ബഹ്റൈനിൽ അരങ്ങേറാൻ ഒരുങ്ങി ‘മഹാസാഗരം’; വേദനയായി പ്രശാന്ത് നാരായണൻ
പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന പ്രശാന്ത് നാരായണൻ രംഗഭാഷ്യം നൽകിയ നാടകം മഹാസാഗരം ബഹ്റൈനിൽ അവതരണത്തിനായി ഒരുങ്ങി.
പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന പ്രശാന്ത് നാരായണൻ രംഗഭാഷ്യം നൽകിയ നാടകം മഹാസാഗരം ബഹ്റൈനിൽ അവതരണത്തിനായി ഒരുങ്ങി.
പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന പ്രശാന്ത് നാരായണൻ രംഗഭാഷ്യം നൽകിയ നാടകം മഹാസാഗരം ബഹ്റൈനിൽ അവതരണത്തിനായി ഒരുങ്ങി.
മനാമ ∙ പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന പ്രശാന്ത് നാരായണൻ രംഗഭാഷ്യം നൽകിയ നാടകം മഹാസാഗരം ബഹ്റൈനിൽ അവതരണത്തിനായി ഒരുങ്ങി. ബഹ്റൈൻ പ്രതിഭയുടെ നാൽപതാം വാർഷികം പ്രമാണിച്ച് ഡിസംബർ 13ന് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ചാണ് നാടകം അരങ്ങേറുക.
പ്രശാന്തിന്‍റെ നിരവധി നാടക ക്യാംപുകളിൽ പരിശീലനം നേടിയ വിനോദ് വി. ദേവന്‍റെ നേതൃത്വത്തിൽ ബഹ്റൈനിൽ നിന്നുള്ള ഏതാനും കലാകാരന്മാരാണ് മഹാസാഗരം ഒരുക്കാൻ തയാറെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം മനോരമ ചാനൽ കൊച്ചിയിൽ നടത്തിയ എം.ടിയുടെ നവതി വന്ദനം പരിപാടിയിൽ എം.ടിയുടെ നിർദ്ദേശപ്രകാരം അവതരിപ്പിച്ച മഹാസാഗരത്തിൽ, പ്രശാന്ത് നാരായണന്‍റെ ശിക്ഷണത്തിൽ, ഭ്രാന്തൻ വേലായുധനും കുഞ്ഞരക്കാരുമൊക്കെയായി പല വേഷങ്ങളിൽ എം.ടിയുടെയും മോഹൻലാൽ, മമ്മൂട്ടി, അടൂർ ഗോപാലകൃഷ്ണൻ, കമൽഹാസൻ, ശോഭന തുടങ്ങിയ നിരവധി പ്രഗത്ഭരുടെ മുന്നിൽ വിനോദ് വി. ദേവൻ അഭിനയിക്കുകയും ചെയ്തിരുന്നു. ബഹ്റൈനിൽ മഹാസാഗരം അവതരിപ്പിക്കണമെന്ന പദ്ധതിയുമായി മുന്നോട്ട് പോകുമ്പോഴാണ് പ്രശാന്ത് നാരായണൻ അകാലത്തിൽ വിട്ടുപോയത്.
∙ പ്രളയം വിഴുങ്ങിയ 'മഹാസാഗരം' പ്രശാന്ത് ഇല്ലാതെ
ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ 2018ൽ പ്രശാന്ത് നാരായണന്‍റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിന്ന നാടക ക്യാംപ് സംഘടിപ്പിക്കുകയുണ്ടായി. ക്യാംപിന്‍റെ സമാപനത്തോടനുബന്ധിച്ച് ക്യാംപ് അംഗങ്ങളെക്കൊണ്ട് തന്നെ അഭിനയിപ്പിച്ച് മഹാസാഗരം ഒരുക്കാനുള്ള പരിശീലനവും അന്ന് ആരംഭിച്ചിരുന്നു. രംഗസജ്ജീകരണം അടക്കമുള്ള തയാറെടുപ്പുകൾ നടത്തിയപ്പോഴേക്കും കേരളം പ്രളയത്തിന്‍റെ പിടിയിലമരുകയായിരുന്നു. അതോടെ വിദേശങ്ങളിൽ അടക്കമുള്ള സാംസ്കാരിക പരിപാടികൾ നിർത്തിയ കൂട്ടത്തിൽ മഹാസാഗരത്തിനായി നടത്തിയ ഒരുക്കങ്ങൾ വേണ്ടെന്ന് വയ്ക്കുകയും അംഗങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കുകയും ചെയ്തു.
പ്രശാന്ത് നാരായണന്‍റെ നാടകത്തട്ടകമായ 'കള'ത്തിലേക്ക് ബഹ്റൈനിൽ നിന്നുള്ള ദുരിതാശ്വാസ സാമഗ്രികൾ അയയ്ക്കുകയും അവിടെ വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം കൂടി പ്രശാന്തും തിരുവനന്തപുരത്തെ സഹപ്രവർത്തകരും ഏറ്റെടുക്കുകയും ചെയ്തിരുന്നു. പ്രളയം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം മഹാസാഗരം പ്രശാന്തിന്‍റെ നേതൃത്വത്തിൽ തന്നെ വീണ്ടും അരങ്ങിലെത്തിക്കാൻ നാടകപ്രവർത്തകർ ശ്രമം നടത്തിയിരുന്നുവെങ്കിലും പിന്നീട് പല കാരണങ്ങൾ കൊണ്ട് നടന്നില്ല. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ബഹ്റൈനിൽ വീണ്ടും വിനോദ് വി. ദേവന്‍റെ നേതൃത്വത്തിൽ മഹാസാഗരം അരങ്ങിലെത്തുമ്പോൾ ജീവിതത്തിന്‍റെ 'കളം' വിട്ടൊഴിഞ്ഞ പ്രശാന്ത് ബഹ്റൈനിലെ നാടകപ്രവർത്തകർക്ക് നൊമ്പരമാവുകയാണ്. 'കള'ത്തിന്‍റെ ഡയറക്ടറും പ്രശാന്തിന്‍റെ പങ്കാളിയുമായ കല സാവിത്രിയുടെ അനുവാദത്തോടെയാണ് ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ ഇപ്പോൾ നാടകം അരങ്ങേറുന്നത്. പ്രതിഭയിലെ നാല്പതോളം കലാകാരന്മാർ നാടകത്തിന്‍റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നുണ്ട്.