കനത്ത മഴ: ജിസാനിലും പരിസര പ്രദേശങ്ങളിലും മഴകെടുതി രൂക്ഷം
ജിസാനിലും പരിസര പ്രദേശങ്ങളിലും സമീപ ഗ്രാമങ്ങളിലും മഴകെടുതി തുടരുന്നു.
ജിസാനിലും പരിസര പ്രദേശങ്ങളിലും സമീപ ഗ്രാമങ്ങളിലും മഴകെടുതി തുടരുന്നു.
ജിസാനിലും പരിസര പ്രദേശങ്ങളിലും സമീപ ഗ്രാമങ്ങളിലും മഴകെടുതി തുടരുന്നു.
റിയാദ് ∙ ജിസാനിലും പരിസര പ്രദേശങ്ങളിലും സമീപ ഗ്രാമങ്ങളിലും മഴകെടുതി തുടരുന്നു. ജിസാൻ നഗരത്തോടൊപ്പം, കിങ് അബ്ദുല്ല സബർബ്, സബ്യ, സംതഹ്, ബീഷ്, അഹദ് അൽമസരിഹ, അൽഹാരിത്, അൽ അരിദ, അബു ആരിഷ്, അൽദയർ ബാനി മാലിക് ഗവർണറേറ്റുകൾ എന്നിവിടങ്ങളിലും അൽദർബ്, ഫിഫ, അൽഈദാബി, അൽതവ്വൽ, ദമ്മാദ്, ഹാറൂബ്, അൽറൈത്ത് പ്രദേശങ്ങളിലും ചൊവ്വാഴ്ച വൈകുന്നേരം മുതൽ കനത്ത മഴ ലഭിച്ചു.
അൽഹാരിത്ത് ഗവർണറേറ്റിലെ വാദി ഖലാബിന് നടുവിൽ ഒഴുക്കിനിടെ പിക്കപ്പ് വാനുമായി മറികടക്കാൻ ശ്രമിച്ച യുവാവും വണ്ടിയും മലവെള്ളപ്പാച്ചിലിൽ കുടുങ്ങി. ഒരു കിലോമീറ്റളോളം ദൂരെ ഒഴുകിയ വാഹനത്തിൽ നിന്നും യുവാവിനെ സാഹസികമായി സിവിൽ ഡിഫൻസ് വിഭാഗം രക്ഷപ്പെടുത്തി. അപകടത്തിൽ പരുക്കുള്ളതിനാൽ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലെത്തിച്ച യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. അപകടത്തിൽ വാഹനം തകർന്ന നിലയിലാണുള്ളത്.
ഈ മേഖലയിൽ തോരാതെ പെയ്യുന്ന ഇപ്പോഴത്തെ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ താഴ്ന്ന പ്രദേശങ്ങളിലും താഴ് വാരങ്ങളിലും നിരവധി വാഹനങ്ങൾ ഒഴുകിപ്പോവുകയും വെള്ളത്തിൽ മുങ്ങി കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനിടെ വിവിധ ഗവർണറേറ്റുകളിൽ താഴ്വരകളിലെ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ മുറിച്ചുകടക്കുന്നതിനിടെ വാഹനം കുടുങ്ങി അപകടത്തിൽപ്പെട്ട നിരവധി പേരെ രക്ഷിച്ചതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. തോരാ മഴയിൽ മലമ്പ്രദേശങ്ങളിലും താഴ്വാരങ്ങളിലുമുളള തോടുകളിലും അരുവികളിലുമൊക്കെ നീരൊഴുക്ക് ഉയർന്ന സാഹചര്യത്തിൽ മലവെള്ളപ്പാച്ചിലിൽ മനപൂർവ്വം മുറിച്ചുകടക്കാൻ ശ്രമിക്കുന്നവർക്ക് 1000 റിയാൽ പിഴ ശിക്ഷ ലഭിക്കുമെന്നും പൊതുസുരക്ഷ വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്.
നജ്‌റാൻ, ജിസാൻ, അസീർ മേഖലകളിലെ ഭൂതല ദൂര കാഴ്ച പരിമിതപ്പെടുത്തുന്ന കോരിച്ചൊരിയുന്ന മഴയും ആലിപ്പഴ വർഷവും വീശിയടിക്കുന്ന ശീതകാറ്റും ചേർന്നുള്ള അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഇടത്തരം മുതൽ കനത്ത ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അൽബാഹ, മക്ക, മദീന എന്നിവിടങ്ങളിലും സ്ഥിതി തുടരുമെന്നും ആ പ്രദേശങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കേന്ദ്രം വിശദീകരിച്ചു. എന്നാൽ കിഴക്കൻ മേഖലയിൽ പരമാവധി താപനില ഉയർന്ന നിലയിൽ തുടരുന്നതിനാൽ വളരെ ചൂട് കൂടിയ കാലാവസ്ഥ തുടരുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.