കൊച്ചി ∙ പ്രളയശേഷം ഒരു മാസത്തിനിടെ ജില്ലയിൽ പാമ്പു കടിയേറ്റു ചികിത്സ തേടിയത് 232 പേർ. വിഷചികിത്സയ്ക്ക് ആവശ്യമായ ആന്റിവെനം ജില്ലയിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിനു കരുതിയിരുന്നതിനാൽ വിഷം തീണ്ടിയ കൂടുതൽ പേരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ മാത്രം 130 പേർ പാമ്പുകടിയേറ്റ് എത്തി. ഇവരിൽ വിഷപ്പാമ്പുകളുടെ കടിയേറ്റത് 20 പേർക്ക്. പാമ്പുകടി കൂടുതൽ അപകടകരമാവാൻ പ്രധാന കാരണം ഭയമാണ്. പാമ്പു കടിയേറ്റയാളുടെ പേടി, രക്തസമ്മർദം വർധിച്ചു വിഷം ശരീരത്തിൽ വ്യാപകമാവാൻ കാരണമാവും. ഭയപ്പെടാതെ, ചികിത്സ തേടിയെത്തുന്നവരെ രക്ഷപ്പെടുത്താൻ ഡോക്ടർമാർക്കു കഴിയുന്നുണ്ട്. പക്ഷേ, ധൈര്യം കൂടി ചികിത്സ വൈകാൻ ഇടയാക്കരുത്.
എല്ലാ പാമ്പുകളെയും ഭയപ്പെടേണ്ട
വിഷമുള്ള പാമ്പുകൾ കുറവാണെന്നതു മാത്രമല്ല കടിക്കാൻ അറിയാവുന്ന പാമ്പുകൾ തന്നെ കുറവാണ്. ഏകദേശം 236 ഇനം പാമ്പുകളാണു ലോകത്തുള്ളത്. ഇതിൽ അൻപതോളം എണ്ണത്തിനു വിഷമുണ്ടെങ്കിലും പലതിനും മനുഷ്യ ജീവനെടുക്കാൻ മാത്രം തീവ്രവിഷം ഇല്ല. കേരളത്തിൽ കണ്ടെത്തിയ 104 ഇനം പാമ്പുകളിൽ ഇരുപതിനും മുപ്പതിനും ഇടയ്ക്കു മാത്രമാണു വിഷപ്പാമ്പുകൾ. അതിലും കുറച്ചെണ്ണത്തിനു മാത്രമേ മനുഷ്യജിവനു ഭീഷണിയുയർത്താൻ കഴിയൂ. സാമാന്യം വിഷമുള്ള ചില പാമ്പുകളെ പരിചയപ്പെടാം; ഒപ്പം അവ കടിച്ചാലുണ്ടാകുന്ന ലക്ഷണങ്ങളും
രാജവെമ്പാല
ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായതിന്റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാൻ കഴിയും. എല്ലാ കടികളും മരണത്തിനു കാരണമാവാൻ സാധ്യതയുണ്ട്. പക്ഷേ, രാജവെമ്പാല കടിച്ച സംഭവങ്ങൾ കുറവ്.
മൂർഖൻ
മൂർഖന്റെ കടിയേറ്റാൽ ആ ഭാഗം വിങ്ങുകയും കരിവാളിക്കുകയും നേരിയ തോതിൽ രക്തം വരികയും ചെയ്യും. ന്യൂറോടോക്സിക്ക് സ്വഭാവമുള്ള വിഷം മസ്തിഷ്കത്തെയും സുഷുമ്നാ നാഡിയെയും ബാധിക്കും. ശരീരം വിറയ്ക്കും. വായിൽ നിന്നു നുരയും പതയും വരും. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടു പ്രകടിപ്പിക്കും.
വെള്ളിക്കെട്ടൻ
വിഷത്തിന്റെ വീര്യം കൂടിയ ഇനമാണു വെള്ളിക്കെട്ടൻ (ശംഖുവരയൻ). കടിയേറ്റ ഭാഗത്തു വീക്കമോ വേദനയോ ഉണ്ടാകില്ല. തലയ്ക്കു മത്തു പിടിക്കും. കുറച്ചു സമയത്തിനു ശേഷം ലക്ഷണങ്ങൾ പ്രകടമാവും. ശക്തിയായ വയറുവേദനയും സന്ധിവേദനയും ഉണ്ടാകും. കടിയേറ്റ ഭാഗത്ത് ഇളം പിങ്ക് നിറത്തിലുള്ള നനവു കാണും. തളർച്ചയും ശ്വാസോച്ഛ്വാസം തടസ്സപ്പെടുന്നതും കഫം ഛർദിക്കുന്നതും ലക്ഷണങ്ങളാണ്.
അണലി
കേരളത്തിൽ കാണുന്ന പാമ്പുകളിൽ വലിയ വിഷപ്പല്ലുള്ളത് അണലിക്കാണ്. ജില്ലയിൽ സമീപകാലത്ത് ഏറ്റവും അധികം റിപ്പോർട്ട് ചെയ്തതും അണലിയുടെ കടിയേറ്റ സംഭവങ്ങളാണ്. പ്രത്യേകിച്ചും തീരദേശ മേഖലയിൽ. രക്തത്തെ ബാധിക്കുന്ന വിഷം അവയവങ്ങളെ ബാധിക്കാതെ സൂക്ഷിക്കണം. കടിയുടെ പാട് വലുതായിരിക്കും സമീപം മഞ്ഞനിറം കാണും. വിഷം അമിതമായി ഉള്ളിൽ കയറിയാൽ കണ്ണിലൂടെയും മൂക്കിലൂടെയും രോമകൂപങ്ങളിലൂടെയും രക്തം പൊടിയും.
പാമ്പുകടി, ചില അന്ധവിശ്വാസങ്ങൾ
∙ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചാൽ വിഷം ഇറങ്ങുമെന്ന പ്രചാരണത്തിൽ വിശ്വസിക്കരുത്. അത് അപകടം വർധിപ്പിക്കാനാണു സാധ്യത.
∙ പാമ്പ് പകയോടെ വന്നു കടിച്ചു കൊല്ലുമെന്ന വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയില്ല. പാമ്പിന്റെ തലച്ചോറിലെ ഓർമയുടെ ഭാഗങ്ങൾക്കു വേണ്ടത്ര വികാസമില്ല.
∙ പാമ്പിന്റെ മുറിഞ്ഞ പത്തി പറന്നു കടിക്കുമെന്ന അന്ധവിശ്വാസമുണ്ട്. പക്ഷേ, തലയുടെ മുറിഞ്ഞ ഭാഗം ജീവൻ നഷ്ടപ്പെടും മുൻപു കൈകൊണ്ട് എടുക്കാൻ ശ്രമിക്കരുത്. കടിയേറ്റാൽ വിഷബാധയുണ്ടാവും.
∙ വാലിൽ വിഷമുള്ള പാമ്പുണ്ടെന്ന പ്രചാരണം വിശ്വസിക്കേണ്ടതില്ല, അത്തരം ഒന്നിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.