‘മോള് പോയി ജയിച്ചുവാ’: വേഗത്തിൽ പായാൻ കോഴിക്കോട് സ്വദേശിനി; കേരളത്തിലെ ആദ്യത്തെ വനിതാ എഫ്4 റേസറായ പ്രവാസി
ദുബായ് ∙ ബാല്യം മുതൽ ചക്രങ്ങളോട് കമ്പമുണ്ടായിരുന്ന മലയാളി യുവതി ഇന്ന് കാറോട്ട മത്സര മേഖലയിൽ മുന്നേറാനുള്ള ഒരുക്കത്തിൽ.
ദുബായ് ∙ ബാല്യം മുതൽ ചക്രങ്ങളോട് കമ്പമുണ്ടായിരുന്ന മലയാളി യുവതി ഇന്ന് കാറോട്ട മത്സര മേഖലയിൽ മുന്നേറാനുള്ള ഒരുക്കത്തിൽ.
ദുബായ് ∙ ബാല്യം മുതൽ ചക്രങ്ങളോട് കമ്പമുണ്ടായിരുന്ന മലയാളി യുവതി ഇന്ന് കാറോട്ട മത്സര മേഖലയിൽ മുന്നേറാനുള്ള ഒരുക്കത്തിൽ.
ദുബായ് ∙ ബാല്യം മുതൽ ചക്രങ്ങളോട് കമ്പമുണ്ടായിരുന്ന മലയാളി യുവതി ഇന്ന് കാറോട്ട മത്സരങ്ങളിൽ മുന്നേറാനുള്ള ഒരുക്കത്തിൽ. ഏതൊരു മോട്ടർ സ്പോർട്സ് പ്രേമിയും ആഗ്രഹിക്കുന്ന അമേരിക്കയിലെ ലാസ് വേഗസ് ഫോർമുല 1 ഗ്രാൻഡ് പ്രിക്സിലെ മെഴ്സിഡസ്–വാട്സാപ്പ് പരിപാടിയായ ഹെർ ഇവന്‍റിലേക്ക് ക്ഷണം ലഭിച്ചതോടെയാണ് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയും യുഎഇ കേന്ദ്രമാക്കി പരിശീലനം നടത്തുന്ന ഫോർമുല4 താരവുമായ സൽവ മർജാൻ ശ്രദ്ധേയയാകുന്നത്.
ഇന്ത്യൻ യുവതികൾ അപൂർവമായി മാത്രം കടന്നുചെന്നിട്ടുള്ള മേഖലയില്‍ തിളക്കമാർന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് ഈ 25 വയസ്സുകാരി. മോട്ടർസ്‌പോർട്‌സ് ലോകത്ത് ഉയർന്നുവരുന്ന സൽവയുടെ ഹെർ ഇവന്‍റ് പങ്കാളിത്തം അവരുടെ പ്രചോദനാത്മകമായ യാത്രയിൽ മറ്റൊരു നാഴികക്കല്ലാകും.
∙ യോജിച്ച സ്ഥലം തേടി യുഎഇയിലേക്ക്
2023ലെ ഇന്ത്യൻ എഫ്4 ചാംപ്യൻഷിപ്പിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് ഫോർമുല എൽജിബി പരിശീലനത്തിലൂടെയാണ് സൽവ തന്‍റെ മോട്ടർസ്‌പോർട് കരിയർ ആരംഭിച്ചത്. ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും സ്ഥിരതയ്ക്കും വൈദഗ്ധ്യത്തിനും അംഗീകാരം നേടിക്കൊടുത്തു കൊണ്ട് റാങ്കുകളിൽ ക്രമാനുഗതമായി ഉയർന്നു.
റേസിങ് ജീവിതം ശക്തമായി കെട്ടിപ്പടുക്കാൻ മോട്ടർസ്പോർട്ടിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നായ യുഎഇയിലേക്ക് മാറിയപ്പോൾ തന്റെ യാത്ര ഒരു വഴിത്തിരിവിലെത്തിയതായി സൽവ മനോരമ ഓൺലൈനിനോട് പറഞ്ഞു. ഇവിടെയുള്ള വൈവിധ്യമാർന്ന അവസരങ്ങളും പ്രചോദനാത്മകമായ അന്തരീക്ഷവും തന്നെ പരിധിക്കപ്പുറം സ്വപ്നം കാണാനും എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യാനും പ്രേരിപ്പിക്കുന്നുവെന്നും പറഞ്ഞു.
∙ വിജയത്തിലേയ്ക്കുള്ള വഴി പരിധിയില്ലാത്തത്
സൽവ ഇറ്റാലിയൻ എഫ്4 ചാംപ്യൻഷിപ്പിനും തയ്യാറെടുപ്പ് നടത്തിവരുന്നു. ഫോർമുല 1ൽ മത്സരിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിലേയ്ക്കുള്ള ഒരു നിർണായക ചുവടുവയ്പ്പാണിത്. നെക്സ്റ്റ് ലെവൽ റേസിങ്ങിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സൽവയുടെ പങ്ക് കായികരംഗത്തെ അവരുടെ വർധിച്ചുവരുന്ന സ്വാധീനത്തെ എടുത്തുകാണിക്കുന്നു.
മോട്ടർസ്‌പോർട്ട് എന്നത് വേഗം മാത്രമല്ല, പ്രതിരോധം, ദൃഢനിശ്ചയം, തടസ്സങ്ങളെ മറികടക്കൽ എന്നിവയും ചേർന്നതാണ്. കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് ഈ യുവതിയുടെ ജൈത്രയാത്രയ്ക്ക് പിന്നിലെ രഹസ്യം. അരങ്ങേറ്റം മുതൽ മെഴ്‌സിഡസിന്റെ ടേൺ പോലുള്ള ആഗോള പ്ലാറ്റ്‌ഫോമുകളിൽ വനിതകളെ പ്രതിനിധീകരിക്കുന്നത് വരെ, സ്വപ്നങ്ങളെ പിന്തുടരാൻ പ്രതിഭകളുടെ ഒരു പുതിയ തരംഗത്തെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും പറഞ്ഞു. വിജയത്തിലേയ്ക്കുള്ള വഴി യഥാർഥത്തിൽ പരിധിയില്ലാത്തതാണെന്ന് സൽവ ഉറച്ചുവിശ്വസിക്കുന്നു.
∙ കേരളത്തിലെ ആദ്യത്തെ വനിതാ എഫ്4 റേസർ
കേരളത്തിലെ ആദ്യത്തെ വനിതാ എഫ്4 റേസറാണ് സൽവ. 2025 ജനുവരിയിൽ ഫെഡറേഷൻ ഇന്‍റർനാഷനൽ ഡി എൽ ഓട്ടോമൊബൈൽ (എഫ്ഐഎ) സംഘടിപ്പിക്കുന്ന ഫോർമുല 1 അക്കാദമിയിൽ സൽവ പങ്കെടുക്കും. മൈക്കൽ ഷൂമാക്കർ, ലൂയിസ് ഹാമിൽട്ടൺ തുടങ്ങിയ റേസിങ് ഇതിഹാസങ്ങളുടെ മത്സരങ്ങൾ കണ്ടപ്പോൾ റേസിങ്ങിനോടുള്ള തന്റെ ആകർഷണം ചെറുപ്പത്തിൽ തുടങ്ങിയതായി സൽവ പറയുന്നു. ചെറുപ്പം മുതലേ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും കരിയറിനെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനും ഇവർ പൂർണ അർപണബോധത്തോടെ പ്രവർത്തിച്ചു. 2017ൽ എഫ്1 ഡ്രൈവറായാണ് സൽവ തന്റെ കരിയർ ആരംഭിച്ചത്.
ഫോർമുല എൽജിബി റേസിങ്ങിൽ 2018 മുതൽ മത്സരിക്കാൻ തുടങ്ങി. ഇന്ത്യൻ റേസിങ്ങില്‍ സിംഗിൾ സീറ്റർ, ഓപ്പൺ വീൽ ക്ലാസ്. തുടർന്ന് 2023-ൽ എഫ്ഐഎ അംഗീകരിച്ച എഫ്4 ഇന്ത്യൻ ചാംപ്യൻഷിപ്പിലും അതേ വർഷം എഫ്4 യുഎഇ ചാംപ്യൻഷിപ്പിലും പങ്കെടുക്കാൻ സാധിച്ചു.
∙മോള് പോയി ജയിച്ചുവാ
സൽവയുടെയും സഹോദരങ്ങളായ സഹല, സാബിത്, സിനാൻ എന്നിവരുടെയും കുട്ടിക്കാലത്ത്, ബഹ്റൈനിൽ ബിസിനസുകാരനായ പിതാവ് കുഞ്ഞാമു ടോയ് കാറുകൾ യഥേഷ്ടം സമ്മാനിക്കുമായിരുന്നു. അങ്ങനെയാണ് ചക്രങ്ങളോട് തനിക്കും ഇഷ്ടം തോന്നിത്തുടങ്ങിയതെന്ന് സൽവ പറയുന്നു. പിന്നീട് ബിബിഎ ബിരുദം നേടിയ ശേഷം സന്നദ്ധസേവന രംഗത്തും സജീവമായി.
ബിസിനസിനോടൊപ്പം സ്വന്തമായി എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യണമെന്ന ആഗ്രഹം കലശലായതോടെയാണ് തന്റെ വഴി മോട്ടർ റേസ് മേഖലയാണെന്ന് തിരിച്ചറിഞ്ഞത്. താത്പര്യം പ്രകടിപ്പിച്ചപ്പോൾ വാപ്പയും ഉമ്മ സുബൈദയുംഎതിർത്തില്ല. മാത്രമല്ല, പെൺകുട്ടി എന്ന പേരില്‍ അവർ പരിധിയും നിശ്ചയിക്കാത്തതും കരുത്തായി എന്നും തന്റെ ഭാഗ്യമായി കരുതുന്നുവെന്നും സൽവ പറഞ്ഞു.
ഇന്ത്യയിലെ എഫ്4 സർക്യൂട്ടിലെ മുൻനിര ഡ്രൈവർമാരിൽ ഒരാളായി മാറിയത് സൽവയുടെ മികച്ച പ്രകടനത്തിന്റെ ഫലമാണ്. 150 ലാപുകൾ പൂർത്തിയാക്കി അതിൽ 119ലും വിജയിച്ചു. എങ്കിലും ഇവയൊന്നും റേസറിന് എളുപ്പമായില്ല. പക്ഷേ, ഇന്ത്യയിലേതിനേക്കാൾ യുഎഇ ആണ് ഈ രംഗത്ത് ഉയരങ്ങളിലെത്താൻ അനുയോജ്യം എന്ന് മനസിലാക്കിയാണ് ദുബായിലെത്തിയത്.
തീരുമാനം ഒരിക്കലും തെറ്റിയില്ല, ഇവിടുത്തെ അന്തരീക്ഷം തീർത്തും പ്രചോദനാത്മകമാണെന്ന് സൽവയ്ക്ക് വൈകാതെ മനസിലായി. എന്നാൽ പരിശീലനം വലിയ ചെലവേറിയതാണെന്ന് മനസ്സിലാക്കിയതോടെ തത്കാലം സ്വപ്നങ്ങള്‍ ഉപേക്ഷിക്കാൻ ആലോചിച്ചു. പിന്നീട്, പണമുണ്ടാക്കാൻ വേണ്ടി ഒട്ടേറെ ജോലികൾ ചെയ്യാൻ തുടങ്ങി. തുടർന്ന് ഒരു സംരംഭകയായി മാറുകയും പരിശീലനം തുടരുകയും ചെയ്തു.
മോട്ടർസ്‌പോർട്‌സ് പുരുഷന്മാർക്കും വനിതകൾക്കും ശാരീരികമായി എങ്ങനെ വെല്ലുവിളിയാകുമെന്ന് സൽവ മനസിലാക്കിയിട്ടുണ്ട്. നമ്മുടെ ശരീരങ്ങളും പ്രവർത്തനങ്ങളും ഊർജ നിലകളും വ്യത്യസ്തമാണ്. ഒരു റേസിങ് കാറിനുള്ളിൽ താപനില പലപ്പോഴും 40 ഡിഗ്രി സെൽഷ്യസാണ്. വളവുകളിൽ ബ്രേക്കിങ് മർദ്ദം 60 മുതൽ 100 കിലോഗ്രാം വരെ. റേസുകളിൽ ഒരാൾക്ക് ഏകദേശം 4 കിലോ ശരീരഭാരം കുറയുന്നു. പെട്ടെന്നുള്ള റിഫ്ലെക്സുകൾ ഉൾപ്പെടെ ഒരു ഫൈറ്റർ പൈലറ്റിന്‍റെ അതേ ശരീരഘടന ഒരു റേസറിന് ഉണ്ടായിരിക്കണം.
∙ ഫോർമുല റേസിങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക ലക്ഷ്യം
സൽവ തന്റെ പരിശീലനച്ചെലവുകൾ ഭാഗികമായി സ്പോൺസർ ചെയ്യുന്ന നെക്സ്റ്റ് ലെവൽ റേസിങ്ങിന്റെ ബ്രാൻഡ് അംബാസഡറായും പ്രവർത്തിക്കുന്നു. ഫോർമുല റേസിങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നതാണ് എന്റെ ആത്യന്തിക ലക്ഷ്യം. എഫ്4, എഫ്3 മുതൽ എഫ്2 വരെയും ഒടുവിൽ എഫ്1 വരെയും ഉയർന്ന തലങ്ങളിൽ മത്സരിക്കാനുള്ള പ്രയത്നത്തിലാണ്.
ഒരു വനിതാ അത്‌ലീറ്റ് എന്ന നിലയിൽ, മാനദണ്ഡങ്ങളെ വെല്ലുവിളിക്കാനും ചരിത്രപരമായി പുരുഷ മേധാവിത്വമുള്ള മേഖലയിൽ കാര്യമായ സ്വാധീനം ചെലുത്താനുമാണ് ഈ യുവതിയുടെ തീരുമാനം. ഹെർ ഇവന്റിൽ പങ്കെടുക്കാനുള്ള ഒരുക്കത്തോടൊപ്പം യുവതീ യുവാക്കളെ പ്രചോദിപ്പിക്കുന്ന കുറേ പദ്ധതികൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലുമാണ്. എല്ലാ നേട്ടങ്ങളിലും വലുത് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതാണെന്ന് ഉറച്ചുവിശ്വസിക്കുന്നതായി സൽവ പറയുന്നു. റേസിങ്ങിനപ്പുറം വെല്ലുവിളികളെ അതിജീവിക്കുന്നതിനും വ്യത്യസ്തമായ സാധ്യതകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്ന ലിമിറ്റ്‌ലെസ് എന്ന ബ്രാൻഡിലൂടെ മറ്റുള്ളവരെ ശാക്തീകരിക്കുന്നതിലും ശ്രദ്ധയൂന്നുന്നു.
മോട്ടർസ്‌പോർട്ടിന് നാല് വ്യത്യസ്ത തലങ്ങളുണ്ട്. ഫോർമുല റേസിങ്ങിന്റെ ഏറ്റവും ഉയർന്ന തലമാണ് എഫ്1. തുടർന്ന് എഫ്2, എഫ്3, എഫ്4 എന്നിവ എഫ്1ന്റെ ഫീഡർ സീരീസാണ്. ഇത് (എഫ്1) ഏറ്റവും വേഗമേറിയതും ചെലവേറിയതുമായ കാറുകളാണ്.