ദിനചര്യകൾ കൃത്യമായി ചെയ്യുന്നവർക്കു സാധാരണഗതിയിൽ തലവേദന വരാറില്ല. വന്നാൽ അതു ചിലപ്പോൾ സാധാരണ തലവേദന മാത്രമാകാം. അതു നിസ്സാരമായി തള്ളാം. പക്ഷേ, ചിലതു കഠിനമായ രോഗങ്ങളിൽ വല്ലതിന്റെയും സൂചനയുമാകാം. ഏതുതരം തലവേദനയായാലും പെട്ടെന്നൊന്നും മാറുന്നില്ലെങ്കിൽ വിദഗ്ധ പരിശോധന നടത്തുകതന്നെ വേണം. ഇപ്പോഴതിനു സൗകര്യമുണ്ടുതാനും.
തലച്ചോറിന്റെയും ബന്ധപ്പെട്ട ഞരമ്പുകളുടെയും തലയ്ക്കു പുറമേയുള്ള ഭാഗങ്ങളുടെയും പ്രശ്നങ്ങൾ കാരണമാണു സാധാരണഗതിയിൽ തലവേദനയുണ്ടാവുക. വാതം, പിത്തം, കഫം എന്നിവകൊണ്ടും തലവേദന വരാം. വയറു കേടായാലും തലവേദന വരാനിടയുണ്ട്. തണുത്ത കാറ്റടിച്ചാലും മഞ്ഞു കൊണ്ടാലും കാലാവസ്ഥ നോക്കാതെ തണുത്ത വെള്ളം കുടിച്ചാലും ഉറക്കമൊഴിച്ചാലും വെയിലധികം കൊണ്ടാലും കഠിനമായ ജോലി തുടർച്ചയായി ചെയ്താലും തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിച്ചാലും ചിലർക്കു തലവേദനവരും.
പനിയോടൊപ്പം ചിലർക്കു തലവേദനയുണ്ടാകാം. മലബന്ധം, മൂലക്കുരു, ഗ്യാസ് എന്നിവയുള്ളവർക്കും തലവേദന വരാം. പമ്പിലെ പെട്രോൾ അടിക്കുന്നവർക്കും ടെക്സ്റ്റൈലുകളിൽ എസി മുറികളിൽ തുണിയുടെ പൊടി ശ്വസിക്കുന്നവർക്കും തലവേദന വരാറുണ്ട്. കണ്ണോ മൂക്കോ ചെവിയോ വായയോ ആയി ബന്ധപ്പെട്ട രോഗംവന്നാലും തലവേദനയുണ്ടാകാം. കണ്ണിലെ പ്രഷർ കൂടിയാൽ തലവേദന ഉറപ്പ്.
തുടർച്ചയായി നിൽക്കുന്ന കടുത്ത തലവേദനയാണു മൈഗ്രേൻ. തലയുടെ ഉൾവശത്തും പുറമേയുള്ളതുമായ രക്തക്കുഴലുകൾ തുടർച്ചയായി വികസിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു തലവേദന വരിക. ചിലർക്കു ഛർദിച്ചാൽ മൈഗ്രേൻ കുറയും. മുഖത്തിന്റെയോ തലയുടെയോ ഒരുഭാഗം മാത്രമായി വരുന്ന തലവേദനയുണ്ട്. ഈ തലവേദന രണ്ടാഴ്ച കൂടുമ്പോൾ വന്നുകൊണ്ടിരിക്കും. നെറ്റിയുടെ ഉള്ളിൽ കഫം നിറഞ്ഞ് ഉണ്ടാകുന്ന സൈനസൈറ്റിസ് മൂലവും തലവേദനയുണ്ടാകാം. മുഖത്തേക്കു വരുന്ന ഡ്രൈജനിലൽ ഞരമ്പിന്റെ തകരാറുമൂലം ഉണ്ടാകുന്ന ന്യൂറാൾജിയ അസഹ്യമായ വേദനയോടു കൂടിയതാണ്. ഭക്ഷ്യവിഷബാധ വന്നാലും വരും തലവേദന.
പല തലവേദനകൾക്കും കാരണം നിർജലീകരണമാണ്. അതുകൊണ്ടു തലവേദന വന്നാൽ നന്നായി വെള്ളം കുടിക്കണം. രാത്രി ഉറക്കമിളയ്ക്കുന്നവർ അത്രയും സമയം അടുത്ത ദിവസം ഉറങ്ങിത്തീർക്കണം. ഇളംചൂടുള്ള എണ്ണ തലയിൽ മസാജ് ചെയ്തു ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കണം. ഗർഭിണികൾക്കു ചെന്നിക്കുത്തു വരുന്നതു വേണ്ടത്ര വെള്ളം കുടിക്കാത്തതുകൊണ്ടുകൂടിയാകാം. ചെറു നാരങ്ങാനീരിൽ ഉപ്പും പഞ്ചസാരയും നേരിയ അളവിൽ ചേർത്തു കുടിച്ചാൽ ആ ചെന്നിക്കുത്തിനു ശമനമുണ്ടാകും. ഇടയ്ക്കു കഞ്ഞിവെള്ളമോ പാലോ പഴവർഗങ്ങളോ അവർക്ക് ആകാം. പൊതുവായി വരുന്ന തലവേദനയ്ക്ക് അമിതമായ ടിവി കംപ്യൂട്ടർ ഉപയോഗം ഇക്കാലത്തു കാരണമാവുന്നുണ്ട്. ചായ / കാപ്പി എണ്ണം കുറയ്ക്കണം. മദ്യപാനവും തലവേദന കൂട്ടും.