കറുത്ത പൊന്ന് എന്ന് അറിയപ്പെടുന്ന കുരുമുളക് സുഗന്ധവ്യജ്ഞനങ്ങളുടെ കൂട്ടത്തിൽ മാത്രമല്ല രോഗപ്രതിരോധ ശേഷി നൽകുന്ന കാര്യത്തിലും രാജാവ് തന്നെയാണ്. ആദ്യകാലത്ത് ഔഷധം മാത്രമായാണ് കുരുമുളകിനെ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ അടുക്കളയിലെ ഒഴിച്ചു കൂടാനാകാത്ത ഒന്നായി ഇതു മാറിക്കഴിഞ്ഞു. ഔഷധഗുണം തന്നെയാണ് വിദേശികളുടെ വരെ പ്രിയപ്പെട്ട വിഭവമാക്കി കുരുമുളകിനെ മാറ്റിയത്. പല രോഗങ്ങൾക്കുമുള്ള എളുപ്പ ശമന സഹായി കൂടിയാകുന്നു കുരുമുളക്.
1. ദഹനക്കേട് തോന്നുമ്പോൾ രണ്ടു മൂന്ന് കുരുമുളകെടുത്ത് വായിലിട്ട് ചവച്ച് നീരിറക്കി നോക്കൂ, ആശ്വാസം ലഭിക്കുന്നത് കാണാം.
2. കഫം ശല്യം, പനി, നീർവീഴ്ച എന്നിവയ്ക്ക് കുരുമുളക് ചവച്ചിറക്കുകയോ കാപ്പിയിൽ ചേർത്തോ കഴിക്കുക.
3. കുരുമുളക്പൊടിയും ഉപ്പും ചേർത്ത് പല്ലുതേച്ചാൽ വായ്നാറ്റം കുറയുകയും മഞ്ഞനിറം മാറുകയും ചെയ്യും.
4. തുളസിയിലയും കുരുമുളകും ചേർത്ത ചെറുചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് വിട്ടു മാറാത്ത ചുമയ്ക്ക് ശമനം നൽകാൻ സഹായിക്കും.
5. രക്തസഞ്ചാരം സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ ഒരു പരിധി വരെ പുറംതള്ളാനും ദിവസവും ഈ കറുത്തപൊന്ന് ഭക്ഷണത്തിന്റെ ഭാഗമാക്കുക.
6. കറിവേപ്പിലയും കുരുമുളകും അരച്ച് മോരിൽ കലക്കി ദിവസവും രണ്ടു തവണ കഴിച്ചാൽ വായ്പുണ്ണ് ശമിക്കും.
7. കുരുമുളക് ചേർത്ത രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ജലദോഷത്തിൽ നിന്ന് ആശ്വാസം ലഭിക്കും.