സന്ദർശക വീസയിലെ ‘റസിഡൻസ്’ കുരുക്ക്; ജോലി കിട്ടാതെ മടക്കം, ബഹ്റൈനിലേക്ക് ടിക്കറ്റ് എടുക്കും മുൻപ് അറിയണം ഇക്കാര്യങ്ങൾ
സന്ദർശക വീസയിൽ എത്തിയവർക്ക് ജോലി മാറ്റം അസാധ്യമായത് തൊഴിൽ അന്വേഷകർക്ക് വലിയ തിരിച്ചടിയായി.
സന്ദർശക വീസയിൽ എത്തിയവർക്ക് ജോലി മാറ്റം അസാധ്യമായത് തൊഴിൽ അന്വേഷകർക്ക് വലിയ തിരിച്ചടിയായി.
സന്ദർശക വീസയിൽ എത്തിയവർക്ക് ജോലി മാറ്റം അസാധ്യമായത് തൊഴിൽ അന്വേഷകർക്ക് വലിയ തിരിച്ചടിയായി.
മനാമ ∙ സന്ദർശക വീസയിൽ എത്തിയവർക്ക് ജോലി മാറ്റം അസാധ്യമായത് തൊഴിൽ അന്വേഷകർക്ക് വലിയ തിരിച്ചടിയായി. രാജ്യത്തെ സ്വകാര്യ കമ്പനികളിൽ പലതിലും ഒഴിവുകൾ ഉണ്ടെങ്കിലും പുതിയ നിയമം അനുസരിച്ച് സന്ദർശക വീസയിൽ എത്തിയവർക്ക് റസിഡൻസ് പെർമിറ്റിലേക്ക് മാറാൻ സാധിക്കില്ല. അത് കൊണ്ട് തന്നെ കമ്പനികൾ തൊഴിൽ റിക്രൂട്ട്മെന്‍റുകൾ നാട്ടിലുള്ള ഏജൻസികളെ ഏൽപ്പിക്കുകയാണ്. എങ്കിലും സന്ദർശക വീസയിൽ എത്തുന്ന തൊഴിലന്വേഷകർക്ക് ഒരു പഞ്ഞവുമില്ല.
ബഹ്‌റൈനിലെ ഇന്ത്യക്കാരുടെ പല കൂട്ടായ്മയുടെയും വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഉന്നത വിദ്യാഭ്യാസമുള്ളവരുടെ ബയോഡാറ്റകൾ പലതും ഫോർവേഡ് ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. തങ്ങൾ പഠിച്ച മേഖലയിൽ അല്ലെങ്കിൽ പോലും ഏതു തൊഴിലെടുക്കാനും സന്നദ്ധരായിട്ടാണ് പലരും അവരുടെ ബയോഡാറ്റകൾ അയക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് ഏതെങ്കിലും കമ്പനികളിൽ ഉദ്യോഗാർഥിയുടെ ഒഴിവ് വരികയാണെങ്കിൽ ആ ഒഴിവിൽ സ്വദേശികളെ പരിഗണിക്കുകയും യോഗ്യരായവരെ ലഭിച്ചില്ലെങ്കിൽ മാത്രമേ മറ്റു രാജ്യക്കാരെ എടുക്കാവൂ എന്നാണ് നിയമം.
ഒഴിവുകൾ വരുന്ന മുറയ്ക്ക് ഇക്കാര്യം കാണിച്ച് ബഹ്റൈനിലേ ഇംഗ്ലിഷ് പത്രങ്ങളിൽ പരസ്യം ചെയ്യുകയും വേണമെന്നത് നിർബന്ധമാണ്. പുതിയ ഉദ്യോഗാർഥികൾക്ക് മെഡിക്കൽ ടെസ്റ്റും നിർബന്ധമാണ്. ക്രേരളത്തിൽ അടക്കമുള്ള വിവിധ ജില്ലകളിലെ ആശുപത്രികളെയും ഇക്കാര്യത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. മുൻപ് രാജ്യത്തെ ഏതെങ്കിലും കമ്പനികളിൽ ജോലി ചെയ്തവർക്ക് മൊബിലിറ്റി സംവിധാനത്തിൽ പുതിയ കമ്പനികളിലേക്ക് മാറുന്നതിന് നിയമ തടസ്സങ്ങൾ ഒന്നും ഇല്ല.
∙ പൊറോട്ട മേക്കർമാർക്കും പാചകവിദഗ്ധർക്കും വൻ ഡിമാൻഡ്
അവിദഗ്ധ തൊഴിൽ മേഖലയിൽ നിരവധി അവസരങ്ങളാണ് ദിവസേന വന്നു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഭക്ഷണ വിതരണ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് നിരവധി തൊഴിൽ അവസരങ്ങളാണുള്ളത്. പൊറോട്ട മേക്കർമാർ,എണ്ണപ്പലഹാരങ്ങൾ ഉണ്ടാക്കുന്നവർ തുടങ്ങിയ മേഖലകളിലാണ് വലിയ ആവശ്യക്കാർ ഉള്ളത്. കൂണുകൾ പോലെ പൊങ്ങി വരുന്ന തട്ടുകടകൾ തന്നെയാണ് ഇതിന് പ്രധാന കാരണം.
പുതിയ തലമുറയ്ക്ക് ഏറെ ഇഷ്ടപ്പെട്ട തട്ടുകട സംസ്കാരം വിപുലമായതോടെ ഈ രംഗത്തെ തൊഴിലാളികൾക്ക് ഡിമാൻഡും വർധിച്ചു. ഫുഡ് വ്‌ളോഗർമാരുടെ നിരന്തരമായ പ്രമോഷനും ഇത്തരം കടകൾക്ക് ലഭിച്ചതോടെ വ്‌ളോഗർമാർക്കും ഇത് മികച്ച അവസരമായി. സോഷ്യൽ മീഡിയകളിൽ സജീവമായ ജോലിയുള്ള പലരും ഒഴിവു സമയങ്ങളിൽ ഇപ്പോൾ ഈ മേഖലയിലും സജീവമാണ്. ജോലി ലഭിക്കാൻ പ്രയാസമായതോടെ അഭ്യസ്ത വിദ്യരായ നിരവധി ചെറുപ്പക്കാർ ഇപ്പോൾ വ്‌ളോഗർമാരായി തന്നെ തങ്ങളുടെ 'ജോലി ' തിരഞ്ഞെടുത്തിട്ടുണ്ട്