3000 പൊലീസുകാർ വളഞ്ഞു; ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് അറസ്റ്റിൽ, അനുയായികളിലൊരാൾ തീ കൊളുത്തി ജീവനൊടുക്കി

ദക്ഷിണ കൊറിയയിൽ പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിന് ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോൽ (64) അറസ്റ്റിലായി.
ദക്ഷിണ കൊറിയയിൽ പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിന് ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോൽ (64) അറസ്റ്റിലായി.
ദക്ഷിണ കൊറിയയിൽ പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിന് ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോൽ (64) അറസ്റ്റിലായി.
സോൾ ∙ ദക്ഷിണ കൊറിയയിൽ പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിന് ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോൽ (64) അറസ്റ്റിലായി. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന രാജ്യത്തെ ആദ്യ പ്രസിഡന്റാണ്. മൂവായിരത്തോളം പൊലീസ് ഓഫിസർമാർ പ്രസിഡന്റിന്റെ മലയോര വസതി വളഞ്ഞാണു നടപടി. ഈ മാസം 3ന് അറസ്റ്റിനായി പൊലീസ് എത്തിയെങ്കിലും പ്രസിഡന്റിന്റെ സുരക്ഷാഭടന്മാർ തടഞ്ഞതിനാൽ 5 മണിക്കൂർ കാത്തുനിന്നശേഷം മടങ്ങേണ്ടിവന്നിരുന്നു.
തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നാരോപിച്ചാണു ഡിസംബർ 3നു പ്രസിഡന്റ് പട്ടാളം നിയമം പ്രഖ്യാപിച്ചത്. ഡിസംബർ 14നു പാർലമെന്റ് വോട്ടിനിട്ട് പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു. ഇംപീച്ച്മെന്റ് നടപടി ഭരണഘടനാ കോടതി അംഗീകരിച്ചാൽ മാത്രമേ യൂനിനെ പുറത്താക്കാനാകൂ.
ഉന്നതരുടെ അഴിമതി അന്വേഷിക്കുന്ന കറപ്ഷൻ ഇൻവെസ്റ്റിഗേഷൻ ഓഫിസാണു (സിഐഒ) പ്രസിഡന്റിനെതിരായ കേസ് കൈകാര്യം ചെയ്യുന്നത്. ഭരണഘടന അട്ടിമറിക്കാൻ ശ്രമിച്ചെന്നാണു കുറ്റം. തെറ്റായ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനു നിയമസാധുതയില്ലെന്നും ഈ കേസ് അന്വേഷിക്കാൻ സിഐഒയ്ക്ക് അധികാരമില്ലെന്നുമാണു പ്രസിഡന്റിന്റെ അഭിഭാഷകരുടെ വാദം.
സിഐഒ ആസ്ഥാനത്ത് എത്തിച്ചു ചോദ്യംചെയ്ത ശേഷം യൂനിനെ ജയിലിലേക്കു മാറ്റി. അതിനിടെ, സിഐഒ ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധിച്ച യൂനിന്റെ അനുയായികളിലൊരാൾ സ്വയം തീ കൊളുത്തി ജീവനൊടുക്കി.
2022 ലാണു യൂൻ പ്രസിഡന്റായത്. കഴിഞ്ഞ വർഷം ഏപ്രിലിലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിക്കു 300 അംഗ പാർലമെന്റിൽ 199 സീറ്റ് ലഭിച്ചതോടെ പ്രസിഡന്റിന്റെ കക്ഷിയായ പീപ്പിൾസ് പവർ പാർട്ടിക്ക് (പിപിപി) ബില്ലുകൾ പാസാക്കാൻ കഴിയാത്ത സ്ഥിതിയായി. ഇതിനിടെ പ്രസിഡന്റിന്റെ ഭാര്യയ്ക്കെതിരെ അഴിമതിയാരോപണങ്ങളും ഉയർന്നു.
ധനമന്ത്രി ചോയ് സാങ്മോക് ആണു നിലവിൽ ആക്ടിങ് പ്രസിഡന്റ്. പ്രതിപക്ഷത്തിന്റെ എതിർപ്പു മൂലം ആദ്യത്തെ ആക്ടിങ് പ്രസിഡന്റായ പ്രധാനമന്ത്രി ഹാൻ ഡക്‌സുവിനെ പുറത്താക്കിയാണു ധനമന്ത്രിയെ നിയമിച്ചത്.