ഒരിക്കൽ ഷാർജയിൽ 'റാണി'യെപ്പോലെ ജീവിച്ചു: ഇന്ന് ദുരിതജീവിതം; താമസം കുടുസ്സുമുറിയിൽ, അർബുദ രോഗബാധിതയായിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളി വനിത
ഷാർജ ∙ ഒരിക്കൽ സ്വയം വ്യാപാര സ്ഥാപനം നടത്തി 'റാണി'യെപ്പോലെ ജീവിച്ചു; ഇപ്പോൾ കടക്കെണിയിലകപ്പെട്ട്, അർബുദ രോഗബാധിതയായി 'ശോഭ'കെട്ട ദുരിതജീവിതം നയിക്കുന്നു.
ഷാർജ ∙ ഒരിക്കൽ സ്വയം വ്യാപാര സ്ഥാപനം നടത്തി 'റാണി'യെപ്പോലെ ജീവിച്ചു; ഇപ്പോൾ കടക്കെണിയിലകപ്പെട്ട്, അർബുദ രോഗബാധിതയായി 'ശോഭ'കെട്ട ദുരിതജീവിതം നയിക്കുന്നു.
ഷാർജ ∙ ഒരിക്കൽ സ്വയം വ്യാപാര സ്ഥാപനം നടത്തി 'റാണി'യെപ്പോലെ ജീവിച്ചു; ഇപ്പോൾ കടക്കെണിയിലകപ്പെട്ട്, അർബുദ രോഗബാധിതയായി 'ശോഭ'കെട്ട ദുരിതജീവിതം നയിക്കുന്നു.
ഷാർജ ∙ ഒരിക്കൽ സ്വയം വ്യാപാര സ്ഥാപനം നടത്തി 'റാണി'യെപ്പോലെ ജീവിച്ചു; ഇപ്പോൾ കടക്കെണിയിലകപ്പെട്ട്, അർബുദ രോഗബാധിതയായി 'ശോഭ'കെട്ട ദുരിതജീവിതം നയിക്കുന്നു. ഷാർജ കുവൈത്ത് ആശുപത്രിക്കടുത്തെ വില്ലയിലെ കുടുസ്സുമുറിയിൽ താമസിക്കുന്ന മലയാളി വനിത പൊതുമാപ്പിലൂടെ നാട്ടിലേക്ക് പോകാൻ പോലും കഴിയാതെ കടുത്ത ആശങ്കയിലാണ്. വീസ കാലാവധി കഴിഞ്ഞതിനാൽ ധൈര്യത്തോടെ പുറത്തിറങ്ങാനോ, സ്തനാർബുദത്തിന് ചികിത്സ നേടാനോ കഴിയാതെ ഒതുങ്ങിയ ജീവിതം നയിക്കുന്നത് കൊല്ലം കൊട്ടാരക്കര സ്വദേശി ശോഭാറാണി(55).
വീസ കാലാവധി കഴിഞ്ഞ് നിയമലംഘകരായി യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ പദവി നിയമപരമാക്കാനും പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാനും ഗവൺമെന്റ് സെപ്റ്റംബർ ആദ്യം ആരംഭിച്ച പൊതുമാപ്പ് ഇൗ മാസം അവസാനിക്കാനിരിക്കെ, അതിന് മുൻപ് നാടണയാൻ സുമനുസ്സുകളുടെ സഹായം തേടുകയാണ് ഇവർ.
ആദ്യം കോവിഡ്19 ചതിച്ചു; പിന്നെ കെട്ടിട വാടക കേസുകളും
മികച്ച ജീവിതം തേടി 2007ൽ യുഎഇയിലെത്തിയ ശോഭാറാണി ഭർത്താവിൻ്റെ സഹായത്തോടെ ഷാർജ അബുഷഗാറയിൽ ബ്യൂട്ടി പാർലർ ആരംഭിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് പിന്നീട് ഒഴിവാക്കി 2012ൽ പുതിയ ഷോപ്പ് തുടങ്ങി. വൈകാതെ കടയോട് ചേർന്ന് കെട്ടിടയുടമ കെട്ടിട കാവൽക്കാരന് അനധികൃതമായി മുറി പണിതു. ജിപ്സം ബോർഡ് ഉപയോഗിച്ചായിരുന്നു നിർമാണം. അതുകൊണ്ട് തന്നെ ആ മുറിക്കകത്ത് ഇരുന്ന് ആളുകൾ സംസാരിക്കുന്ന ഒച്ചയും പാചകം ചെയ്യുമ്പോൾ അതിന്റെ മണവും ബ്യൂട്ടിപാർലറിലെത്തുമായിരുന്നു. ഒരിക്കൽ മുനിസിപാലിറ്റി പരിശോധനയിൽ ഇൗ മുറി കണ്ടെത്തുകയും അതിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ബ്യൂട്ടിപാർലർ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. ഇതേ തുടർന്ന് ആദ്യം പ്രവർത്തിച്ച കെട്ടിടത്തിന്റെ ഉടമ വാടക കുടിശ്ശികയുണ്ടെന്ന് പറഞ്ഞ് ശോഭാറാണിക്കെതിരെ കേസ് കൊടുത്തു. ഇതിനിടെ 2016 ല്‍ ഭർത്താവ് മരിച്ചതോടെ ഇവരെ സഹായിക്കാൻ ആരുമില്ലാതായി. ഏക മകൻ പ്ലസ് ടു വിദ്യാർഥിയായിരുന്നു.
കൂനിന്മേൽ കുരു എന്ന് പറയുംപോലെ ഇൗ സമയമാണ് കോവിഡ്19 വ്യാപകമാകുന്നത്. കട തുറക്കാനാകാതെ കുറേ നാൾ പിന്നിട്ടപ്പോൾ എല്ലാം താളംതെറ്റി. വൈകാതെ കട പൂട്ടുകയും ചെയ്തു. ഉണ്ടായിരുന്ന പണമെല്ലാം ഇൗ കടയുടെ ഇന്റീരിയർ ജോലികൾക്കായി ചെലവഴിച്ചിരുന്നു. ജോലി ചെയ്തിരുന്ന അഞ്ച് ജീവനക്കാരുടെ കാര്യവും അവതാളത്തിലായി. വാടക അടയ്ക്കാൻ സാധിക്കാതെ അതും കുടിശ്ശികയാവുകയും ഇൗ കെട്ടിടയുടമയും 30,000 ദിർഹത്തിന്റെ ചെക്ക് കേസ് ഫയൽ ചെയ്യുകയുമുണ്ടായി. ഇതോടെ ജീവിതം തീർത്തും പ്രതിസന്ധിയിലായി. ആകെ 80,000 ദിർഹത്തിൻ്റെ രണ്ട് ചെക്കു കേസുകളാണ് ശോഭാറാണിക്കെതിരെയുള്ളത്. കൂടാതെ, വീസ കാലാവധി കഴിഞ്ഞതിനാൽ വൻതുക പിഴയും അടയ്ക്കാനുണ്ട്.
സ്തനാർബുദത്തിന് ചികിത്സിക്കാൻ വഴിയില്ല
അഞ്ച് മാസം മുൻപാണ് സ്തനാർബുദം കണ്ടെത്തിയത്. എന്നാൽ, വീസയോ മറ്റു താമസ രേഖകളോ ഇല്ലാത്തതിനാൽ ആശുപത്രിയിൽ ചികിത്സ നേടാനും കഴിയുന്നില്ല. ചികിത്സ വൈകിയാൽ ജീവൻ തന്നെ അപകടത്തിലാകുമെന്നതിനാൽ ഇവർ കടുത്ത ആശങ്കയിലാണ്.
ചില സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയാണ് ഇപ്പോൾ ഒാരോ ദിവസവും പുലരുന്നത്. എത്രയും പെട്ടെന്ന് നാട്ടില്‍ ചെന്ന് സ്തനാർബുദത്തിന് ചികിത്സ തേടണം–നിരാലംബയായ ഇൗ വീട്ടമ്മ കണ്ണീരടക്കാനാകാതെ പറയുന്നു. പൊതുമാപ്പ് നേടാനായി കഴിഞ്ഞ ദിവസം അവീർ കേന്ദ്രത്തിൽ ചെന്നെങ്കിലും കേസുകളുള്ളതിനാൽ അതിന് കഴിയാതെ നിരാശയായി മടങ്ങേണ്ടി വന്നു. കെട്ടിടയുടമകളുമായി സംസാരിച്ച് വാടക കുറയ്ക്കാൻ സഹായിക്കാൻ ആരുമില്ല. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നിന്നും സാമൂഹിക പ്രവർത്തകരിൽ നിന്നും സഹായം കാത്തിരിക്കുകയാണിവർ. ഫോൺ:+971 50 172 9497(ശോഭാറാണി).