോയെന്ന് മനസ്സിലോർത്തു. ഷാരിയുടെ ചേച്ചിയുടെ മകൻ വിവരമറിഞ്ഞതേ വിസിറ്റ് വീസയെടുത്തു കയറിപ്പോന്നു. അവനിവിടെയുള്ളത് വലിയ ആശ്വാസമായി. പെട്ടെന്ന് അന്തരീക്ഷം ഒന്ന് മാറി മറിഞ്ഞു. പൂപ്പാറയിൽ ആളെ പറത്തിക്കൊണ്ടു പോകുന്ന കാറ്റിൽ ഉലയുന്ന ഒരു വിഡിയോ അയച്ചു തന്നു. വലിയ തമാശക്കാരിയും സ്വന്തം കമ്പനിയുമൊക്കെയുള്ള ഒരു ചങ്ങാതി പറയുകയാണ് വേണേങ്കി എന്നെയൊന്ന് കെട്ടിപ്പിടിച്ചോളാൻ.

ADVERTISEMENT

വർഷങ്ങൾക്ക് മുൻപ് ഡിസംബറിലെ ഒരു ശൈത്യകാല രാത്രിയിൽ ഷാരിയോട് വർത്തമാനം പറഞ്ഞിരിക്കെ ഫ്ലാറ്റിന്‍റെ കീഴെ വന്ന് ഫോൺ വിളിച്ചു ആള് എന്നെ അമ്പരപ്പിച്ചു. എന്തോ ബിസ്സിനസ് മീറ്റിങ്ങിന് വന്നപ്പോൾ സർപ്രൈസ് തന്നതാണ് . അന്നാദ്യം കാണുകയാണ്.ഉയരമിച്ചിരി കുറവാണെങ്കിലും നല്ല വണ്ണമുണ്ട്. ഒരു മുതലാളിച്ചി ലുക്ക്. മനസ്സ് നിറയെ സ്നേഹവും. ഇങ്ങനെ ഫേസ് ബുക്കിൽ പരിചയപ്പെട്ട കുറേ മനുഷ്യരെ നേരിട്ട് കണ്ടിട്ടുണ്ട്. ആരെയും കാണേണ്ടായിരുന്നു എന്നൊരിക്കലും തോന്നിയിട്ടുമില്ല.

സംഭവം ലളിതമാണ്. ഞാനിതാണ് എന്ന് ലോകത്തോട് തുറന്നുപറയുന്നൊരാളുടെ അടുത്ത് മറ്റുള്ളവരും തുറന്നവരായിരിക്കും. അവർക്ക് നമ്മളെ വിശ്വാസമാണ് സ്നേഹമാണ്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ.

∙ ഹൃദയത്തിൽ ബ്ലോക്കുമായി ഹിമാലയത്തിലൂടെയുള്ള നടപ്പ്
കുടുംബസമേതമായിരുന്നു സുനു ദുബായിൽ താമസിച്ചിരുന്നത്. ധ്യാനത്തിലും യോഗയിലുമെല്ലാം തത്പരനുമായിരുന്നു. അതായിരിക്കാം ഹൃദയത്തിൽ ബ്ലോക്കുകളുണ്ടായിട്ടും കുറേക്കാലം അതൊന്നുമറിയാതെ മുന്നോട്ടുപോയതെന്ന് വിശ്വസിക്കുന്നു: ഈ ബ്ലോക്കും വച്ചുകൊണ്ടാണ് കഴിഞ്ഞ വർഷം ഈ സമയം ഞാൻ ഹിമാലയത്തിലൊക്കെ നടന്നത്. ഓക്സിജൻ ലെവൽ തീരെ കുറവുള്ള സ്ഥലങ്ങളിൽ ചെറുപ്പക്കാർ ഓക്സിജൻ സിലിണ്ടറുകൾ മേടിച്ചപ്പോഴും എനിക്കൊരു കുഴപ്പവുമില്ലായിരുന്നു. വർഷങ്ങളായി ചെയ്യുന്ന ധ്യാനവും സൂര്യ നമസ്കാരവും എനിക്ക് ഗുണപ്പെട്ടതാവാം.

കഴിഞ്ഞ ഞായറാഴ്ച രാവിലെ 8 നായിരുന്നു സുനുവിന്‍റെ ഹൃദയശസ്ത്രക്രിയ. ഇതിനായി ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് അഡ്മിറ്റ് ആകണം. എങ്കിലും ശസ്ത്രക്രിയയെ താൻ ഭയരഹിതമായി നേരിടാൻ പോകുന്നു എന്ന ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളായിരുന്നു പിന്നീട് സുനു കുറിച്ചത്: ഈ കാര്യത്തെക്കുറിച്ചു ആവർത്തിച്ചു പോസ്റ്റിടുന്നത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒറ്റക്കുറിപ്പിൽ കാര്യം പിടി കിട്ടുമെന്നതുകൊണ്ടും ആവർത്തിച്ചു ഒരേ കാര്യം ഓരോരുത്തരോടും പറയേണ്ട കാര്യമില്ല എന്നതുകൊണ്ടുമാണ്. അല്ലാതെ ഞാനിവിടെ വാലിന് തീപിടിച്ചു പിടിച്ചു ഓടി നടക്കുകയല്ല. ഞാനിവിടെ പേടിച്ചു തൂറിയിരിക്കുകയാണ് എന്ന് വിശ്വസിക്കാനാണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ നല്ല കാര്യം. അതൊന്നും എന്‍റെ വിഷയമല്ല.

ADVERTISEMENT

ഇതൊരു ബോധവൽക്കരണവും കൂടിയാണ്. എന്നെപ്പോലെ ആക്ടീവായിരുന്ന, സിഗററ്റു വലിക്കാത്ത, സാമാന്യം ഫിറ്റ്നസ് ഒക്കെയുള്ള ഒരു മനുഷ്യ ശരീരത്തിനുള്ളിൽ നിറയെ ബ്ലോക്കുകളുണ്ടെന്നുള്ളതും എനിക്ക് യാതൊരു നെഞ്ചു വേദനയോ, നൂറു പുഷ് അപ്പ് ഒക്കെ എടുക്കുന്നതിനോ ഒന്നും ഒരു വിഷമവുമില്ലെന്നുള്ളതും നിങ്ങൾ ഓർക്കണം. എനിക്ക് നല്ലൊരു ഇൻഷുറൻസ് ഉണ്ട്. മകൾക്കും ഭാര്യക്കും മെച്ചപ്പെട്ട അവസ്ഥയുണ്ട്. നല്ലോണം ആഗ്രഹങ്ങൾ സാധിച്ചു ജീവിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് ധാരാളം സഞ്ചരിച്ചിട്ടുണ്ട്. ഞാൻ തട്ടിപ്പോയാലും ഇവിടെയൊരു ചുക്കുമില്ല. പക്ഷേ പലരുടെയും അവസ്ഥ അതല്ല. കാര്യം മനസ്സിലാക്ക്.

'ഇതിപ്പോൾ നിങ്ങൾക്ക് വന്നതുകൊണ്ട് നിങ്ങൾ ഇതിലേ പാട്ടും പാടി നടക്കുന്നു. എനിക്കോ ആമിക്കോ ആയിരുന്നു വല്ലതും വന്നതെങ്കിൽ ആകുലപ്പെട്ട് നിങ്ങൾ ഈ വീടൊരു ശ്മശാനമാക്കിയേനെ '– ഇന്നലെ ഭാര്യ പറഞ്ഞതാണ്. ശസ്ത്രക്രിയയെക്കുറിച്ച് അവസാനമായി സുനു പറയുന്നത് കൂടി ചേർത്ത് ഈ ഓർമക്കുറിപ്പ് ഇവിടെ നിർത്താം. സുനു എഴുതി;

ഇന്നലെ അമേരിക്കൻ ഹോസ്പിറ്റലിൽ പോയി തുനീസക്കാരൻ സർജനെ റിപ്പോർട്ടുകളും സിഡിയും കാണിച്ചപ്പോൾ ആയാളും ബൈ പാസ്സ് സർജറി തന്നെയാണ് നിർദ്ദേശിച്ചത്. എന്‍റെ ഹാർട്ട് വളരെ ഹെൽത്തിയാണിപ്പോഴുമെന്നും ഒരു ആർട്ടറി 100%ഉം ബാക്കി യുള്ളവയിൽ 90 ശതമാനത്തിന് മുകളിലും ബ്ലോക്കും ഉണ്ടെന്ന് പറഞ്ഞു. ഈ അവസ്ഥയിൽ സർജറിക്ക് വലിയ റിസൾട്ട് ഉണ്ടാകുമെന്ന് അയാൾ ഉറപ്പിച്ചു പറയുന്നു.സർജറി കഴിഞ്ഞാൽ ഹൃദയത്തെക്കുറിച്ചു പാടേ മറക്കാമത്രേ.

ശസ്ത്രക്രിയ കഴിഞ്ഞ് ശക്തനായി തിരിച്ചുവരുമെന്ന വിശ്വാസത്തിലായിരുന്നു സുനു എന്ന് സുഹൃത്ത് പ്രമദ് ബി.കുട്ടി പറഞ്ഞു. എങ്കിലും അദ്ദേഹം അവസാനം കുറിച്ച ചില വാക്കുകൾ വായിക്കുമ്പോൾ എല്ലാവർക്കും ഒരു ആശങ്കയൊക്കെ തോന്നിപ്പിച്ചു.

സർജറി കഴിഞ്ഞാൽ രണ്ടു ദിവസം ഐസിയു, ഒരാഴ്ച ആശുപത്രി, ഒരുമാസം വീട്ടിൽ വിശ്രമം എന്നാണ് പറഞ്ഞത് . മകളെ കെട്ടിച്ചു വിടണമെന്ന ആകുലതയൊന്നുമില്ലാത്ത ഒരു അപ്പനാണ് ഞാൻ . സമയമാകുമ്പോൾ അവൾ ഒരു പങ്കാളിയെ കണ്ടെത്തി അവളുടെ ജീവിതം ജീവിച്ചു കൊള്ളും . നാളെ ചത്തുപോയാലും പാട്ടും പാടി ഞാനങ്ങു പോകും. സുന്ദരമായി നിർഭയമായി ഞാനെന്‍റെ ഈ കൊച്ചു ജീവിതം ജീവിച്ചിട്ടുണ്ട്. ഒരു ആഗ്രഹങ്ങളും ബാക്കിയില്ല.

സ്നേഹാന്വേഷണങ്ങൾ അറിയിക്കുന്ന ഓരോ മനുഷ്യർക്കും നന്ദി. ഇന്നലെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പള്ളീലച്ചന്‍റെ മെസ്സേജ് വായിച്ചു കരഞ്ഞുപോയി. നാലു നല്ല കിടിലൻ ബ്ലോക്കുണ്ട് . സർജറി തന്നെവേണമെന്നാണ് ഡോക്‌ടർമാരുടെ നിർദ്ദേശം. സ്റ്റെന്റ് കൊണ്ട് വലിയ കാര്യമില്ലെന്ന് .സർജറി ചെയ്താൽ പത്തുകൊല്ലത്തേക്ക് മിനിമം ഓടുമത്രേ. ദുബായ് ഫഖി യൂണിവേഴ്സിറ്റി ആശുപത്രിയിലാണുള്ളത്.

എല്ലാ കഥകളും പറയുന്നൊരാൾ തന്‍റെ സൂക്കേട് വിവരം മറച്ചു വയ്ക്കുന്നതെങ്ങനെ . എനിക്ക് നിലവിൽ യാതോരു കുഴപ്പവും കാണാനില്ല . ഒരു നെഞ്ച് വേദന പോലും ഇന്ന് വരെ വന്നിട്ടുമില്ല. കയറ്റം കയറുമ്പോൾ ഒരു ഹെവിനെസ്സ് തോന്നിയിരുന്നു. നടക്കുമ്പോഴും അതൊന്ന് കാണിക്കാൻ വന്നതാ, തനിച്ചാണ് വന്നത്. വന്നതേ ഇവിടെ പിടിച്ചു കിടത്തി. ആൻജിയോഗ്രാം ചെയ്തു. എന്തായാലും എഴുതാൻ കഥകളായി. എല്ലാം പെട്ടെന്നായിരുന്നു– എല്ലാ കുറിപ്പുകളും പെട്ടെന്ന് തന്നെ അവസാനിപ്പിച്ച് ഒടുവിൽ സുനു യാത്രയായി.

പ്രമുഖ ടെലിവിഷൻ ന്യൂസ് ചാനലുകളിൽ ക്യാമറാമാനായി പ്രവർത്തിച്ചിട്ടുള്ള സുനു കോട്ടയം പാലാ സ്വദേശിയാണ്. പ്രഗത്ഭനായ ഈ ഛായാഗ്രാഹകന്‍റെ ഭൗതികശരീരം ജബൽ അലി ശ്മശാനത്തിൽ കത്തിയെരിയുമ്പോൾ അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട കുടുംബത്തോടൊപ്പം ഏറെ ഇഷ്ടപ്പെടുന്ന സൗഹൃദങ്ങളും സമൂഹമാധ്യമത്തിലെ വായനക്കാരുമെല്ലാം ബാഷ്പാഞ്ജലികൾ സമർപ്പിക്കുന്നു.

English Summary:

See you Guys in Two days!- Sunu Khannat Passed Away after Posting his Last Selfie on Facebook