7 എമിറേറ്റുകൾ, 625 കിലോമീറ്റര്‍; മലയാളി ജിം പരിശീലകന്റെ ‘അഭിമാന ഓട്ട’ത്തിന് സ്നേഹതണലായി പ്രവാസ ലോകം
പ്രവാസ നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നത് ഓരോ പ്രവാസിയും മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമാണ്.
പ്രവാസ നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നത് ഓരോ പ്രവാസിയും മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമാണ്.
പ്രവാസ നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നത് ഓരോ പ്രവാസിയും മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമാണ്.
ദുബായ് ∙ പ്രവാസ നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നത് ഓരോ പ്രവാസിയും മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമാണ്. ആ ലക്ഷ്യം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഈ മലയാളി യുവാവ്. മലയാളികളടക്കം ലോകത്തെ വിവിധ രാജ്യക്കാർക്ക് അഭയം നൽകുന്ന യുഎഇയുടെ 53–ാം ദേശീയദിനത്തോടനുബന്ധിച്ച് പവിത്രമായ ഈ മണ്ണിലൂടെ ഓടിയാണ് കണ്ണൂർ സ്വദേശി നിഗേഷ് കോട്ടൂർപടിക്കൽ ഈ രാജ്യത്തിന് തന്‍റെ ആദരവ് നൽകിയിരിക്കുന്നത്. ഈ ഓട്ടം ഭേദിച്ചത് ഇതിന് മുൻപ് ഇതുപോലെ ഏഴ് എമിറേറ്റുകളും ഓടി വിജയകരമായി പൂർത്തിയാക്കിയ ഇംഗ്ലണ്ട് സ്വദേശിയുടെ റെക്കോർഡ്.
∙ മനസ്സിൽ നിറഞ്ഞോടിയ ആഗ്രഹം; ഒടുവിൽ റെക്കോർഡോടെ പരിസമാപ്തി
കഴിഞ്ഞ 7 വർഷമായി യുഎഇയിൽ ഫ്രീലാൻസ് ജിം പരിശീലകനായി ജോലി ചെയ്യുന്ന നിഗേഷിന്‍റെയുള്ളിൽ ഏറെ കാലമായി നിറഞ്ഞോടുന്ന ആഗ്രഹമായിരുന്നു ഈ രാജ്യത്തിന് വേണ്ടി വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നത്. ദുബായിലെ ബാങ്കിൽ ജോലി ചെയ്യുന്ന ഭാര്യ മുംബൈ സ്വദേശി സബ്രീനയുടെ പിന്തുണ കൂടിയായപ്പോൾ അതിന് ആവേശം കൂടി. ഒടുവില്‍ തന്‍റെ ഉദ്യമത്തിന് ഈ 38വയസ്സുകാരൻ ഒരു രൂപം നൽകി–യുഎഇയുടെ ഏഴ് എമിറേറ്റുകളും ഓടിത്തീർക്കുക. 625 കിലോ മീറ്റര്‍ വെറും നാല് ദിവസംകൊണ്ട്!.
നവംബർ 23ന് വൈകിട്ട് ആറിന് യുഎഇ–സൗദി അതിർത്തിയായ അൽ ബത്തയിൽ നിന്നായിരുന്നു നിഗേഷ് തന്‍റെ ജൈത്രയാത്ര ആരംഭിച്ചത്. ഇവിടെ നിന്ന് ദുബായിലെ മോഷൻ ഗെയ്റ്റിലേയ്ക്കുള്ള 400 കിലോ മീറ്റർ ഓട്ടമായിരുന്നു ഈ ഉദ്യമത്തിലെ ഏറ്റവും ദൈർഘ്യമേറിയത്. തുടർന്ന് ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ ദിബ്ബ എന്നിങ്ങനെയായിരുന്നു ലക്ഷ്യം.
∙ ഏഴ് എമിറേറ്റുകൾ; ഏഴ് ദിവസം: ലക്ഷ്യം ഗിന്നസ്
2023 ല്‍ ദുബായിലെ കേരള റൈഡേഴ്സ് ക്ലബിൽ അംഗമായതോടെയാണ് ഇത്തരത്തിലുള്ള ലക്ഷ്യങ്ങൾ നിഗേഷിന്‍റെ മനസ്സിൽ ട്രാക്ക് ഒരുക്കിയത്. ക്ലബിന്‍റെ കീഴിൽ പല മാരത്തണുകളിലും പങ്കെടുത്തു. പക്ഷേ, എന്നിട്ടും ഒരു തൃപ്തിക്കുറവ് അനുഭവപ്പെട്ടു. അങ്ങനെ ഭാര്യയുമായും കൂട്ടുകാരുമായുമൊക്കെ ഏറെ ആലോചനകൾ നടത്തി. ഏഴ് എമിറേറ്റ്സ് 7 ദിവസം കൊണ്ട് ഓടിത്തീർക്കുക എന്ന ഉദ്ദേശ്യമായിരുന്നു ആദ്യം. പിന്നീടത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തപ്പെടുകയായിരുന്നുവെന്ന് നിഗേഷ് മനോരമ ഓൺലൈനിനോട് പറഞ്ഞു.
5 ദിവസം, 22 മണിക്കൂർ, 57 മിനിറ്റ്–ഇതായിരുന്നു യുഎഇയിൽ പ്രവാസിയായ ഇംഗ്ലണ്ട് സ്വദേശി സീൻ ബർഗസിന്‍റെ 2021ലെ റെക്കോർഡ്. ഇത് 5 ദിവസം, 15 മണിക്കൂർ, 53 മിനിറ്റ് കൊണ്ട് ഓടിത്തീർത്തു നിഗേഷ് ചരിത്രം സൃഷ്ടിച്ചു. നാല് ദിവസം 22 മണിക്കൂർ കൊണ്ട് ഓടിത്തീർക്കാനായിരുന്നു പദ്ധതി. പക്ഷേ, യാത്രയുടെ മൂന്നാം ദിവസം കാലിന് പരുക്കേറ്റതു കാരണം അഞ്ച് ദിവസത്തിലേയ്ക്ക് നീണ്ടതാണ്. 30 കിലോ മീറ്ററോളം ഷൂസ് പോലുമില്ലാതെയായിരുന്നു ഓടിയത്. അബുദാബി–ദുബായ് യാത്ര 3 ദിവസം കൊണ്ടും മറ്റു അഞ്ച് എമിറേറ്റുകളും 2 ദിവസം കൊണ്ടുമാണ് ഓടിത്തീർത്തത്.
∙ വെറുതെയല്ല ഭാര്യ
നിഗേഷിന്‍റെ ഭാര്യ സബ്രീനയായിരുന്നു ആദ്യ ദിവസം മുതൽ എല്ലാ കാര്യത്തിനും കൂടെ നിന്നത്. തുടക്കം മുതൽ ദുബായ് വരെ മൂന്ന് ദിവസം അവർ ഭക്ഷണം പോലും കൃത്യ സമയത്ത് കഴിക്കാതെ, ഉറക്കമിളച്ച് നിഗേഷിന്‍റെ പിന്നാലെ വാഹനത്തിൽ സഞ്ചരിച്ചു. സബ്രീന അവശയായതോടെ ദുബായ് ട്രയൽ റണ്ണേഴ്സ് ബിഎസ്പി, കേരള റൈഡേഴ്സ് പീക്ക് സ്പോർട്സ് എന്നീ കൂട്ടായ്മകളിലെ അംഗങ്ങൾ കൂടെ ചേർത്ത് നിർത്തി പിന്തുണച്ചു. രാത്രി തീരെ വയ്യാതാകുമ്പോൾ വാഹനത്തിൽ റോഡരികിൽ കിടന്നുറങ്ങി. പുലര്‍ച്ചെ വീണ്ടും ഓട്ടം. ഒരു വാട്സാപ്പ് കൂട്ടായ്മയുണ്ടാക്കി ഓരോ പോയിൻ്റിലും നട്ടുച്ചയാണെന്നോ പാതിരാത്രിയാണെന്നോ നോക്കാതെ സഹായത്തിന് ആളുകൾ നിലയുറപ്പിച്ചു.
കാലിന് പരുക്കുള്ളതിനാൽ ഇടയ്ക്ക് ഓട്ടം അതികഠിനമായി അനുഭവപ്പെട്ടു. പക്ഷേ, ലക്ഷ്യത്തിന് മുന്നിൽ ആ വേദനകളെല്ലാം മറന്നു. ഫുജൈറ ദിബ്ബയിലേയ്ക്കുള്ള യാത്രയിൽ കയറ്റിറക്കങ്ങളിലൂടെ കുതിച്ചു. ഒടുവിൽ ഫിനിഷിങ് പോയിൻ്റിലെത്താറായപ്പോൾ എല്ലാ ശക്തിയുമുപയോഗിച്ച് മുന്നോട്ട് ചലിച്ചു. നേരത്തെ ജംപിങ് സ്കോട്ടിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടംപിടിച്ചിട്ടുള്ള നിഗേഷ് എഴ് എമിറേറ്റുകളിലെ ഈ ചരിത്ര നേട്ടത്തിലൂടെ ഗിന്നസ് ബുക്ക് ഓഫ് ലോക റെക്കോർഡ്സിൽ ഇടം പിടിക്കുന്നതിനായി കാത്തിരിക്കുകയാണ്. ഇതിനായുള്ള കടലാസു പണികൾ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, ഇതിനായി വലിയൊരു തുക അടയ്ക്കേണ്ടതുണ്ട്. പിന്തുണയ്ക്ക് സ്പോൺസർമാരെ കണ്ടെത്താനാകാത്തതിനാൽ ചെറിയൊരു ആശങ്കയുമുണ്ട്. നിഗേഷിന്‍റെ ഫോൺ:+971 52 546 7678.