തിരുവനന്തപുരത്തെ കൂട്ടക്കൊലയുടെ ഞെട്ടലിൽ നിന്ന് നാടിനെ പോലെ പ്രവാസ ലോകവും ഇതുവരെയും മുക്തമായിട്ടില്ല. മുൻപെങ്ങുമില്ലാത്ത വിധം ഗൾഫ് പ്രവാസികളെ പിടിച്ചുകുലുക്കിയ അതിദാരുണ സംഭവം.

തിരുവനന്തപുരത്തെ കൂട്ടക്കൊലയുടെ ഞെട്ടലിൽ നിന്ന് നാടിനെ പോലെ പ്രവാസ ലോകവും ഇതുവരെയും മുക്തമായിട്ടില്ല. മുൻപെങ്ങുമില്ലാത്ത വിധം ഗൾഫ് പ്രവാസികളെ പിടിച്ചുകുലുക്കിയ അതിദാരുണ സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്തെ കൂട്ടക്കൊലയുടെ ഞെട്ടലിൽ നിന്ന് നാടിനെ പോലെ പ്രവാസ ലോകവും ഇതുവരെയും മുക്തമായിട്ടില്ല. മുൻപെങ്ങുമില്ലാത്ത വിധം ഗൾഫ് പ്രവാസികളെ പിടിച്ചുകുലുക്കിയ അതിദാരുണ സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ തിരുവനന്തപുരത്തെ കൂട്ടക്കൊലയുടെ ഞെട്ടലിൽ നിന്ന് നാടിനെ പോലെ പ്രവാസ ലോകവും ഇതുവരെയും മുക്തമായിട്ടില്ല. മുൻപെങ്ങുമില്ലാത്ത വിധം ഗൾഫ് പ്രവാസികളെ പിടിച്ചുകുലുക്കിയ അതിദാരുണ സംഭവം. പ്രതി ഒരു പ്രവാസിയുടെ മകനായതുകൊണ്ടു മാത്രമല്ല, അനുദിനം കേരളത്തിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ പ്രവാസികളെ ഏറെ ആകുലരാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എവിടെയും ചർച്ചാവിഷയം സൗദിയിലെ പ്രവാസിയുടെ മകൻ വെഞ്ഞാറമൂട്ടിലെ അഫാൻ എന്ന യുവാവ് സ്വന്തം അനുജനേയും മുത്തശ്ശിയെയുമടക്കം 5 പേരെ വക വരുത്തുകയും അമ്മയ്ക്ക് മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് തന്നെയാണ്.

ഇത്തരം സംഭവങ്ങൾ തുടർന്നാൽ കേരളം എന്തായിത്തീരും. ശ്രദ്ധിക്കാനും നേർവഴി നടത്താനും പിതാക്കന്മാരില്ലാത്തത് കുട്ടികളുടെ വളർച്ചയെയും സ്വഭാവരൂപീകരണത്തെയും ഏതെല്ലാം തരത്തിലാണ് ബാധിക്കുന്നത്? തന്തവൈബെന്ന് പറഞ്ഞ് നിസാരമായി തള്ളിക്കളയേണ്ടതാണോ മുതിർന്നവരുടെ ഉപദേശം? ലഹരിമരുന്നും മറ്റും വ്യാപകമായി ഉപയോഗിച്ച് നടത്തുന്ന ക്രൂരകൃത്യങ്ങൾക്ക് തടയിടാൻ എന്താണ് ചെയ്യേണ്ടത്?. ആശങ്കകൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ്, യുഎഇയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികൾ. 

ADVERTISEMENT

∙ പ്രവാസികളുടെ മക്കളും ലഹരിയുടെ പിടിയിലോ?
യുവതലമുറയെ കാർന്നു തിന്നുന്ന ലഹരി മരുന്നുപയോഗം  ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് കേരളം ഇന്ന് കടന്നു പോകുന്നതെന്ന് ദുബായിലെ സ്വകാര്യ കമ്പനിയിൽ ബിസിനസ്‌ കൺസൾറ്റന്റായ എഴുത്തുകാരി സജ്ന പണിക്കർ പറയുന്നു. ഓരോ ദിവസവും ലഹരിമരുന്ന് അമിതമായി കഴിക്കുന്ന യുവജനതയുടെ എണ്ണം വർധിച്ചു  വരുന്നു.

സജ്ന പണിക്കർ

വളരെ സുലഭമായി ഇന്നിവയെല്ലാം ലഭ്യമാകുന്നു എന്നുള്ളതും ലഹരി മാഫിയക്കെതിരെ ഉള്ള നടപടികളിലെ നിയമവ്യവസ്ഥകളും വേണ്ടവിധത്തിലുള്ള നടപടിക്രമങ്ങൾ കൊണ്ടുവരാതിരിക്കുന്നതും തന്നെയാണ് ഇവയുടെ ഉപയോഗ വർധനയ്ക്കുള്ള കാരണമെന്നും എഴുത്തുകാരി കൂടിയായ സജ്ന പറയുന്നു. ലഹരി മരുന്ന് മാഫിയ സംഘങ്ങൾക്ക് അടിമപ്പെടുന്നത്തോടെ ജീവിതത്തിന്റെ താളം മാറിമറിയുന്നു. ഒരു നാടിന്റെ വളർച്ചയ്ക്കും വികസനത്തിനും കാരണമാകേണ്ട ഒരു തലമുറയെ പൂർണമായും നശിപ്പിക്കുന്നതോടൊപ്പം അവരുടെ കുടുംബത്തിന് തീരാനഷ്ടം സമ്മാനിക്കുന്നു.

രാജ്യത്തിന്റെ അഖണ്ഡതയെയും സാംസ്കാരിക പുരോഗതിയെയും തടയുക എന്നൊരു വലിയ അജണ്ട ഇതിനു പിന്നിലുണ്ട് എന്നുള്ളത് വളരെ ആശങ്കയുളവാക്കുന്നു. പ്രവാസികൾ കുട്ടികളെ ഉപരിപഠനത്തിന് നാട്ടിൽ അയച്ചു പഠിപ്പിക്കാൻ മടിക്കുന്നു. ഈ അവസ്ഥയെ ഒരു സോഷ്യൽ മെഡിക്കൽ പ്രശ്നമായി കണ്ടുകൊണ്ടു കൂടുതൽ ശക്തമായ നിയമനടപടികളും അതുവഴി യുവതലമുറയ്ക്ക് ശക്തമായ അവബോധം സൃഷ്ടിക്കേണ്ടതുമുണ്ട്. ലഹരിവിമുക്ത കേരളത്തിന് വേണ്ടി നമ്മൾ ജനങ്ങൾ ഓരോരുത്തരും ആത്മാർഥമായി സഹകരിക്കേണ്ടതുമാകുന്ന നാളുകളാവട്ടെ ഇനി മുൻപോട്ട്. 

ഡോ. സതീഷ്

കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള യുവാക്കൾ മദ്യവും ലഹരിമരുന്നും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ദുബായിലെ പ്രമുഖ ഡോ. ടി.സി സതീഷ് അഭിപ്രായപ്പെട്ടു. എല്ലാ ആഘോഷങ്ങൾക്കും ഇവ ഉപയോഗിക്കുന്നത് പതിവാണ്. അതും വളരെ ചെറുപ്പത്തിൽ, സ്‌കൂൾ മുതൽ തുടങ്ങുന്നു. പണത്തിന്റെ എളുപ്പത്തിലുള്ള ലഭ്യത, സമൂഹമാധ്യമ സ്വാധീനം, ജോലി ചെയ്യുന്ന മാതാപിതാക്കളാണെങ്കിൽ അവരുടെ പരിചരണമില്ലായ്മ, സ്വയം കേന്ദ്രീകൃതമായ പെരുമാറ്റം, സാമൂഹിക ഉത്തരവാദിത്തമില്ലായ്മ എന്നിവയാണ് മറ്റ് ഘടകങ്ങൾ.

ADVERTISEMENT

വീട്ടിലും സ്കൂളിലും വളരെ ചെറുപ്പത്തിൽ തന്നെ ശരിയായ മാർഗനിർദ്ദേശത്തിന്റെ അഭാവം ഇതിൽ  കാര്യമായ പങ്ക് വഹിക്കുന്നു. യുവതലമുറയെ ഉപദേശിക്കുന്നതിലും നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിലും മൂത്തവർ നയപരമായ ഇടപെടലാണ് നടത്തേണ്ടത്. സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരി വിമുക്തമാണെന്ന് കർശനമായി ഉറപ്പുവരുത്തണം. ചെറുപ്പം മുതലേ (7 വയസ്സിൽ തന്നെ) ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി കുട്ടികളെ ഫസ്റ്റ് പഫ് അല്ലെങ്കിൽ ഫസ്റ്റ് സിപ്പിൽ നിന്ന് അകറ്റാൻ പ്രേരിപ്പിക്കുന്ന തീവ്രശ്രമം അധികൃതർ സ്വീകരിച്ചില്ലെങ്കിൽ, അത് വലിയ ദുരന്തമായിരിക്കും.

കുട്ടികളെ ചെറുപ്പത്തിൽ നേർവഴിക്ക് നയിക്കുക എന്നതാവണം മുദ്രാവാക്യം. കെജി മുതൽ  ഇത് ആരംഭിക്കുക. ദുഷ്പ്രവണതകളിൽ നിന്ന് അകന്നു നിൽക്കാൻ സ്‌കൂളിൽ സമപ്രായക്കാരുടെ പോസിറ്റിവ് സമ്മർദ്ദം വളർത്തിയെടുക്കുക. വിദ്യാർഥികൾ അത് ഏറ്റെടുത്താൽ മാത്രമേ ഏത് ക്യാംപെയിനും വിജയിക്കൂ. ഇടയ്ക്കിടെ ബോധവത്കരണ സെഷനുകൾ നൽകുക. അതൊരു തുടർച്ചയായ പ്രക്രിയയായിരിക്കണം. കുട്ടികൾക്ക് മദ്യമോ ലഹരിമരുന്നോ സിഗരറ്റോ വാഗ്ദാനം ചെയ്താലും അവർ വേണ്ട എന്ന് പറയുന്ന സാഹചര്യം ഉണ്ടാക്കണം.

മുരളി മംഗലത്ത്

ഒരു പഫിൽ തുടങ്ങി ആസക്തിയായി മാറുന്നതാണ് ഇത്തരം ശീലങ്ങൾ. കുട്ടികൾ സംഗീതം, കായികം അല്ലെങ്കിൽ മറ്റ് സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഉയർന്ന നേട്ടങ്ങൾ കൈവരിക്കണം. നെഗറ്റീവ് സ്വാധീനങ്ങൾ ഒഴിവാക്കാൻ അവരുടെ സമൂഹമാധ്യമ  ഉപയോഗം നിയന്ത്രിക്കുകയോ നിരീക്ഷിക്കുകയോ വേണം. കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഓരോ കുറ്റകൃത്യങ്ങളിലും അങ്ങേയറ്റം വേവലാതിയുണ്ടെന്ന് കവിയും സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ തൃശൂർ സ്വദേശി മുരളി മംഗലത്ത് പറഞ്ഞു.

തിരുവനന്തപുരത്തെ കൂട്ടക്കുരുതിക്ക് പിന്നിൽ ഒരു പ്രവാസിയുടെ മകനാണ് എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു.  ആരുടെ മക്കൾക്കും ഇത്തരം ഒരു പരിണതി ഉണ്ടാകാം എന്ന ആശങ്ക. സർക്കാർ മാത്രമല്ല, വിദ്യാഭ്യാസസ്ഥാപനങ്ങളും സാമൂഹികസംഘടനകളും പ്രസംഗംകൊണ്ടല്ലാതെ പ്രവൃത്തിയിലൂടെ ലഹരി മാഫിയയ്‌ക്കെതിരെ എന്തെങ്കിലും ചെയ്യാൻ അശക്തരാണ്. മക്കളെ അച്ഛനമ്മമാർക്ക് പേടിയാണ്.

ADVERTISEMENT

അവരെ ശരിയായി നയിക്കേണ്ട അധ്യാപകർക്കും പേടിയാണ്. ഇതൊന്നും പോരാതെ കൊറിയൻ പാട്ടുകളുടെയും സ്ക്വിഡ് ഗെയിംസ് തുടങ്ങിയ സീരസുകളുടെയും മാർക്കോ പോലുള്ള സിനിമകളുടെയും വിവിധ ഓൺലൈൻ ഗെയിമുകളുടെയും സ്വാധീനം ആശങ്കപ്പെടുത്തുന്നു. ഇതൊക്കെ കണ്ടില്ലെന്നു നടിച്ച് മക്കളുടെ താളത്തിന് കുടുംബം മാത്രമല്ല ചുറ്റുപാട് മുഴുവനും വശപ്പെട്ടുപോകുന്നു. യുവതലമുറയുടെ പ്രശ്‌നങ്ങളും മാനസ്സികനിലയും മനസ്സിലാക്കി അവരെ കൗൺസിൽ ചെയ്‌ത്‌ തിരിച്ചുകൊണ്ടുവരണം.

കേരളത്തിന്റെ ഓരോ ഗ്രാമ, നഗരപ്രദേശങ്ങളിലേയ്ക്ക് ബോധവൽക്കരണത്തിൻറെ സന്ദേശവും പ്രവർത്തനവും എത്തണം. കുട്ടികൾ ചതിക്കുഴികളിൽ ചെന്നുപെടുന്നുണ്ടോ എന്ന് കുടുംബം മാത്രമല്ല, സമൂഹം മുഴുവൻ നിരീക്ഷിച്ചുകൊണ്ടിരിക്കണം. ലഹരി എന്ന അർബുദത്തെ മുളയിലേ നുള്ളാനായില്ലെങ്കിൽ നമ്മുടെ പുതുതലമുറയെ രക്ഷിക്കാനാവില്ല. രാഷ്ട്രീയക്കാരും ലാഭചിന്ത മറന്ന് ഈ യജ്ഞത്തിൽ പൂർണമായി ശ്രദ്ധ ചെലുത്തണമെന്നും മുരളി മംഗലത്ത് പറഞ്ഞു.

ബഷീർ തിക്കോടി

കുട്ടികൾ തെറ്റ് ചെയ്താൽ തിരുത്തപ്പെടേണ്ടത് രക്ഷിതാക്കളെയാണെന്ന് എഴുത്തുകാരനും വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ ബഷീർ തിക്കോടി പറഞ്ഞു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരിലും വിൽപന നടത്തുന്നവരിലും പിടികൂടുന്ന മൂന്നിൽ രണ്ടുപേരുടെയും പിതാക്കന്മാർ ഗൾഫിലായിരിക്കുമെന്ന് കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷലിസ്റ്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥൻ അടുത്തിടെ പറഞ്ഞിരുന്നു. പ്രവാസി വർണവെളിച്ചത്തിൽ കുളിച്ചു നിൽക്കുമ്പോഴും അവന്റെയുള്ളിൽ നാടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും അതിലുമപ്പുറം മക്കളെക്കുറിച്ചുമുള്ള ആധിയാണ്.

ചിരിക്കുമ്പോഴും ഉള്ളാലെ മക്കളെക്കുറിച്ചോർത്ത് എരിയുന്നുണ്ടായിരിക്കും. ആ മക്കൾക്ക് സ്നേഹം കൊടുക്കുക എന്നതിനർഥം അവരാവശ്യപ്പെടുന്ന എന്തും നൽകുക എന്നല്ല. പ്രവാസികൾ മക്കൾക്ക് സ്വാതന്ത്യം നിർലോഭം നൽകുന്നത് വളരെ അപകടകരമാണെന്ന സ്ഥിതിവിശേഷത്തിലേക്കാണ് അവരെ നയിക്കുന്നത് എന്നതിന് തെളിവാണ് തിരുവനന്തുപരും കൂട്ടക്കൊലയടക്കമുള്ള സമകാലിക കേരളത്തിലെ സംഭവ വികാസങ്ങൾ നമ്മളോട് വിളിച്ചുപറയുന്നു.

സ്വന്തം മക്കളെ നെഞ്ചോട് ചേർത്തുപിടിച്ചിട്ട് എത്രകാലമായി എന്ന ചോദ്യം ഓരോ പ്രവാസിയും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. അവരെ കേട്ടിട്ടും അവരോട് സംസാരിക്കുന്ന ഭാഷ എത്രമാത്രം പരുഷമാണെന്നും സ്വയം ചോദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കിട്ടേണ്ട സ്നേഹം കിട്ടാതെ വരുമ്പോഴാണ് സാമീപ്യത്തിന്റെ വിശുദ്ധി ഇല്ലാതാകുമ്പോഴാണ് കുട്ടികൾ ബോധത്തിന്റെ തെളിച്ചത്തിൽ നിന്ന് ഉന്മാദത്തിന്റെ ലഹരിയിലേക്ക് കടന്നുപോകുന്നത്. കൂട്ടുകുടുംബവും ആത്മീയതയും അകന്നുപോകുന്നതാണ് പുതുതലമുറയെ നേരായ വഴിയിൽ നിന്ന് വ്യതിചലിക്കുന്നതെന്നും ബഷീർ തിക്കോടി പറഞ്ഞു. 

ഡോ. ബിനോ

ജീവിത സാഹചര്യം കൊണ്ട് കുടുംബത്തെ നാട്ടിൽ താമസിപ്പിച്ച് പ്രവാസികളാകുന്നവരുടെയും അവരുടെ മക്കളുടെയും മാനസികാവസ്ഥയ്ക്ക്  ഏറെ പ്രാധാന്യമുണ്ടെന്നാണ് തിരുവനന്തപുരത്തെ കൂട്ടക്കൊല തെളിയിക്കുന്നതെന്ന് അബുദാബി എൽ എൽ എച് ആശുപത്രിയിലെ ഡോ. ബിനോ മേരി ചാക്കോ പറഞ്ഞു. യുവതലമുറയ്ക്ക് സംഭവിക്കുന്ന ഞെട്ടലുളവാക്കുന്ന കാര്യങ്ങൾക്ക് സമൂഹമാധ്യമത്തിന് വലിയ പങ്കുണ്ട്. ലഹരി, വിഡിയോ ഗെയിംസ്, സമൂഹമാധ്യമം എന്നിവയ്ക്ക് അമിത പ്രാധാന്യം നൽകി പലരും അവരുടെ കരിയർ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

മുതിർന്നവരുടെ ഉപദേശം സ്വീകരിക്കാതെ പുച്ഛിച്ച് തള്ളുകയും തങ്ങൾ എന്തോ ആണെന്ന തെറ്റിദ്ധാരണയിൽ മുന്നോട്ടുപോകുകയും ചെയ്യുന്ന കാഴ്ചകളാണ് ഇന്ന് കാണുന്നത്. ഇത് നാശത്തിലേയ്ക്കുള്ള പോക്കാണ്. സഹിഷ്ണുത  എന്നത് പുതുലമുറയ്ക്ക് അന്യമാണ്. ജീവിത യാഥാർഥ്യത്തോട് പൊരുത്തപ്പെടാനാകാതെ അവർ പെട്ടെന്ന് ക്ഷീണിതരാകുന്നു. എന്താണ് തങ്ങൾ ചെയ്യുന്നതെന്നറിയാതെ അവർ വിപത്തുകളിലേയ്ക്ക് പതിക്കുന്ന കാഴ്ചകളാണ് ഭാവിയിൽ നമുക്ക് കാണേണ്ടിവരിക. സുലഭമായി ലഹരി കിട്ടുമ്പോൾ വഴിതെറ്റാതിരിക്കാൻ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മക്കളെ പറഞ്ഞ് മനസിലാക്കേണ്ടതും ഓരോരുത്തരുടെയും കടമയാണെന്നും ഡോ. ബിനോ പറഞ്ഞു.

ഗോപിനാഥൻ കോങ്ങാട്ടിൽ

സങ്കടവും നിരാശയും ചേർന്ന ഒരു മനോനിലയിലൂടെയാണ് തുരുവനന്തപുരത്തെ കൂട്ടക്കൊലയ്ക്ക് ശേഷം ഓരോ പ്രവാസിയും കടന്നുപോകുന്നതെന്ന് കവിയും യുഎഇയിൽ ബാങ്ക് ഉദ്യോഗസ്ഥനുമായ ശ്രീകൃഷ്ണപുരം സ്വദേശി കെ. ഗോപിനാഥൻ പറഞ്ഞു. കാരണങ്ങൾ നിരവധിയുണ്ടാവാം. പക്ഷേ ആരോഗ്യപരമായ ഒരു നിയന്ത്രണം യുവതലമുറയുടെ മേൽ ഇല്ലാതെ പോകുന്നുവെന്നത് സത്യം. അകലെ ജീവിക്കുന്ന രക്ഷിതാകൾക്കു ശ്രദ്ധിക്കാൻ പറ്റാത്ത നിലയിൽ കുട്ടികൾ മാറുന്നത് ദുരന്തമാണ്, കുടുംബത്തിനും സമൂഹത്തിനും.

ജോലി തേടി അന്യനാട്ടിൽ  ജീവിതകാലം കഴിക്കുന്ന പ്രവാസിക്കു തന്നെയാണ് മക്കളുടെ കാര്യത്തിൽ ഉത്തരവാദിത്തം. സർക്കാരോ, ബന്ധുക്കളോ , മറ്റുള്ളവരോ സംരക്ഷിക്കുമെന്നത് മൂഢ വിചാരമാണ്. പ്രവാസികൾ ചെയ്യേണ്ടത് നാട്ടിലുള്ള കുടുംബത്തെ നിരന്തരം ബന്ധപ്പെടുക, അവരുടെ പ്രശ്നങ്ങൾ അറിയുക എന്നതാണ്. സുഖവും ദുഃഖവും പ്രവാസികൾ അറിഞ്ഞിരിക്കണം. അവർക്ക് മാത്രമേ ആദ്യവും അവസാനവും കുടുംബാംഗങ്ങളെ പരിഗണിക്കാനും കരുതാനും കഴിയൂ. ബാക്കിയുള്ളവരുടെ ഇടപെടലുകൾ പിന്നിട് മാത്രമേ വരൂ.

സമൂഹത്തോടുള്ള ഉത്തരവാദിത്തം, ബഹുമാനം കുറഞ്ഞു വരുന്നു. ഞാൻ എന്ന കൂട്ടിൽ സ്വയം കഴിയുന്നു. സങ്കടവും സന്തോഷവും മറ്റുള്ളവരുമായി കൂടി പങ്കുവെക്കാനള്ളതാണ് എന്നു അവർ അറിയണം. കുടുംബത്തിന്റെ ഘടനയിൽ വന്ന മാറ്റം അവരെയും ബാധിച്ചു. കൂട്ടുകാർ, കുടുംബക്കാർ കുറഞ്ഞു പോകുന്നു. ആരെയും പേടിയല്ലെങ്കിൽ വീട്ടിലെ തൂണിനെ പേടിക്കണമെന്ന ഒരു പ്രയോഗമുണ്ട്. തന്തവൈബ് അതിന്റെ രൂപമാണ്. മൂത്തവർ ചൊല്ലുന്നത് നെല്ലിക്കയുടെ സ്വാദിലാണ്. അതാണ് അതിന്റെ ഗുണവും. ഇതു തിരിച്ചറിയുകയാണ് പ്രധാനം. ലഹരി നിരോധനം  ഒരാളുടെ ഉത്തരവാദിത്തമല്ല. ഭരണകൂടങ്ങൾ, പഞ്ചായത്ത് മുതൽ ലോകസഭ വരെ, രക്ഷിതാക്കൾ മുതൽ പൊലീസ് വരെ ഉത്തരവാദികളാണ്.

ഹുസ്ന റാഫി

മക്കൾ വളരുമ്പോൾ അവർക്കൊപ്പം നമ്മളും വളരേണ്ടതുണ്ടെന്നാണ് ഇന്ന് നടക്കുന്ന സംഭവ വികാസങ്ങൾ തിരിച്ചറിവ് നൽകുന്നതെന്ന്  അബുദാബിയിൽ താമസിക്കുന്ന എഴുത്തുകാരി ഹുസ്ന റാഫി പറഞ്ഞു. നമ്മൾ കുളിപ്പിച്ചൊരുക്കി സ്കൂളിൽ അയച്ച കാലത്തു നിൽക്കുന്നവരാണ് പല അമ്മമാരും. വീട്ടിൽ നിന്ന് പൈസ കിട്ടാൻ വേണ്ടി പലപ്പോഴും കുട്ടികൾ പറയുന്ന കള്ളങ്ങൾ വെള്ളം തൊടാതെ വിഴുങ്ങുന്നവർ. മക്കളുടെ പല കൊള്ളാരുതായിമകളും അച്ഛൻമാർ അറിഞ്ഞാൽ ഗുരുതരം ആകും എന്നോർത്തു മറച്ചു വയ്ക്കുന്ന അമ്മമാരെ ഞാൻ കണ്ടിട്ടുണ്ട്. 

ആഡംബരങ്ങളിൽ നിന്ന് അവരെ അകറ്റണം. മൂല്യവത്തായ വിദ്യാഭ്യാസത്തിലൂടെ ഇത് സാധ്യമാക്കാം. സാംസ്കാരികപരമായ കൂട്ടായ്മകളിലൂടെ വളരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും വേണം. ഞെട്ടിക്കുന്ന വാർത്ത കാണുമ്പോൾ വളർന്നുവരുന്ന സ്വന്തം മക്കളെയാണ് ഓർക്കുന്നതെന്നും അവരെക്കുറിച്ച് ഏറെ ആശങ്കയുണ്ടെന്നും കഥാകൃത്തും മലപ്പുറം സ്വദേശിയുമായ ഹുസ്ന റാഫി പറഞ്ഞു.  ഒന്നിച്ചുണ്ട, ഒന്നിച്ചു കളിച്ച, ഒന്നിച്ചു ഒരേ പുതപ്പിനുള്ളിൽ കൂട്ടിപ്പിടിച്ചുറങ്ങിയവരിൽ ഒരാൾ മറ്റൊരാളെ തലക്കടിച്ചു കൊല്ലുക. ചങ്ക് പറിഞ്ഞു പോകും പൊലെ തോന്നി.

വെള്ളിയോടൻ

മക്കൾ നമ്മുടെ ചിറകിനടിയിൽ നിന്ന് പറക്കാൻ തുടങ്ങുന്ന കൗമാര കാലത്ത്  പ്രായത്തിന്റെ കുരുത്തക്കേടെന്ന് നിസ്സാരമാക്കാതെ തിരുത്തേണ്ടത് തിരുത്തുക, ശിക്ഷിക്കേണ്ട കാര്യങ്ങളിൽ ശിക്ഷിക്കുക, പൈസ ചോദിക്കുമ്പോൾ അത് എന്തിനു വേണ്ടിയെന്ന് അന്വേഷിച്ചറിയുക, ഒരു ഘട്ടം വരെ കൂടെ ഉണ്ടാവുക, മാനുഷിക മൂല്യങ്ങൾ പറഞ്ഞു കൊടുത്തു മക്കളെ വളർത്തുക. കേരളത്തിൽ നടുക്കുന്ന കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിന് പിന്നിലെ പ്രധാന കാരണം സമൂഹം ആവർത്തിക്കുന്ന തെറ്റുകളാണെന്ന് എഴുത്തുകാരനും സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനുമായ വെള്ളിയോടൻ പറഞ്ഞു.

കുറ്റകൃത്യങ്ങൾ നടന്ന ശേഷം പ്രതിയുടെ മാനസിക നില പരിശോധിക്കുന്നതിൽ അർഥമില്ല. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും മാനസിക നില പരിശോധിക്കാനുള്ള സംവിധാനം സർക്കാർ നടപ്പിലാക്കണം. പ്രത്യേകിച്ച് 18 വയസ്സു കഴിയുന്നവരെ കൗൺസിലിങ്ങിന് വിധേയമാക്കണം. കുറ്റകൃത്യം കഴിഞ്ഞ ശേഷം ഉണരുക എന്ന ഭരണകൂടത്തിന്റെ തെറ്റ് ആവർത്തിക്കാതിരിക്കാൻ ഇതേ വഴിയുള്ളൂ. പ്രവാസികൾ മാത്രമല്ല, എല്ലാ രക്ഷിതാക്കളും അവരുടെ മക്കളെ കരുതലുകളോടെ വളർത്തണം.

തിരുവനന്തപുരത്ത് എന്നല്ല, അടുത്ത കാലത്ത് കേരളത്തിൽ നിന്ന് കേൾക്കുന്ന ഒട്ടുമിക്ക വാർത്തകളും വല്ലാതെ നടുക്കം നൽകുന്നുവെന്ന് ദുബായിൽ ജോലി ചെയ്യുന്ന പത്തനംതിട്ട കൂടൽ സ്വദേശിയായ എഴുത്തുകാരൻ ജോയ് ഡാനിയേൽ പറയുന്നു. വീടും നാടും ഉപേക്ഷിച്ച് വരുന്ന പ്രവാസികൾ പ്രത്യേകിച്ച്, ഇടത്തരം സാമ്പത്തിക സ്ഥിതിയിൽ കുടുംബത്തെ നാട്ടിൽ നിർത്തി വരുന്നവർ, പ്രവാസത്തിൽ നേരിടുന്ന മനസികാവസ്ഥ ഭീതി ഉളവാക്കുന്നതാണ്.

ജോയ് ഡാനിയേൽ

ഇതിന് പ്രധാനകാരണമായി എനിക്ക് തോന്നുന്നത് പുതിയ ജീവിത രീതികളും, സോഷ്യൽ മീഡിയ, ലഹരി, സിനിമ, മൊബൈൽ ഗെയിമുകൾ ഇവയുടെ അതിപ്രസരവുമാണ്. ഇതിൽത്തന്നെ ലഹരിമരുന്ന് ഒരു തലമുറയെത്തന്നെ നശിപ്പിക്കാൻ പാകത്തിൽ നമ്മെ പിടികൂടിയിരിക്കുന്നു. തിയറ്ററിൽ ആയാലും ഒടിടിയിൽ ആയാലും സിനിമകളും സീരീസുകളും എല്ലാം മദ്യം, പുകവലി, ലഹരിമരുന്ന്, അക്രമം എന്നിവയെ പ്രത്യക്ഷമായും പരോക്ഷമായും സാമാന്യവത്കരിക്കുകയും പുതുതലമുറയെ ആകർഷിക്കുകയും ചെയ്യുന്നു.

ഇന്നിറങ്ങുന്ന ഒട്ടുമിക്ക സിനിമകളും ന്യുജൻ എന്ന ഓമനപ്പേരിൽ വരുന്നതാണ്. അവരെ ഇളക്കിമറിക്കുവാൻ പാകത്തിൽ എന്തും കഥയിൽ കയറിക്കൂടുകയും പിന്നീട് പലരും അത് ജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്യുന്നു. അക്രമവും കുറ്റവും അതിജീവനം എന്ന നിലയിൽ പ്രചരിക്കപ്പെടുന്നു. 'തന്ത വൈബ്', 'വാഴ' പോലുള്ള പ്രയോഗങ്ങൾ കേവലം തമാശയിൽ നിന്ന് മാറി പ്രതികാരരൂപം പ്രാപിക്കുന്നു. ഇന്ന് സിനിമകളിൽ മൃഗങ്ങളെ ഉപദ്രവിച്ചിട്ടില്ല, സ്ത്രീകൾക്കെതിരെ അക്രമം ചെയ്‌തില്ല, മദ്യം, പുകവലി ഹാനികരം എന്നൊക്കെ എഴുതി കാണിക്കും.

എന്നാൽ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ 'മനുഷ്യനെ ഉപദ്രവിക്കുന്ന' കാഴ്ചകളാണ് കാണിക്കുന്നത്.  നിയമപ്രകാരമുള്ള മുന്നറിയിപ്പ് എന്ന ലേബലിൽ മാത്രം എഴുതിക്കാണിച്ചത് കിടക്കുന്നു. ഏത് ആപത്തും അവസാനിപ്പിക്കാൻ അതിന്റെ സോഴ്സ് അടയ്ക്കണം. വേര് പിഴുതെറിയണം. കതിരിൽ വളം വച്ചിട്ട് എന്ത് കാര്യം?. ആദ്യം ഇതൊക്കെ വരുന്ന വഴികൾ അടയ്ക്കുക, ഒപ്പം ബോധവത്കരണം തുടരുക. ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, സമൂഹമാധ്യമങ്ങൾ ഇവിടെയെല്ലാം പ്രബോധനം ഉണ്ടാകട്ടെ. വേലി വിളവ് തിന്നാതിരിക്കട്ടെ.

തിരുവനന്തപുരത്തെ കൂട്ടക്കൊല നടത്തിയ പ്രതി അഫാന്റെ മാനസികാവസ്ഥ ഇങ്ങനെ ആവുന്നതിൽ പ്രധാനമായും സാഹചര്യങ്ങൾക്ക് പങ്കുണ്ടെന്ന് ദുബായിൽ സംഗീതാധ്യാപികയായ സുനിത കോങ്ങോട്ട് പറഞ്ഞു. കോവിഡിന് ശേഷമുള്ള സാമ്പത്തിക തകർച്ചയും ആ സമയത്തുള്ള അമിതമായ ഇന്റർനെറ്റ്‌, ഓൺലൈൻ ഉപയോഗവും ഒരുപാട് മനുഷ്യരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. ഒരു വീട്ടിൽ നാല് പേരുണ്ടെങ്കിൽ ഫോണുമായി നാല് മുറികളിൽ ആയി. അതിന് ശേഷമാണ് ഇത്രയേറെ ക്രൂര കൃത്യങ്ങൾ നടക്കുന്നത്.

സുനിത കോങ്ങാട്ട്

നമ്മുടെ നാടിനെ ഈ അവസ്ഥയിൽ നിന്നും മാറ്റിയെടുക്കേണ്ട ഉത്തരവാദിത്തം നമുക്കൊരോരുത്തർക്കുമുണ്ട്. പണ്ടുണ്ടായിരുന്ന പോലെ ബാലസംഘവും ബാലജനസംഖ്യവും ഒക്കെ വേണം. കഥകൾ പറഞ്ഞും പാട്ടുപാടിയുമാണ് കുട്ടികൾ വളരേണ്ടത്. ഓൺലൈൻ ഗെയിമുകൾക്ക് മുന്നിലിരുന്നു തുരു തുരെ ആൾക്കാരെ ചേസ് ചെയ്തു വെടിവച്ചിടുന്നതിൽ വിജയിക്കുമ്പോൾ ആണ് കുട്ടികൾ ചിരിക്കുന്നത്.  ഇതാണ് അവന്റെ കുഞ്ഞ് മനസ്സിൽ പതിയുന്നത്. അപ്പോൾ എങ്ങനെ കൊല്ലുന്നത് കുറ്റമാകും?.  രക്ഷിതാക്കൾ ആണ് മാറേണ്ടത്.

ആദ്യമേ തൊട്ടു ഒരു പൊളിച്ചെഴുത്തു ആവശ്യമാണ്‌. വീട്ടിൽ സ്കൂളിൽ പള്ളികളിൽ അമ്പലത്തിൽ ഒക്കെ. ഈ മരണത്തിന്റെ വാർത്തകൾക്ക് താഴെ പോലും എത്ര മത വിദ്വേഷം നിറഞ്ഞ കമെന്റുകളാണ്. ആ പ്രതിയുടെ സ്ഥാനത്ത് സ്വന്തം മകനെ കണ്ടാൽ നമുക്കാണ് ഇങ്ങനെ ഒന്ന് വന്നതെങ്കിൽ എന്ന് ചിന്തിക്കാൻ മനുഷ്യൻ പ്രാപ്തനാകും വിധം സഹാനുഭൂതി, കാരുണ്യം ഒക്കെ ഉണ്ടാവണം. സ്വബോധത്തോടെ ഒരിക്കലും ഒരാൾക്ക് ഇത്രയും നീചമയ കൊലപാതകം ചെയ്യാൻ കഴിയില്ലെന്നാണ് കഴിഞ്ഞ 9 വർഷമായി ദുബായിൽ താമസിക്കുന്ന കവയിത്രി കൂടിയായ കോഴിക്കോട് രാമനാട്ടുകര സ്വദേശി പ്രേമ ശ്രീകുമാറിന്റെ അഭിപ്രായം.

പ്രേമ ശ്രീകുമാർ

ആരെയാണ് ഇക്കാലത്ത് വിശ്വസിക്കാൻ കഴിയുക. രക്തബന്ധമുള്ളവർ തന്നെ ഇങ്ങനെയൊക്കെ ചെയ്യുന്നതുകാണുമ്പോൾ ലഹരി ഒരാളിൽ എത്രത്തോളം ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്ന് ഓർത്തു നടുങ്ങിപ്പോകുന്നു. കുടുംബം നാട്ടിലുള്ള ഓരോ പ്രവാസിയും ഇപ്പോൾ ഭീതിയിലായിരിക്കും. എപ്പോഴാണ് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാത്ത അവസ്ഥയിലാണ് നാടിപ്പോൾ. പ്രവാസികളുടെ നാട്ടിലുള്ള കുടുംബത്തേയും മക്കളേയും പ്രവാസിതന്നെ സംരക്ഷിക്കണം. ആരെങ്കിലും സംരക്ഷണം കൊടുക്കും എന്ന് ചിന്തിക്കരുത്.

നാട്ടിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ച് ഇടയ്ക്ക് വീട്ടിലെ കാര്യങ്ങൾ പറയണം. അവിടുത്തെ വിശേഷങ്ങൾ അന്വേഷിക്കണം. ദിവസത്തിൽ ഒരിക്കലെങ്കിലും പ്രവാസി നാട്ടിലുള്ള മക്കളോടും ഭാര്യയോടും സംസാരിക്കണം. സമയം കിട്ടുമെങ്കിൽ രണ്ടുനേരം വിളിക്കണം. അപ്പോൾ മക്കളുടെ മനസ്സ് കാണാൻ സാധിക്കും. തിരുവനന്തപുരത്തെ കൊലപാതകി ഒരു പ്രവാസിയുടെ മകൻ ആണ് എന്നത് ഏറെ ചിന്തകൾക്ക് വകവയ്ക്കുന്നുണ്ടെന്ന് എഴുത്തുകാരനും യുവ സംരംഭകനുമായ തൃശൂർ സ്വദേശി മഹേഷ് പൗലോസ് പറഞ്ഞു.

മഹേഷ് പൗലോസ്

കൂടുതൽ മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനാണ് ഓരോ പ്രവാസിയും കഷ്ടപ്പെടുന്നത്. തന്റേതല്ലാത്ത കാരണങ്ങളാൽ പ്രവാസി പരാജയപ്പെടുമ്പോൾ അവരെ കൂടെ നിർത്തേണ്ടത് ഓരോ കുടുംബാംഗങ്ങളുടെയും കർത്തവ്യമാണ്. അത് പലപ്പോഴും കിട്ടുന്നില്ലെന്നത് വളരെ പ്രയാസമുണ്ടാക്കുന്ന കാര്യം. അത് കൂടുതൽ സാമ്പത്തികപ്രതിസന്ധികളിലേക്ക് അവരെ നയിക്കും. നാട്ടിലെ തന്റെ കുടുംബത്തിലെ ഓരോ വ്യക്തിയും തന്റെ അവസ്‌ഥ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ പണം വരുന്ന സ്രോതസ്സ് മാത്രമായി അവർ പ്രവാസികളെ കണക്കാക്കു.

മക്കളുടെ അനാവശ്യ ആവശ്യങ്ങൾ നിയന്ത്രിക്കാൻ പ്രവാസിക്കാവണം. കുടുംബാംഗങ്ങളുടെ സാമ്പത്തിക അച്ചടക്കം ഏറെ പ്രധാനപ്പെട്ടതാണ്. അതുപോലെ ശാസ്ത്രപുരോഗതിക്കനുസരിച്ച് മക്കളുടെ അറിവിനെ തിരിച്ചുവിടാനാവണം. സ്‌കൂൾതലം മുതൽ ഈ ബോധവൽക്കരണം നടത്തണം. ലഹരിയുടെ വിപത്തുകളെ സമൂഹത്തിൽനിന്ന് പിഴുതെറിയാൻ പഠനത്തോടൊപ്പം കലാകായിക സാംസ്കാരികരംഗങ്ങളിൽ യുവതലമുറയുടെ പങ്കാളിത്തം ഉറപ്പാക്കണം. ഇക്കാര്യത്തിൽ കുടുംബാംഗങ്ങളും ഭരണകൂടവും കലാലയങ്ങളും ശ്രദ്ധിച്ചാൽ വലിയ മാറ്റം ഉണ്ടാകും.

കേരളത്തിലെ ഇന്നത്തെ നിയമവ്യവസ്ഥയിൽ വരുത്തേണ്ട മാറ്റങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഇതിലും വലിയ ദുരന്തങ്ങളെ നമുക്ക് അഭിമുഖീകരിക്കേണ്ടിവരും. എല്ലാവരും ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ യുവതലമുറയിൽ ഒട്ടേറെപ്പേർ ഇന്ന് ലഹരിയിൽ മുങ്ങി നാശത്തിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്.  കിട്ടാതെ വരുമ്പോഴും വാങ്ങാൻ കാശില്ലെങ്കിലും പിടിച്ച് പറിയും അക്രമവും കാട്ടാൻ മടിയില്ലാതായിരിക്കുന്നു. ഇന്റർനെറ്റ് യുഗത്തിൽ യുവതലമുറയ്ക്ക് അറിവ് കൂടുതലാണ്. അത് അവർ നേരായ വഴിയിലൂടെ ഉപയോഗിക്കാതെ നാശത്തിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്.

ഈ വിപത്തിൽ നിന്നും യുവതലമുറയെ രക്ഷിക്കാനുള്ള തീവ്ര പ്രയത്നം തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്ന് തന്നെ. കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കുക, അവരുമായി തുറന്നിടപഴകുക, ഓരോ ദിവസത്തെയും അനുഭവങ്ങള്‍ ചോദിച്ചറിയുക, ഇടയ്‌ക്കൊക്കെ മുറിയും ബാഗും പരിശോധിക്കുക, കൂട്ടുകാരെ അറിഞ്ഞിരിക്കുക. സ്വഭാവത്തില്‍, പെരുമാറ്റത്തില്‍ വ്യത്യാസങ്ങള്‍ വരുന്നുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ പൂണമായും ശ്രദ്ധ കേന്ദ്രീകരിക്കുക. പണം കൂടുതല്‍ ആവശ്യപ്പെടുക, സംസാരത്തില്‍ വ്യത്യാസങ്ങള്‍ വരുക, ഉറക്കക്കൂടുതൽ, കുറവ്, ബോധമില്ലായ്മ, തന്നിലോ മറ്റുള്ളവരിലൊ ശാരീരികവും മാനസികവുമായി ആഘാതങ്ങള്‍ ഏല്‍പ്പിക്കുക, സ്ഥിരം ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരുക, തുടങ്ങിയ മാറ്റങ്ങള്‍ കുട്ടികളിൽ ഉണ്ടോ എന്ന് ശ്രദ്ധിക്കുക.

തുടക്കത്തിൽ കണ്ടുപിടിക്കാൻ സാധിച്ചാൽ വലിയൊരു വിപത്തിൽ നിന്നും പുത്തൻതലമുറയെ രക്ഷിച്ചെടുക്കാൻ സാധിക്കും. വളർന്നുവരുന്ന തലമുറ വഴിതെറ്റിപ്പോയാൽ ഇനിയുള്ള കാലം ആർക്കും മനസമാധാനത്തോടെ ജീവിക്കാൻ കഴിയില്ല. ഈ തലമുറ ഒന്നാകെ നശിച്ചു പോകും. എല്ലാവരും ഇതിനെതിരെ ശക്തമായി പ്രതികരിക്കുക. ഇത് നാട്ടിൽ നിന്നും പാടെ തുടച്ചു നീക്കണം. ഇത് ഉപയോഗിക്കുന്നവർക്കും വില്പന നടത്തുന്നവർക്കും ഇതിന്റെ വലിയ കണ്ണികൾക്കും തക്കതായ ശിക്ഷ നൽകുക മുതലായ കാര്യങ്ങൾ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പ്രേമ ശ്രീകുമാർ പറഞ്ഞു.

ലഹരി യഥേഷ്ടം ലഭ്യമായ കാലത്ത് പ്രവാസികളുടേത് മാത്രമല്ല, ഓരോ കുടുംബവും അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ദുബായിൽ എൻജിനീയറായ യുവ കവി കോഴിക്കോട് കൊയിലാണ്ടി സ്വദേശി ജിതിൻ രാജ് പറഞ്ഞു. ഇന്ന് കേരളത്തിലും പുറത്തും നടക്കുന്ന ക്രൂരമായ കൊലപാതകങ്ങൾക്ക് പിന്നിൽ ലഹരി എന്ന രാക്ഷകൻ തന്നെയാണെന്ന് കാണാം. കുടുംബം എന്ന ആശയം തന്നെയില്ലാതായി, എല്ലാവരും മൊബൈൽ ഫോണിലൂടെ അവനവനിലേയ്ക്ക് തന്നെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഖേദകരമായ കാഴ്ചയാണ് എല്ലായിടത്തും കാണുന്നത്.

ജിതിൻ രാജ്

അടുത്തിടെ നാട്ടിലെ ഒരു സ്കൂളിൽ ചെന്നപ്പോൾ ആറാം ക്ലാസിന് മുന്നിലെ ബോർഡിൽ സേ, നോ ടു ഡ്രഗ്സ് എന്ന ബോർഡ് കണ്ട് ഞാൻ ഏറെ നേരം ആലോചനാമഗ്നനായി. പത്ത് പതിനഞ്ച് വർഷത്തിന് മുൻപ് അവിടെയൊക്കെയുണ്ടായിരുന്ന ബോർഡ് അങ്ങനെയല്ലായിരുന്നു. ലഹരിയുടെ മണം തിരിച്ചറിയാൻ നമ്മുടെ അടുക്കളയ്ക്ക് പോലും കഴിയുന്നുണ്ടെങ്കിൽ അത് എല്ലാവരിലും ഞെട്ടലുളവാക്കേണ്ട ഒന്നു തന്നെയാണ്. ഓരോ പ്രാവാസിയും ഭരണകൂടത്തോട് ഉറക്കെ പറയേണ്ടത് എത്രയും പെട്ടെന്ന് കാലപ്പഴക്കം ചെന്ന  നിയമവ്യവസ്ഥകൾ പൊളിച്ചെഴുതി ശിക്ഷകൾ കടുപ്പമാക്കണമെന്നാണെന്ന്  ദുബായിൽ താമസിക്കുന്ന കാർഷിക വിദഗ്ധ തൃശൂർ മാള സ്വദേശി സനീറ ഹസൈനാറിന്റെ അഭിപ്രായം.

സനീറ ഹസൈനാർ

വീടിന്റെയും സമൂഹത്തിന്റെയും സാഹചര്യങ്ങൾ  കുട്ടികളെ  തെറ്റിലേക്ക് നയിക്കാൻ സാഹചര്യം ഉണ്ടാക്കുന്നു.  നാട്ടിലെ സാഹചര്യങ്ങൾ ആണ് മാറേണ്ടത്. ആഡംബരങ്ങളും ആഘോഷങ്ങളും ഒക്കെ കോവിഡ്19 കാലഘട്ടത്തിലേതു പോലെ കൊണ്ട് വരണം.  രാജ്യം പുരോഗമനത്തിലേക്കു കുതിക്കുമ്പോൾ പുതുതലമുറകളെ തെറ്റിലേക്കു നയിയ്ക്കാനുള്ള സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. ഓരോ രക്ഷിതാവും അതിൽ ശ്രദ്ധയൂന്നുക.  ലഹരി എന്ന ലോകത്തെക്കുറിച്ച്  കുട്ടികളെ  ചെറിയ ക്ലാസ് മുതൽ ബോധവത്കരിക്കുന്ന പാഠ്യ പദ്ധ്യതി ഉണ്ടാകണം.

രാജ്യത്തിന്റെ ഭരണസംവിധാനങ്ങളും നിയമപാലകരും മാത്രം ആണ് നമ്മുടെ നാടിന്റെയും കുടുംബത്തിന്റെയും സുരക്ഷ എന്ന ചിന്ത മാറ്റി  കുട്ടികൾ മുതൽ മുതിർന്നവർ വരെ തെറ്റുകൾ കണ്ടെത്താനും പ്രതിഷേധിക്കാനും പരസ്പരം സഹായികളായി കൈകോർത്തു നല്ലൊരു സമൂഹം ഉണ്ടാക്കാൻ ശ്രമിയ്ക്കുക. നിയമങ്ങൾ ശക്തമായാൽ രാജ്യം ലഹരി വിമുക്തി നേടും.   തിരുവനന്തപുരത്ത് നടന്ന ഞെട്ടിക്കുന്ന കൂട്ടക്കൊല കേരളത്തിലെ ലഹരി  നിഗൂഢതയെയും അതിന്റെ ഭീകര പര്യവസാനങ്ങളെയും വെളിപ്പെടുത്തുന്ന സംഭവമാണെന്ന് സാമൂഹിക പ്രവർത്തകൻ ഷാജി ഷംസുദ്ദീൻ പറഞ്ഞു.

ഷാജി ഷംസുദ്ദീൻ

അച്ഛൻ വിദേശത്ത് അധ്വാനിച്ച് ജീവിക്കുമ്പോൾ മകൻ നാട്ടിൽ ലഹരിയുടെ പിടിയിലായി അഗാധ ഗർത്തത്തിലേക്ക് വീഴുന്നത് ദാരുണമായ യാഥാർഥ്യമാണ്. പ്രവാസജീവിതം വലിയ ത്യാഗങ്ങളുടെ ചരിത്രമാണ്. കുടുംബത്തിന്റെ ഭാവി കരുതിയാണ് പലരും ഈ ജീവിതം തിരഞ്ഞെടുത്തത്. എന്നാൽ നാട്ടിൽ നമ്മുടെ മക്കൾ സുരക്ഷിതരല്ലെങ്കിൽ ഈ ത്യാഗത്തിന് എന്ത് ഫലമുണ്ട്? ഈ കൂട്ടക്കൊലയും അതിന് പിന്നിലെ ദുരന്തകരമായ സത്യാവസ്ഥയും അത്യന്തം വേദനാജനകമാണ്. പ്രവാസികളുടെ മക്കളെ രക്ഷിക്കാൻ കുടുംബം, സമൂഹം, സർക്കാർ എല്ലാം ചേർന്ന് പ്രവർത്തിക്കണം

പിതാവോ മാതാവോ വിദേശത്ത് ജോലി ചെയ്യുമ്പോൾ, അവരെ കരുതലോടെ വളർത്താൻ കുടുംബത്തിലെ മറ്റ് മുതിർന്നവർക്കും ഉത്തരവാദിത്തമുണ്ട്. അതുപോലെ സ്കൂളുകളും സമൂഹവും കുട്ടികളെ ശരിയായ ദിശയിൽ നയിക്കാൻ മുൻപന്തിയിൽ വരണം. ഇപ്പോൾ വളരുന്ന തലമുറ ഒരു ദിശാരഹിതാവസ്ഥയിലാണ്. അകത്തളങ്ങളിൽ അനുഭവപ്പെടുന്ന മാനസിക സമ്മർദ്ദങ്ങളും വഴിതെറ്റിയ ബന്ധങ്ങളുമാണ് പലരെയും ലഹരിയിലേക്ക് തള്ളിവിടുന്നത്.

നേരത്തെ കുടുംബബന്ധങ്ങൾ ഉറപ്പുള്ള ഒരു കാലമുണ്ടായിരുന്നു, എന്നാൽ ഇന്ന് ഡിജിറ്റൽ ലോകം കുടുംബബന്ധങ്ങളെ പോലും അകറ്റിയിരിക്കുന്നു.  മുതിർന്നവരുടെ ഉപദേശങ്ങളെ പരിഹസിച്ച് തള്ളുന്ന ഒരു തലമുറ വളർന്നുവരികയാണ്. ശാസ്ത്രീയമായ പഠനങ്ങൾ പ്രകാരം, മാതാപിതാക്കളുടെ നിർദ്ദേശങ്ങൾ അവഗണിക്കുന്ന യുവാക്കൾ ഭാവിയിൽ കൂടുതൽ പ്രശ്നങ്ങളിൽ അകപ്പെടാൻ സാധ്യതയുണ്ട്. സ്കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികൾ ശക്തമാക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. 

കേൾക്കുമ്പോൾ നടുങ്ങുന്നതും ചിന്തിക്കുമ്പോൾ ആശങ്ക ജനിപ്പിക്കുന്നതുമായ വാർത്തകളിൽ ഒന്നാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കൂട്ടക്കൊലയെ ഷാർജയിലെ വീട്ടമ്മയും കലാകാരിയുമായ കോഴിക്കോട് സ്വദേശി മിനി മനോജ് പറഞ്ഞു. ആവശ്യമായ സ്നേഹവും കരുതലും നൽകി മാതാപിതാക്കൾ നല്ല  തീരുമാനങ്ങളെടുത്ത് നല്ല ജീവിതം കാണിച്ചു കൊടുത്തു മാതൃകയാവണം. മക്കൾ തെറ്റുകൾ ചെയ്തു പോയാൽ ആദ്യം തന്നെ അവരെ കുറ്റപ്പെടുത്താതെ അതിനുള്ളിലെ സാഹചര്യം എന്തായിരുന്നെന്നോ മാനസികാവസ്ഥ എന്താണെന്നോ മനസ്സിലാക്കുക.

മിനി മനോജ്

ലഹരിയിൽ നിന്നും   മദ്യത്തിൽ നിന്നും തലമുറയെ രക്ഷിക്കാനും അക്രമ മനോഭാവവും ചിന്തകളും വരാതിരിക്കാനും, ആവശ്യമായ നല്ല രീതിയിലുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുകയും ആവശ്യമാണെങ്കിൽ ചികിത്സാ സംവിധാനം ഒരുക്കുകയും ചെയ്യാൻ നമുക്ക് ഒത്തുചേർന്ന്  പ്രവർത്തിക്കാം.

English Summary:

Gulf diaspora Reacting to the Venjaramoodu Mass Murder. Crimes that are increasing day by day in Kerala are worrying the Expats