പ്രളയത്തിനു ശേഷം വീടുകളിലേക്കു മടങ്ങുന്നവർക്കു മുന്നിൽ ഭീതിയുടെ പത്തി വിടർത്തുകയാണ് വിഷജന്തുക്കൾ. ചെറുകീടങ്ങൾ മുതൽ പാമ്പുകൾ വരെയുള്ള വിഷജന്തുക്കളെ തുരത്താൻ ആയുർവേദം നിങ്ങളെ സഹായിക്കും.
എന്തൊക്കെ ചെയ്യാം?
∙ മലിനജലത്തിൽ ഇറങ്ങുന്നതിനുമുൻപു ഗുഗ്ഗുലുമരിചാദി തൈലം, ജാത്യാദികേരം, കർപ്പൂരാദി തൈലം എന്നിവ മൂന്നും ചേർത്തോ ഏതെങ്കിലും ഒന്ന് മഞ്ഞൾപൊടിയിൽ ചേർത്തോ ദേഹത്തു പുരട്ടാം. ശരീരത്തിൽ അധികമായി അഴുക്കുപറ്റുന്നത് ഇങ്ങനെ കുറയ്ക്കാം. കൊതുകു പോലുള്ള പ്രാണികളുടെ കടിയിൽനിന്നു രക്ഷയുമാകും.
∙ വീടുവൃത്തിയാക്കി ഒരു മാസത്തിനുശേഷം പാമ്പിനെ കണ്ട സന്ദർഭങ്ങളുണ്ട്. അതിനാൽ വീടു വൃത്തിയാക്കിയ ശേഷം വെളുത്തുള്ളി, കായം, മണ്ണെണ്ണ എന്നിവ ചേർത്ത മിശ്രിതം തളിക്കാം. ഒരാഴ്ചയെങ്കിലും തുടർച്ചയായി തളിക്കുന്നതു നല്ലതാണ്. കിച്ചൻ ക്യാബിനുകൾ, അലമാര, വാഷ്ബേസിന്റെ അടിഭാഗം എന്നിവിടങ്ങളിലും സ്പ്രേ ചെയ്യാം. ക്ഷുദ്രകീടങ്ങളെ അകറ്റാൻ സഹായിക്കും.
∙ മിശ്രിതം തളിച്ചശേഷം വാതിലുകളും ജനലുകളും അടച്ച് അപരാജിത ധൂപചൂർണമോ, കുന്തിരിക്കവും ഗുഗ്ഗുലുവും കൊണ്ടോ വീടിനകത്തു പുകയ്ക്കുന്നതും നന്ന്. ഇതിനുശേഷം വേണം വീടിന്റെ പുറംഭാഗം വൃത്തിയാക്കാൻ. മിശ്രിതം പുറത്തു തളിക്കുമ്പോൾ ജീവികൾ അകത്തേയ്ക്കു പ്രവേശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിഷബാധയേറ്റാൽ...
∙ പഴുതാര, തേൾ, കടന്നല്‍ എന്നിവ കടിച്ചാൽ വില്വാദി ഗുളികയും തുളസിനീരും ചേർത്ത് പുരട്ടാം. വില്വാദി ഗുളികയും ദശാംഗം ഗുളികയും ഉള്ളിലേക്കും കഴിക്കാം.
∙ കടച്ചിൽ ഉണ്ടെങ്കിൽ എരുക്കില കിഴിവയ്ക്കുന്നതു നന്ന്. 20 എരുക്കില പറിച്ച്, 10 എണ്ണം വീതം അടുക്കായി വച്ച് രണ്ടു കെട്ടുകളാക്കുക. ഞെട്ടിന്റെ ഭാഗത്തു കെട്ടിവച്ച് അറ്റം മുറിച്ചുകളയണം. ചീനചട്ടിയിൽ നെയ്യും ഇന്തുപ്പും ചേർത്ത് ചൂടാക്കി, അതിൽ മുറിച്ചുവച്ച ഭാഗം മുക്കി കടച്ചിലുള്ള ഭാഗത്ത് കിഴികുത്താം. മുകളിൽനിന്നു താഴേയ്ക്കു കിഴിവയ്ക്കുന്നതാണ് ഉത്തമം.
∙ ചിലന്തി, ഉറാമ്പുലി എന്നിവ കടിച്ചാൽ ത്രിഫല തൊണ്ടു കൊണ്ട് കഷായം വച്ച് കടിഭാഗത്തു ധാരകോരുന്നതും നന്ന്. നീലിതുളസ്യാദി, ലോധ്ര സേവ്യാദി കഷായങ്ങൾ ഉള്ളിലേക്കു സേവിക്കുന്നതും ഉത്തമം.
∙ അട്ടകൾ ശരീരത്തിൽ കയറാതിരിക്കാൻ കൈകാലുകളിൽ ജാത്യാദി തൈലം, ഗുഗ്ഗുലു മരിചാദി തൈലം എന്നിവ പുരട്ടാം. ഇവ ലഭ്യമല്ലെങ്കിൽ മഞ്ഞൾപൊടി വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടാം.
∙ അട്ടകടിച്ച് രക്തമൂറ്റികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണെങ്കിൽ അൽപം മഞ്ഞൾപൊടിയോ ഉപ്പോ അട്ടയുടെ വായ് ഭാഗത്തായി വിതറിയാൽ പെട്ടെന്നു പൊഴിഞ്ഞു താഴെവീഴും. കടിയേറ്റ ഭാഗം നന്നായി വൃത്തിയാക്കിയശേഷം മഞ്ഞൾപൊടി തേൻ ചേർത്ത് പുരട്ടുന്നതും നല്ലതാണ്. ചൊറിച്ചിലുണ്ടായാൽ മഞ്ഞൾപൊടിക്കൊപ്പം വില്വാദിഗുളിക പൊടിച്ച് പുരട്ടാം.
മറ്റു മുൻകരുതലുകള്‍
∙ കൈകളിൽ ഒന്നും ധരിക്കാതെയും നഗ്നപാദരായും ഇറങ്ങരുത്. ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കാം.
∙ വടികൊണ്ടും കാലടികൊണ്ടും ശബ്ദം ഉണ്ടാക്കി വേണം വീടുകളിൽ പ്രവേശിക്കാൻ. ഇത് ശബ്ദവീചികളെയും ഭൂമിയിലെ തരംഗങ്ങളെയും കൊണ്ടു സഞ്ചരിക്കുന്ന പാമ്പു മുതലായ ജീവികളെ അകറ്റും.
∙ വീട്ടിലെ ജനലുകളും വാതിലുകളും തുറന്നിടണം.
∙ അലമാരകൾ, ഫർണിച്ചറുകള്‍ എന്നിവ ഉയർത്തുമ്പോൾ വടികൊണ്ടോ, കൈകളിൽ കട്ടിയായി തുണികൾ ചുറ്റിയോ ചെയ്യണം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ.സി.എ.ബിമൽ
വിഷ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ
ഗവ.ആയുർവേദ ഡിസ്പെൻസറി, ഒല്ലൂർ(തൃശൂർ)
Read More : Health and Ayurveda