പയ്യന്നൂരിൽ പറ്റിയ മുറിവിനു ഷൊർണൂർ വരെ നീളുന്ന ചികിത്സ: ഇസിബി; മലയാളിയുടെ നഷ്ടം, പ്രവാസിയുടെ നേട്ടം
കഴിഞ്ഞ ദിവസം കണ്ണൂർ കല്യാശേരി എൻസിപി ബ്ലോക്ക് പ്രസിഡന്റ് ദുർഗാദാസിന് അപകടം പറ്റി.
കഴിഞ്ഞ ദിവസം കണ്ണൂർ കല്യാശേരി എൻസിപി ബ്ലോക്ക് പ്രസിഡന്റ് ദുർഗാദാസിന് അപകടം പറ്റി.
കഴിഞ്ഞ ദിവസം കണ്ണൂർ കല്യാശേരി എൻസിപി ബ്ലോക്ക് പ്രസിഡന്റ് ദുർഗാദാസിന് അപകടം പറ്റി.
കഴിഞ്ഞ ദിവസം കണ്ണൂർ കല്യാശേരി എൻസിപി ബ്ലോക്ക് പ്രസിഡന്റ് ദുർഗാദാസിന് അപകടം പറ്റി. പയ്യന്നൂരിൽ നിന്നു കൊച്ചിയിലേക്കു പോകാൻ മലബാർ എക്സ്പ്രസിൽ കയറിയതാണ് ദുർഗാദാസ്. ഉറങ്ങാനുള്ള തയാറെടുപ്പിന്റെ ഭാഗമായി മിഡിൽ ബർത്ത് ചങ്ങലയിൽ ഉറപ്പിക്കുന്നതിനിടെ വിരൽ കൊളുത്തിൽ കുടുങ്ങി, ചോര വാർന്നു. അസഹ്യമായ വേദന.. ട്രെയിൻ കോഴിക്കോട് എത്തിയപ്പോഴേക്കും ടിടിഇ അപകട വിവരം സ്റ്റേഷനിൽ അറിയിച്ചിരുന്നു.
വൈദ്യസഹായത്തിന് ആളുകൾ കോഴിക്കോട് ഉണ്ടാകുമെന്ന ടിടിഇയുടെ വാക്കിൽ വിശ്വസിച്ചാണ് ദുർഗാദാസ് അതുവരെ വേദന സഹിച്ചത്. കോഴിക്കോടെത്തിയപ്പോൾ ‘ജ്യോതിയും വന്നില്ല തീയും വന്നില്ലെന്നു’ കിലുക്കും സിനിമയിൽ രേവതി പറഞ്ഞതു പോലെയായി കാര്യങ്ങൾ. ഡോക്ടറുമില്ല നഴ്സുമില്ല.
വീണ്ടും പ്രശ്നവുമായി ടിടിഇയുടെ മുന്നിലേക്ക്. കോഴിക്കോട്ട് ഡോക്ടറില്ലെന്നും തിരൂരിൽ ഡോക്ടറെ സംഘടിപ്പിക്കാമെന്നും ടിടിഇ ഉറപ്പു നൽകി. രാത്രി 11.30നു ട്രെയിൻ തിരൂരിൽ എത്തിയപ്പോൾ മുറിവു തുന്നിക്കെട്ടാൻ ആളെത്തി. പക്ഷേ, വേദനയ്ക്കുള്ള മരുന്ന് അവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല. അത് കിട്ടണമെങ്കിൽ ട്രെയിൻ ഷോർണൂർ എത്തണം.
അർധരാത്രി ഒരുമണിക്ക് ട്രെയിൻ ഷോർണൂരെത്തിയപ്പോൾ വേദന സംഹാരി കിട്ടി. പയ്യന്നൂരിൽ പറ്റിയ മുറിവിനു ഷൊർണൂർ വരെ നീളുന്ന ചികിത്സ. അടിയന്തര സാഹചര്യത്തെ നമ്മുടെ റെയിൽവേ എങ്ങനെ നേരിടുന്നു എന്നതിന്റെ ഉദാഹരണമാണ് ദുർഗാദാസും വിരലിലെ മുറിവും.
ഇനി, നമുക്കു ദുബായ് മെട്രോയിലേക്ക് ഒന്നു കയറാം. അവിടെ ദുർഗാദാസിനു പകരം ഒരു ഫിലിപ്പീനി പെൺകുട്ടി. ഫോണിൽ കാര്യമായി ആരോടോ സംസാരിച്ചു കൊണ്ടാണ് മെട്രോയിലേക്കു കയറിയത്. സംസാരത്തിൽ മുഴുകിയതു കൊണ്ടോ, മറ്റോ വിരൽ മെട്രോ വാതിലിനുള്ളിൽ കുടുങ്ങി. അൽ അബ്വാബ് മഗ്‌ലാഖ (ഡോർസ് ക്ലോസിങ്) എന്ന സന്ദേശമെത്തിയതും മെട്രോ മുന്നോട്ടു നീങ്ങി. അവൾ വാതിനിടയിൽ കുരുങ്ങിയ വിരലുമായി നിലവിളിച്ചു. ആളുകൾ ചുറ്റും കൂടി.
എന്തു ചെയ്യണമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. ലോക്കോ പൈലറ്റോ, ടിടിഇയോ ഇല്ലാത്ത ദുബായ് മെട്രോയിൽ സഹായത്തിനുള്ളത് എമർജൻസി കോൾ ബോക്സ് അഥവാ ഇസിബി മാത്രം. അതിൽ വിരൽ അമർത്തിയാൽ കോൾ സെന്ററിൽ നിങ്ങളുടെ പരാതി കേൾക്കാൻ ആളുണ്ട്.
എന്താണ് അത്യാഹിതം എന്നു മാത്രം പറഞ്ഞാൽ മതി, നിങ്ങളെ കാത്ത് അടുത്ത സ്റ്റേഷനിൽ ആളുണ്ടാകും. ഇവിടെയും അതു തന്നെ സംഭവിച്ചു. യാത്രക്കാരിലൊരാൾ ഇസിബിയിൽ വിരലമർത്തി, അത്യാഹിതം അറിയിച്ചു.
തൊട്ടടുത്ത സ്റ്റേഷനിൽ മെട്രോയുടെ വാതിൽ തുറന്നു. ആ പെൺകുട്ടിയെ കാത്ത് രണ്ട് അറ്റൻഡർമാർ അവിടെ ഉണ്ടായിരുന്നു. അവർ അവളെ വീൽ ചെയറിലിരുത്തി, ൈവദ്യ സഹായത്തിനായി കൊണ്ടു പോയി. ശുഭം!
ഒരിടത്ത് ചികിൽസയ്ക്കായി ജില്ലകൾ താണ്ടിയ ദുർഗാദാസ് മറ്റൊരിടത്ത് ഒരു വിളിപ്പുറത്തു ചികിത്സ ഉറപ്പാക്കിയ പെൺകുട്ടി. ഒരു സംവിധാനം എങ്ങനെയാണ് സഞ്ചാരികൾക്കു സൗഹൃദമാകുന്നത് എന്നതാണ് ഇവിടെ കണ്ടത്. ദുബായ് മെട്രോകളിൽ യാത്രക്കാരല്ലാതെ ഔദ്യോഗിക പദവിയുള്ള മറ്റൊരാളും ഇല്ല. പൂർണമായും ഓട്ടമാറ്റിക്കായി പ്രവർത്തിക്കുന്ന സംവിധാനം. ഡ്രൈവറില്ലാതെ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ട്രെയിൻ.
നമ്മുടേത്, ഗാർഡും ലോക്കോ പൈലറ്റും ടിടിഇയും അറ്റൻഡർമാരും എന്നു വേണ്ട ഉദ്യോഗസ്ഥരും ജീവനക്കാരും അടക്കം എല്ലാവരുമുള്ള സംവിധാനം. പക്ഷേ, അടിയന്തര സാഹചര്യത്തിൽ ലഭിച്ച പ്രതികരണം തീരുമാനിക്കും ഏതു സംവിധാനമാണ് മികച്ചതെന്ന്.
ചികിത്സയ്ക്കു ലഭിച്ച കാലതാമസം സംബന്ധിച്ചു ദുർഗാദാസ് പയ്യന്നൂർ സ്റ്റേഷൻ മാനേജർക്ക് പരാതി നൽകി. അപ്പോൾ, കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു ലഭിച്ച മറുപടിയാണ് രസകരം.
ട്രെയിനിൽ പരുക്കേൽക്കുന്നവർക്ക് ചികിത്സ നൽകാനുള്ള എല്ലാ ക്രമീകരണങ്ങളും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലുണ്ടത്രേ! ആശയവിനിമയം നടത്തിയതിലെ വീഴ്ചയാണ് ദുർഗാദാസിന് ചികിൽസ കിട്ടാതെ പോയതിന്റെ കാരണം.
എന്താല്ലേ! ദേശമോ ഭാഷയോ അറിയാത്തവരെ പോലും ഫോണിലൂടെ അറിയാത്ത ഭാഷയിൽ ആശയവിനിമയം നടത്തുന്ന മലയാളികളുടെ നാട്ടിൽ, ഒരാളുടെ കൈ മുറിഞ്ഞത് കൃത്യമായി അറിയിക്കാൻ കഴിയാത്തത് എന്തു കൊണ്ടാകും????