ഉരുൾപ്പൊട്ടലിന്‍റെ പൊള്ളുന്ന ഓർമകളിൽ ആശ്വാസം പുസ്തകങ്ങൾ;യുഎഇയിൽ താമസിക്കാൻ ആഗ്രഹം: കേരളത്തിന്റെ പുത്രി ശ്രുതി പറയുന്നു
പൊള്ളുന്ന അനുഭവങ്ങളുടെ ഓർമകൾ മനസ്സിൽ നിന്ന് മായ്ച്ചുകളയാൻ പുസ്തകങ്ങൾ കൂട്ടാകുന്നുവെന്ന് ശ്രുതി.
പൊള്ളുന്ന അനുഭവങ്ങളുടെ ഓർമകൾ മനസ്സിൽ നിന്ന് മായ്ച്ചുകളയാൻ പുസ്തകങ്ങൾ കൂട്ടാകുന്നുവെന്ന് ശ്രുതി.
പൊള്ളുന്ന അനുഭവങ്ങളുടെ ഓർമകൾ മനസ്സിൽ നിന്ന് മായ്ച്ചുകളയാൻ പുസ്തകങ്ങൾ കൂട്ടാകുന്നുവെന്ന് ശ്രുതി.
ഷാർജ ∙ പൊള്ളുന്ന അനുഭവങ്ങളുടെ ഓർമകൾ മനസ്സിൽ നിന്ന് മായ്ച്ചുകളയാൻ പുസ്തകങ്ങൾ കൂട്ടാകുന്നുവെന്ന് ശ്രുതി. വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുൾപ്പൊട്ടലിന്‍റെ നടുക്കുന്ന ഓർമകളും പിന്നീടുണ്ടായ വാഹനാപകടത്തിന്‍റെ തീരാവേദനകളും ആശുപത്രിക്കിടക്കയിലും തുടർന്ന് വീട്ടിലും പുസ്തകവായനയിലൂടെയാണ് ഈ 24 വയസ്സുകാരി മറികടക്കാൻ ശ്രമിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ നന്നായി വായിക്കുമായിരുന്നുവെങ്കിലും പിന്നീട് വായന മുറിഞ്ഞുപോയിരുന്നു.
നോവലാണോ കഥയാണോ അനുഭവക്കുറിപ്പാണോ എന്നൊന്നും നോക്കാതെ കയ്യിൽ കിട്ടിയ എല്ലാ പുസ്തകവും വായിച്ചുതീർത്തു. ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയിലെത്തിയപ്പോൾ വായനയുടെയും എഴുത്തിന്‍റെയും പ്രാധാന്യം കൂടുതൽ ബോധ്യമായി. ഏറെ കേട്ടിട്ടുള്ള പുസ്തകമേള സന്ദർശിക്കാനായത് വലിയ സന്തോഷം തരുന്നുവെന്നും ശ്രുതി മനോരമ ഓൺലൈനിനോട് പറഞ്ഞു.
വാഹനാപകടത്തിന് ശേഷം ചികിത്സ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്തെങ്കിലും ഇപ്പോൾ ഊന്നുവടിയുപയോഗിച്ചാണ് നടക്കുന്നത്. എല്ലാം നഷ്ടപ്പെട്ട ശേഷം കൽപറ്റയിൽ വാടകവീട്ടിൽ ബന്ധുക്കളോടൊപ്പമാണ് താമസം. ഫിലോക്കാലിയ ഫൗണ്ടേഷൻ കൽപറ്റയിൽ വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. നിർമാണം പൂർത്തിയാകാൻ 120 ദിവസമാണ് ആവശ്യപ്പെട്ടത്. കൂടാതെ, വാഗ്ദാനം ചെയ്ത സർക്കാർ ജോലിക്ക് വേണ്ടി കാത്തിരിക്കുന്നു. ഇതിനായി വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
നിലവിൽ ബത്തേരി സെന്‍റ് മേരീസ് കോളജിൽ ഇംഗ്ലിഷ് ലിറ്ററേച്ചറിന് പഠിക്കുകയാണ്. ഒരു വർഷം കൂടി കഴിഞ്ഞാല്‍ പഠനം പൂർത്തിയാകും. യുഎഇയിൽ ജീവിക്കാനും ശ്രുതി ആഗ്രഹിക്കുന്നുണ്ട്. ഏതായാലും പഠനം പൂർത്തിയായാൽ ബാക്കി കാര്യങ്ങൾ തീരുമാനിക്കും. യുഎഇയിലെ സാമൂഹിക പ്രവർത്തകയും അൽ ഐനിൽ അബുദാ ഹെൽത്ത് അതോറിറ്റി ക്ലിനിക്കൽ ഓഡിയോളജിസ്റ്റുമായ താഹിറ കല്ലുമുറിക്കലാണ് ശ്രുതിയെ യുഎഇയിലേയ്ക്ക് കൊണ്ടുവന്നത്. ദുരന്തങ്ങൾക്ക് ശേഷം മാനസികമായി തളർന്ന ശ്രുതിയ ജീവിതത്തിലേക്ക് കൈ പിടിച്ചുകൊണ്ടുവരികയാണ് തന്‍റെ ലക്ഷ്യമെന്നും അതുകൊണ്ടാണ് പുസ്തകങ്ങളുടെ ഉത്സവത്തിലേക്ക് കുഞ്ഞനുജത്തിയെ കൂട്ടിക്കൊണ്ടുവന്നതെന്നും താഹിറ പറഞ്ഞു.
നേരത്തെ തന്നെ ഗൾഫ് യാത്രയ്ക്കായി പാസ്പോർട്ട് എടുത്തുവച്ചിരുന്നു. പതിവായി പുസ്തകമേളയിൽ പങ്കെടുക്കാറുള്ള, എഴുത്തുകാരി കൂടിയായ താഹിറ ഇത് അനുയോജ്യമായ സമയമാണെന്ന് കരുതി പെട്ടെന്ന് തന്നെ ശ്രുതിയെ കൊണ്ടുവരികയായിരുന്നു. ഭാവിയിൽ തന്‍റെ അനുഭവങ്ങൾ പുസ്തകരൂപത്തിലെഴുതണമെന്നും ശ്രുതിക്ക് ആഗ്രഹമുണ്ട്. ഉരുൾപ്പൊട്ടൽ ദുരത്തിൽ ബന്ധുക്കളെയും പിന്നീട വാഹനാപകടത്തിൽ പ്രതിശ്രുതവരനേയും ശ്രുതിക്ക് നഷ്ടപ്പെട്ടു. ഈ പെൺകുട്ടിക്ക് താണ്ടാൻ ഒട്ടേറെ ജീവിത പാതകൾ ഇനിയും ബാക്കി; ശക്തമായി ചുവടുകൾ വയ്പുകളോടെ ലക്ഷ്യത്തിലെത്താൻ താങ്ങായി പ്രവാസലോകവും കൂട്ടുണ്ട്.