ചെറിയ പനിക്കും ജലദോഷത്തിനും പോലും മരുന്നുകളെ ആശ്രയിക്കുന്നവരാണു മലയാളികളിൽ ഭൂരിഭാഗവും. ആരോഗ്യത്തിനായി നീക്കി വയ്ക്കാൻ അൽപ്പം സമയം ഉണ്ടെങ്കിൽ ഈ ഓട്ടപ്പാച്ചിൽ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. സ്വന്തം വീട്ടുവളപ്പിൽ തന്നെ നട്ടുവളർത്താവുന്ന ചില ചെടികളിലൂടെ ഒരുവിധമുള്ള രോഗങ്ങൾക്ക് ആശ്വാസം കണ്ടെത്താനും രോഗം വരാതെ സൂക്ഷിക്കാനും കഴിയും. അത്തരത്തിലുള്ള അഞ്ചു ചെടികളെ പരിചയപ്പെടാം.
ആടലോടകം: ശ്വാസകോശ രോഗങ്ങൾക്ക് ഉത്തമം. ആടലോടകത്തിന്റെ നീരും ഇഞ്ചി നീരും ജീരകവും തേനും ചേർത്തു കഴിക്കുന്നതു ചുമയ്ക്കു നല്ലതാണ്. വലിയ ആടലോടകവും ചെറിയ ആടലോടകവും ഉണ്ടെങ്കിലും മരുന്നുകൾക്കു നല്ലതു ചെറിയ ആടലോടകമാണ്. വേലികളിലൂടെയും മറ്റും ഇവ ഭംഗിയായി വളർത്താൻ കഴിയും.
കറ്റാർവാഴ: സ്ത്രീകളിലെ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കു നല്ല മരുന്നാണ് കറ്റാർവാഴയുടെ നീര്. മുടി വളരാനും കറ്റാർവാഴ നീര് ഉപയോഗിക്കാം. സൂര്യാതപം ഒഴിവാക്കാൻ കറ്റാർവാഴയുടെ നീരു പുരട്ടാം. കറ്റാർവാഴ നീരും മഞ്ഞപ്പൊടിയും തേനും ചേർത്തു കഴിക്കുന്നതു കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.
തുളസി: ഒട്ടുമിക്ക ആയുർവേദ മരുന്നുകളിലെയും പ്രധാന ചേരുവ. പനി, ഗ്യാസ്‌സ്ട്രബിൾ, ജലദോഷം തുടങ്ങി സാധാരണ വരുന്ന രോഗങ്ങൾക്കെല്ലാം വിവിധ ചേരുവകളോടൊപ്പം തുളസി നീര് ഉപയോഗിക്കാം. തുളസി ഇല ഇട്ടു തിളപ്പിച്ച വെള്ളം എല്ലാ ദിവസവും കുടിക്കുന്നതും നല്ലതാണ്.
കരിനൊച്ചി: വാതരോഗങ്ങൾക്ക് ഉത്തമം. കരിനൊച്ചി നീരും ആവണക്കെണ്ണയും ചേർത്തു കഴിക്കുന്നതു വാതസംബന്ധമായ വേദനകൾ കുറയ്ക്കാൻ സഹായിക്കും. കരിനൊച്ചി ഇല കിഴി കെട്ടി ചൂടു പിടിക്കുന്നതും മുട്ടുവേദനയ്ക്കും മറ്റും പരിഹാരമാണ്.
തുമ്പ: ചുമ, ഛർദ്ദിൽ, വയറുകടി, അർശസ് എന്നിവയ്ക്കു പരിഹാരമേകാൻ തുമ്പ നീര് ഉപയോഗിക്കാം. തുമ്പ നീരും തേനും ചേർത്തു ബാഹ്യാർശസിനും പുരട്ടാം.
വിവരങ്ങൾക്ക് കടപ്പാട്: _ഡോ.കെ.എസ് വിഷ്ണു നമ്പൂതിരി _ (സീനിയർ മെഡിക്കൽ ഓഫിസർ, ഗവ.ആയുർവേദ പഞ്ചകർമ്മ ഹോസ്പിറ്റൽ ആലപ്പുഴ)