വെളിച്ചം മനുഷ്യനെ കാർന്നു തിന്നുന്നു; കത്തി ജ്വലിക്കുന്ന വിളക്കുകൾ പൊണ്ണത്തടിക്ക് കാരണമാകുന്നു, മതിയായി വെളിച്ചവും
വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദമെന്ന് അക്കിത്തം പാടിയതിന് ഇക്കാലം അടിവരയിടുകയാണ്.
വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദമെന്ന് അക്കിത്തം പാടിയതിന് ഇക്കാലം അടിവരയിടുകയാണ്.
വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദമെന്ന് അക്കിത്തം പാടിയതിന് ഇക്കാലം അടിവരയിടുകയാണ്.
വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദമെന്ന് അക്കിത്തം പാടിയതിന് ഇക്കാലം അടിവരയിടുകയാണ്. വെളിച്ചം ഇങ്ങനെ രാവെന്നോ പകലെന്നോ ഇല്ലാതെ മിന്നിത്തിളങ്ങി നിൽക്കുന്നതിന്റെ ദോഷങ്ങളാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ദോഷം. ഇരുളിൽ ഒരിത്തിരി കൈത്തിരി നാളം തേടിയിരുന്ന മനുഷ്യൻ ഇന്ന് വെളിച്ചത്തിൽ അൽപം ഇരുൾ തേടി അലയുകയാണ്. മനുഷ്യർ മാത്രമല്ല, സകല ചരാചരങ്ങളും.
വെള്ളവും വായുവും അന്തരീക്ഷവും മാലിന്യ ഭീഷണി നേരിടുന്നതിനിടെ പുതിയതായി ഉയർന്നുവരുന്ന മാലിന്യമാണ് വെളിച്ചം. ലൈറ്റ് പൊലൂഷൻ എന്നു ലോകം വിളിക്കുന്ന പുതിയ വിപത്തിന് ഇന്ന് വലിയ വില നൽകേണ്ടി വരുന്നു എന്നതാണ് വിചിത്രം.
ഇടവഴിയിൽ വഴിവിളിക്ക് സ്ഥാപിച്ച പഞ്ചായത്ത് അംഗത്തിന് അഭിവാദ്യം അർപ്പിച്ച് നാട്ടിൽ ഫ്ലെക്സുകൾ പൊന്തുന്ന കാലമാണ്. എന്നാൽ, ഇങ്ങനെ അധിക കാലം നമുക്കു മുന്നോട്ടു പോകാൻ കഴിയില്ലത്രേ! കൃത്രിമ സൂര്യനെയും ചന്ദ്രനെയും നിർമിച്ചു രാവുകൾ ഇല്ലാതാക്കാൻ ചൈനയിൽ പരീക്ഷണങ്ങൾ നടക്കുന്നതും പേടിയോടെയാണ് ലോകം കാണുന്നത്.
ഒരു പകലിന് ഒരു രാവ് നിർബന്ധമാണ്. അതില്ലാതെ പോയാൽ മാനവരാശിയും പ്രകൃതി മൊത്തമായും കടുത്ത നിലനിൽപ്പു ഭീഷണി നേരിടും. ഇരുട്ടകറ്റാൻ മനുഷ്യൻ നടത്തുന്ന പ്രയത്നങ്ങളെല്ലാം ബൂമറാങ്ങായി തിരിച്ചടിക്കുകയാണെന്ന് ശാസ്ത്ര ലോകം പറയുന്നു. രാത്രികളെ പകലാക്കുന്ന തെരുവു വിളക്കുകൾ മനുഷ്യന്റെ കാഴ്ച ശക്തിയെയാണ് ആദ്യം വെല്ലുവിളിക്കുന്നത്. രാത്രിയിൽ ആകാശം നിറയെ പൂത്തുലയുന്ന നക്ഷത്രങ്ങൾ ഇപ്പോൾ മനുഷ്യർക്കു കാണാൻ കഴിയാതെയായി. നക്ഷത്രങ്ങൾ കാണണമെങ്കിൽ ഇരുൾ തേടി അലയേണ്ട സ്ഥിതിയായി.
കത്തി ജ്വലിക്കുന്ന ഈ വിളക്കുകൾ നിങ്ങളുടെ പൊണ്ണത്തടിക്ക് കാരണമാകുമെന്നു പറഞ്ഞാൽ വിശ്വസിക്കുമോ. വെളിച്ചം, നിങ്ങളെ ഉറക്കമില്ലായ്മയിലേക്കും വിഷാദത്തിലേക്കും തള്ളിവിടുമെന്നു പറഞ്ഞാലോ? എന്തിന് പ്രമേഹവും ഹൃദ്രോഗവും കാൻസറും വരെ വെളിച്ച മാലിന്യത്തിന്റെ ഉപ ഉൽപ്പന്നങ്ങളായി മനുഷ്യശരീരത്തിലെത്താമെന്ന് വൈദ്യ ശാസ്ത്രം പറയുന്നു.
രാത്രി സഞ്ചാരികളായ അനേകായിരം ഷഡ്പദങ്ങളെ ഈ വെളിച്ചം ഇല്ലാതാക്കിയത്രേ! ദേശാടനക്കിളികളെയും രാത്രി പുറത്തിറങ്ങുന്ന മൃഗങ്ങളെയുമൊക്കെ ഈ വെളിച്ചം നശിപ്പിച്ചു തുടങ്ങി. യൂറോപ്പിലും അമേരിക്കയിലും 99% ജനങ്ങളും വെളിച്ച മാലിന്യത്തിലാണ് ജീവിക്കുന്നതെന്നു പഠനങ്ങൾ പറയുന്നു. അവിടെ ജനങ്ങൾ രാത്രിയിൽ പ്രകൃതി നൽകുന്ന വെളിച്ചം അനുഭവിക്കുന്നില്ല. പക്ഷികളും മൃഗങ്ങളും ചെടികളും മരങ്ങളുമൊക്കെ ഇരുളിനെയും വെളിച്ചത്തെയും ആശ്രയിച്ചു കഴിയുന്നവരാണ്. അവരുടെ ഇരതേടലും പ്രജനനവും ഉറക്കവും സുരക്ഷയുമൊക്കെ ഇരുളിനെയും വെളിച്ചത്തെയും ആശ്രയിച്ചിരിക്കുന്നു. ആ സന്തുലിതാസ്ഥയിലേക്കാണ് മനുഷ്യൻ ബൾബുകൾ കത്തിച്ചു പിടിക്കുന്നത്.
ഇരുട്ടുതേടി മരുഭൂമിയിലേക്ക്
എന്തിനേറെ, വെളിച്ചം മടുത്തു തുടങ്ങിയ നമ്മൾ ഇരുൾ തേടി പോകാൻ തുടങ്ങിയില്ലേ? രാത്രി ഷാർജയിലെ മലീഹ മരുഭൂമിയിലേക്കു പോകുന്ന എത്രയോ ആളുകളുണ്ട്. നഗരത്തിനു വെളിയിൽ മരുഭൂമിയുടെ ഇരുൾ തേടി പോകുന്നവർ. അവിടെ അവർ ആകാശത്തേക്കു നോക്കി കണ്ണഞ്ചുന്നതു കാണാം. കാരണം, ഈ വെളിച്ച പ്രളയത്തിൽ കണ്ണിനു കാണാൻ കഴിയാതെ പോയ കോടാനുകോടി നക്ഷത്രങ്ങളെയാണ് ഇരുൾ നിറഞ്ഞ മരുഭൂമിയിൽ അവർ കാണുന്നത്.
ആകാശം നിറയെ വിളക്കിട്ടപോലെ നക്ഷത്രങ്ങൾ. അതിനു താഴെ എണ്ണിയാൽ ഒടുങ്ങാത്തത്ര വിമാനങ്ങൾ. ആകാശം ഇത്ര തിരക്കു പിടിച്ചതാണെന്ന് ഇവിടെ എത്തുമ്പോഴാണ് മനസിലാവുക. നക്ഷത്രങ്ങളേക്കാൾ അധികമുണ്ട് വിമാനത്തിന്റെ വെളിച്ചം. ഉൽക്ക മഴ കാണണമെങ്കിലും ഇത്തരം ഇരുൾ പ്രദേശങ്ങളിലേക്കു പോകണം.
വെളിച്ചം മനുഷ്യനെ കാർന്നു തിന്നുതുടങ്ങുമ്പോൾ അന്ധകാരം മനുഷ്യന്റെ ആവശ്യമായി മാറിയിരിക്കുന്നു. ഇരുൾ സംരക്ഷണ യഞ്ജങ്ങളുടെ കാലമാണിനി വരാൻ പോകുന്നത്. ഇരുളില്ലെങ്കിൽ ഈ വെളിച്ചം എന്നന്നേക്കുമായി കെട്ടു പോയേക്കാം.