പറന്ന് നടക്കാൻ ഹോട്ട് എയർ ബലൂൺ, സാഹസികർക്കായി ഒട്ടക സവാരി, ഭക്ഷണപ്രിയർക്ക് ബാർബിക്യൂ ഡിന്നറും ഇറ്റാലിയൻ കോഫിയും
ദോഹ ∙ തണുപ്പുകാലമാണ്. അവധി ദിനങ്ങൾ ഖത്തറിലെ റാസ് അബ്രൂഖിൽ ചിലവിട്ടാലോ?
ദോഹ ∙ തണുപ്പുകാലമാണ്. അവധി ദിനങ്ങൾ ഖത്തറിലെ റാസ് അബ്രൂഖിൽ ചിലവിട്ടാലോ?
ദോഹ ∙ തണുപ്പുകാലമാണ്. അവധി ദിനങ്ങൾ ഖത്തറിലെ റാസ് അബ്രൂഖിൽ ചിലവിട്ടാലോ?
ദോഹ ∙ തണുപ്പുകാലമാണ്. അവധി ദിനങ്ങൾ ഖത്തറിലെ റാസ് അബ്രൂഖിൽ ചിലവിട്ടാലോ? ഇങ്ങോട്ടേയ്ക്ക് വന്നാൽ കനത്ത തണുപ്പിനിടെ ആകാശത്ത് ഹോട്ട് എയർ ബലൂണിൽ സവാരി ചെയ്യാം. രാത്രിയുടെ സൗന്ദര്യം നുകർന്ന് നക്ഷത്രങ്ങളുടെ കീഴിൽ ഇരുന്ന് ബാർബിക്യു ഡിന്നർ കഴിയ്ക്കാം. ഒട്ടക സവാരി നടത്താം. കുട്ടികൾക്ക് നാടൻ ഗെയിമുകളിൽ പങ്കെടുക്കാം. ഇനി അതുമല്ലെങ്കിൽ പ്രാദേശിക പൈതൃകത്തെക്കുറിച്ച് പഠിക്കാം. ഫിലിം സിറ്റിയിലെയും വൈൽഡ് ലൈഫ് പാർക്കിലെയും കാഴ്ചകൾ കാണാം. സംസ്കാരവും വിനോദവും എല്ലാം ഒത്തുചേർന്നുള്ള, സാഹസികതയ്ക്കും ഉല്ലാസത്തിനും അനുയോജ്യമായ ഇടമാണിത്. ഇവിടെ എത്തുന്ന ഓരോ സന്ദർശകനും പ്രത്യേകമായ വിനോദസഞ്ചാര അനുഭവം തന്നെ റാസ് അബ്രൂഖ് സമ്മാനിക്കുമെന്നാണ് അധികൃതർ പറയുന്നത്.
2025 ജനുവരി 18 വരെ പൊതുജനങ്ങൾക്ക് റാസ് അബ്രൂഖ് സന്ദർശിക്കാം. ദിവസവും രാത്രി 8.30 വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഈ മാസം 18 മുതലാണ് രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തെ യുനെസ്കോ സംരക്ഷണ കേന്ദ്രമായ അൽ റീം ജൈവ മണ്ഡല സംവരണ മേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന റാസ് അബ്രൂഖിലേയ്ക്ക് ഖത്തർ ടൂറിസത്തിന്റെ വിസിറ്റ് ഖത്തർ അധികൃതർ പൊതുജനങ്ങൾക്ക് പ്രവേശനം പ്രഖ്യാപിച്ചത്. കുടുംബങ്ങൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന കാഴ്ചകളും പരിപാടികളുമാണ് ഇവിടെയുള്ളത്. സന്ദർശകർക്ക് താമസിക്കാൻ ആഡംബര സൗകര്യങ്ങൾ നിറഞ്ഞ ഹാബിറ്റാസ് റിസോർട്ടുണ്ട്.
∙ ഫിലിം സിറ്റിയിൽ എന്തൊക്കെ
വൈവിധ്യമായ അനുഭവമാണ് ഫിലിം സിറ്റി നൽകുന്നത്. ഇറ്റാലിയൻ കോഫിയും ചോക്ളേറ്റും രുചിക്കാം. ബ്ലൂ റിബൺ ഗാലറി ശേഖരം ആസ്വദിക്കാം. റാസ് അബ്രൂഖ് നേച്ചർ റൈഡ് നടത്താം. കുതിരപ്പുറത്തോ ഒട്ടകപ്പുറത്തോ സവാരി നടത്താം. കുട്ടികൾക്ക് ഇവിടെ പരമ്പരാഗത കളികളിൽ പങ്കെടുക്കാം. കുഞ്ഞൻ കഴുതപ്പുറത്ത് സഞ്ചരിക്കാം. ഗൈഡിനൊപ്പം അറേബ്യൻ ഒറിക്സിനെയും മാനുകളെയും കണ്ട് വൈൽഡ് ലൈഫ് പാർക്ക് ചുറ്റിക്കാണാം.
ഖത്തരി മജ്‌ലിസിൽ ഇരുന്ന് പ്രാദേശിക പൈതൃകത്തെ അറിയാം. ആരെയും ആകർഷിക്കുന്ന ആർട് ഇൻസ്റ്റലേഷനുകൾ കാണാം. ടോർബ ഫാർമയുടെ പ്രാദേശിക ഭക്ഷണ, പാനീയങ്ങൾ കഴിയ്ക്കാം. ഇതിനെല്ലാം പുറമെ സന്ദർശകർക്കായി റാസ് അബ്രൂഖ് തീയറ്റർ കമ്പനി അവതരിപ്പിക്കുന്ന വിനോദ പരിപാടികളും ആസ്വദിക്കാം.
∙ ഡെസേർട്ട് എസ്കേപ്പിലെ അനുഭവങ്ങൾ
അൽപം വേറിട്ട അനുഭവങ്ങളാണ് ഡെസേർട്ട് എസ്കേപ്പിലുള്ളത്. നക്ഷത്രങ്ങൾക്ക് കീഴെ ഇരുന്ന് അത്താഴം കഴിയ്ക്കാം. ബാർബിക്യു ഉൾപ്പെടുന്ന വിഭവസമൃദ്ധമായ മെനുവിന് ഒരാൾക്ക് 375 റിയാലാണ് നിരക്ക്. 20 മിനിറ്റ് ആകാശത്ത് ഹോട്ട് എയർ ബലൂണിൽ സഞ്ചരിക്കാൻ 50 റിയാൽ നൽകിയാൽ മതി. ഇവിടുത്തെ ചിൽ ഔട്ട് ലോഞ്ചിൽ വൈകുന്നേരങ്ങളിൽ തകർപ്പൻ ഡിജെയും ആസ്വദിക്കാം. ഇനി ആവേശം അൽപം കൂടുതലുള്ളവർക്ക് അമ്പെയ്ത്തിലും ട്രാംപൊലിനിലും ഒരു കൈ നോക്കാം. ഡെസേർട്ട് സ്വിങ്, കാറുകളുടെ ഡെസേർട്ട് എക്സ്പോ എന്നിവയുമുണ്ട്. ഹണ്ടിങ്, ഫാൽക്കൺ സെഷനുകളുമുണ്ട്. രാത്രി 7 മുതൽ 8 വരെ ആകാശത്ത് നക്ഷത്രങ്ങളെ വീക്ഷിക്കാം. ഇവിടുത്തെ ഹാബിറ്റാസ് ഐസ്‌ക്രീം കാർട്ടിൽ ഐസ്ക്രീം രുചി നുണയാം കുട്ടികൾക്ക് പൂന്തോട്ട നിർമാണത്തെക്കുറിച്ചും മുതിർന്നവർക്ക് കാലിഗ്രഫി, വാട്ടർ കളർ പെയിന്റിങ് വർക്ഷോപ്പുകളിലും പങ്കെടുക്കാം.
∙ പ്രവേശനം നിരക്കറിയാം
ഒരാൾക്ക് 10 റിയാൽ ആണ് ജനറൽ എൻട്രി ടിക്കറ്റ് നിരക്ക്. 10 റിയാലിൽ ഫിലിം സിറ്റി, ഡെസേർട്ട് എസ്കേപ്പ് എന്നിവിടങ്ങളിൽ പ്രവേശിക്കാം. തൽസമയ വിനോദ പരിപാടികളും ആർട് ഇൻസ്റ്റലേഷനുകളും കാണാം. കുട്ടികൾക്കുള്ള പരിപാടികളിലും പ്രാദേശിക മാർക്കറ്റിലേയ്ക്കും കടക്കാം. സന്ദർശകർക്കായി ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഇനി അൽപം കൂടുതൽ അനുഭവങ്ങളും കാഴ്ചകളും വേണമെങ്കിൽ അധിക പെയ്മെന്റ് നൽകണം. ഒട്ടകത്തിന്റെയും കുതിരയുടെയും പുറത്ത് കയറി സവാരി നടത്തണമെങ്കിലും ഹോട്ട് എയർ ബലൂണിൽ സഞ്ചരിക്കാനും നക്ഷത്രങ്ങളുടെ താഴെ ഇരുന്ന് ഡിന്നർ കഴിക്കാൻ റിസോർട്ടിലെ പരിപാടികളിൽ പങ്കെടുക്കാനും അൽപം തുക കൂടുതൽ നൽകേണ്ടി വരും.
∙ എങ്ങനെയെത്താം
ദോഹയിൽ നിന്ന് ദുഖാൻ ഹൈവേയിലൂടെ എക്സിറ്റ് 72 വിലെത്തി അവിടെ നിന്ന് സക്രീത്ത് റോഡിൽ പ്രവേശിക്കണം. സക്രീത്തിലേക്കുള്ള റോഡ് അടയാള ബോർഡുകൾ പിന്തുടർന്ന് വേണം പോകാൻ. സക്രീത്ത് റോഡിൽ ഇടതുവശത്തായി ഈസ്റ്റ്–വെസ്റ്റ്/വെസ്റ്റ്–ഈസ്റ്റ് ഇൻസ്റ്റലേഷൻ കാണാം. അവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഡെസേർട്ട് റോഡിലേക്ക് പ്രവേശിച്ച് നേരേ ഫിലിം സിറ്റിയിലേക്ക് സഞ്ചരിച്ചാൽ ഹാബിറ്റാസ് റാസ് അബ്രൂഖ് കാണാം.