പ്രമേഹത്തിന് ഊന്നല്‍ നൽകി ദേശീയ ആയുര്‍വേദ ദിനം

ഇന്ന് ദേശീയ ആയുര്‍വേദ ദിനം. ആയുര്‍വേദം നമ്മുടെ ദേശീയ ചികിത്സാ പദ്ധതിയാണ്. ‘ആയുസ്സിന്‍റെ വേദം’ എന്നാണ് ആയുര്‍വേദം എന്ന വാക്കിന്‍റെ അര്‍ത്ഥം. വേദം എന്നാല്‍ അറിവ് അല്ലെങ്കില്‍ ശാസ്ത്രം. അതുകൊണ്ടുതന്നെ ആയുര്‍വേദം സാര്‍വലൗകികമാണ്.

ഏതൊരു ജീവിക്കും ഏറ്റവും ഹിതമായുള്ളത് എന്ത്, അഹിതമായുള്ളത് എന്ത് എന്ന് ആയുര്‍വേദം നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല അഹിതമായതിനെ ഒഴിവാക്കാനും അതുവഴി സൗഖ്യപൂര്‍ണമായ ജീവിതം ഉറപ്പാക്കാനും ആയുര്‍വേദം നിര്‍ദേശിക്കുന്നു. ആയുര്‍വേദം ഒരു ചികിത്സാപദ്ധതിയാണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, ആയുര്‍വേദം ഒരു ചികിത്സാപദ്ധതി മാത്രമല്ല. സ്വസ്ഥവൃത്തം, ആതുരവൃത്തം, സദ് വൃത്തം എന്നീ മൂന്നു വിഭാഗങ്ങള്‍ അതിലുണ്ട്.

സ്വസ്ഥവൃത്തം – രോഗമില്ലാത്തവര്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍. 

ആതുരവൃത്തം – രോഗികള്‍ക്കായുള്ള ചികിത്സകള്‍.

സദ് വൃത്തം – ഒരു നല്ല മനുഷ്യനായി സമൂഹത്തില്‍ ജീവിക്കേണ്ടത് എങ്ങനെ എന്നുള്ളതിന്‍റെ നിയമങ്ങള്‍.

ഈ മൂന്നു കാര്യങ്ങള്‍ കൂട്ടിവെച്ചാല്‍ ജീവിതത്തിന്‍റെ എല്ലാ തലങ്ങളും അതിലടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ആയുര്‍വേദം സമഗ്രമാണ്. ആയുര്‍വേദത്തിന്‍റെ ചിട്ടകളനുസരിച്ച് ജീവിച്ചാല്‍ ആരോഗ്യകരവും സന്തോഷപ്രദവുമായ ഒരു ജീവിതം കെട്ടിപ്പടുക്കാനാവും.

ആയുര്‍വേദ ചികിത്സയില്‍ പൊതുവെ രണ്ടു വിഭാഗങ്ങളുണ്ട്. ഔഷധങ്ങള്‍ ഉപയോഗിച്ച് ചികിത്സിക്കുന്നതിന് ശമന ചികിത്സ എന്നും ശരീരത്തെ ശുദ്ധീകരിക്കുന്നതിനുള്ള ചികിത്സയെ പഞ്ചകര്‍മ ചികിത്സ എന്നും പറയുന്നു. ഇതു രണ്ടും ചേരുമ്പോള്‍ മാത്രമാണ് ആയുര്‍വേദ ചികിത്സ പൂര്‍ണമാകുന്നത്. ഇത്തരത്തില്‍ ശരീരത്തെ ശുദ്ധീകരിച്ചുകൊണ്ടുള്ള ചികിത്സ മറ്റൊരിടത്തും കാണാന്‍ കഴിയില്ല.

പഞ്ചകര്‍മ ചികിത്സയുടെ ഭാഗമായി കേരളം വളര്‍ത്തിക്കൊണ്ടുവന്ന പിഴിച്ചില്‍, ഞവരക്കിഴി മുതലായ കേരള ചികിത്സാക്രമങ്ങള്‍ ഇന്ന് ലോകപ്രശസ്തമാണ്. ആയുര്‍വേദ ചികിത്സ പൊതുവില്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ഫലപ്രദവുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും നാം ഇനിയും പല കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതായുണ്ട്. പുതിയ തലമുറയ്ക്ക് ആയുര്‍വേദത്തെ പറ്റിയുള്ള അവബോധം നല്‍കേണ്ടതാണ്. സ്കൂള്‍തലം മുതല്‍ ആയുര്‍വേദത്തെ പറ്റിയുള്ള അറിവ് നമ്മുടെ കുട്ടികള്‍ക്ക് എത്തിച്ചുകൊടുക്കേണ്ട ചുമതല നമുക്കുണ്ട്.

കേരളത്തില്‍ ഇന്ന് രോഗാതുരത വര്‍ധിച്ചുവരികയാണ്. ജീവിതശൈലീരോഗങ്ങളും സാംക്രമിക രോഗങ്ങളും ഏറിവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ രംഗത്ത് ആയുര്‍വേദത്തിനു വലുതായ സംഭാവനകള്‍ നല്‍കാന്‍ കഴിയും. ഈ ദേശീയ ആയുര്‍വേദ ദിനത്തില്‍ പ്രമേഹത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇത് ഏറ്റവും കാലികപ്രസക്തിയുള്ള സംഗതിയാണ്. ആയുര്‍വേദത്തില്‍

പ്രമേഹത്തെക്കുറിച്ച് വളരെ ദീര്‍ഘമായ പരാമര്‍ശങ്ങള്‍ ഉണ്ട്. എങ്കില്‍ അവ പലതും ഇനിയും പ്രയോജനപ്പെടുത്തേണ്ടതായിട്ടുണ്ട്.

ആയുര്‍വേദത്തെ കാലോചിതമായി മാറ്റിയെടുക്കേണ്ട കടമ നമുക്കുണ്ട്. ഗവേഷണ നിരീക്ഷണങ്ങള്‍ നടത്തി ആയുര്‍വേദത്തെ മുഖ്യധാരാ ശാസ്ത്രമാക്കി രൂപപ്പെടുത്തേണ്ടതാണ്. അതിനുവേണ്ട എല്ലാ സഹായസഹകരണങ്ങളും ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം തന്നെ ഈ രംഗത്ത് കമ്പോളവല്‍ക്കരണവും ആഗോളവല്‍ക്കരണവും കടന്നുവന്നുകൊണ്ടിരിക്കുന്നത് നാം കാണാതിരുന്നുകൂടാ. ലാഭത്തില്‍ മാത്രം കണ്ണുവെച്ച് ചെയ്യേണ്ട ഒന്നല്ല ചികിത്സ എന്ന ബോധം നമുക്കുണ്ടാകണം. ഇവയെ ചെറുത്തുതോല്‍പിച്ചുകൊണ്ട് സമഗ്രമായ ഒരു ആയുര്‍വേദ കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കാന്‍ നമുക്കു കഴിയണം. ഇക്കാര്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിനാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്.

കടപ്പാട്: ലോക ആയുർവേദ ദനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം, ഔദ്യോഗിക വെബ്സൈറ്റ്