Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എരിവ് കൂടിയ ഭക്ഷണം കഴിച്ചാൽ?

food

മനുഷ്യന് അവന്റെ സഹജസ്വഭാവംകൊണ്ട് താൽപ്പര്യം തോന്നേണ്ടത് മധുരത്തോടാണ്. പ്രകൃതിജന്യമായ മധുരം ഭക്ഷണത്തിലെ ക്ഷാരമയത്തെയും സാത്വികഭാവത്തെയും കാണിക്കുന്നു. എന്നാൽ അമ്ലമയമായ. താമസിക ഭാവത്തെ കാണിക്കുന്ന, എരിവ് താൽപ്പര്യപ്പെടുന്നവർ ഇന്ന് വളരെയാണ്.

ഭക്ഷണവിഭവങ്ങളിൽ എരിവിനായി ചേർക്കുന്നത് വറ്റൽമുളക്, പച്ചമുളക്, കാന്താരി, കുരുമുളക്, ഇഞ്ചി എന്നിവയാണ്. എരിവ് ധാരാളമായി ചേർന്നിട്ടുള്ള ഭക്ഷണം നിങ്ങൾ കഴിച്ചു എന്നിരിക്കട്ടെ. എരിവിന്റെ തീക്ഷ്ണത നിങ്ങൾക്ക് അനുഭവപ്പെടുന്നത് മൂന്ന്  സ്ഥലങ്ങളിൽ മാത്രമാണ്. ആ ഭക്ഷണം കഴിക്കുന്ന വേളയിൽ നാവിലും, അതിലെ ജലാംശം മൂത്രമായി വിസർജിക്കുമ്പോൾ ലിംഗാഗ്രത്തിലും, മലാംശം  വിസർജിക്കുമ്പോൾ  മലദ്വാരത്തിലും. ഇതിനിടയിലുള്ള സമയത്ത് ഈ ഭക്ഷണം അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്നു പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നാം അറിയാതെ പോകുന്നു. അതിന് കാരണം ഈ അവയവങ്ങൾക്കൊന്നും സംവേദനക്ഷമത ഇല്ല എന്നതാണ്. അല്ലാതെ ഈ വിഷഭക്ഷണം നമ്മുടെ ആന്തരിക അവയവങ്ങളുടെ ആവരണങ്ങളെ ബാധിക്കുന്നില്ല എന്നല്ല. ഈ ആവരണങ്ങളുടെ സുരക്ഷയ്ക്കായി സമൃദ്ധമായി ശ്ലേഷ്മം (Muscus) സ്രവിപ്പിക്കേണ്ടതായും, ആവരണകോശങ്ങളെ തൃജിക്കേണ്ടതായും വരുന്നു. നിരന്തരമായി ഇങ്ങനെ അധിക എരിവുള്ള ഭക്ഷണം കഴിക്കുന്നത് വേദനയ്ക്കും ആമാശയശ്രവണങ്ങൾക്കും കാരണമായിത്തീരും. മാത്രമല്ല, എരിവ് ഭക്ഷണത്തിന്റെ ദഹനത്തെ തടസപ്പെടുത്തുന്നതിനാൽ, ഇങ്ങനെയുള്ള ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയം വേണ്ടി വരികയും ചെയ്യും.

വറ്റൽമുളക് അധികമായി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് അച്ചാർ. മാങ്ങ, നാരങ്ങ, നെല്ലിക്ക, ഇഞ്ചി എന്നിവ ഉപയോഗിച്ച് പലവിധ അച്ചാറുകൾ ലഭ്യമാണ്. ഇന്ന് സാർവത്രികമായി ഉപയോഗിക്കുന്ന അച്ചാറുകൾ, അധിക അളവിൽ ഭക്ഷണം കഴിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അച്ചാറുകൾ ദഹനത്തെ തടസ്സപ്പെടുത്തുന്നതു കൂടാതെ, ഭക്ഷണത്തിന്റെ അളവ് അധികമാക്കുക കൂടി ചെയ്യുമ്പോൾ, ദഹനേന്ദ്രിയങ്ങള്‍ക്ക്  അത് ബുദ്ധിമുട്ടുണ്ടാക്കുന്നു. അച്ചാറുകൾ ഒഴിവാക്കുക, അല്ലെങ്കിൽ പച്ചമുളകു കൊണ്ടുള്ള അച്ചാറുകൾ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. ഇഞ്ചി ചേർത്തുള്ള അച്ചാറുകള്‍ മിതമായ അളവിൽ ഉപയോഗിക്കുന്നത് ദഹനത്തിനും നല്ലതാണ്.

എരിവിന്റെ മറ്റൊരുപയോഗം എണ്ണയിൽ വറുത്ത് ഉപയോഗിക്കുന്ന പലഹാരങ്ങളിലാണ്. മസാലക്കടലകൾ, ബജ്ജികൾ എന്നിവ ഉണ്ടാക്കാനായി കൂടിയ അളവിൽ വറ്റൽമുളക് ചേർക്കാറുണ്ട്. എണ്ണയിൽ വറുക്കുന്ന പലഹാരങ്ങൾ ഒന്നും ശരീരത്തിന് ആരോഗ്യദായകമല്ല. അതോടൊപ്പം വറ്റൽമുളകു കൂടി ചേർക്കുന്നതോടെ ദോഷം ഇരട്ടിക്കുന്നു.

നമ്മുടെ ദഹനേന്ദ്രിയത്തിന് യോജിച്ചതല്ല എങ്കിലും എരിവ് പൂർണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ല. പക്ഷേ വിവേകപൂർവം എരിവ് പരിമിതമായ അളവിൽ മാത്രം ഉപയോഗിക്കാൻ സാധിക്കും. ഭക്ഷണ വിഭവങ്ങളിലെ എരിവിന്റെ തോത് കുറയ്ക്കുക. അതേപോലെ തന്നെ ദോഷം കുറവുള്ള പച്ചമുളക്, ഇഞ്ചി എന്നിവ മാത്രം ഉപയോഗിച്ച് തീഷ്ണത കൂടുതലുള്ള വറ്റൽമുളക് പൂർണമായും ഒഴിവാക്കുക. കുരുമുളക് മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. വറ്റൽമുളക് ഉപയോഗിച്ച് പാകം ചെയ്തു ശീലിച്ച എല്ലാ വിഭവങ്ങളിലും പകരം പച്ചമുളക്, ഇഞ്ചി ഇവ ഉപയോഗിക്കാൻ സാധിക്കും.

എൻ. വെങ്കിടകൃഷ്ണൻ പോറ്റിയുടെ 'നല്ല ഭക്ഷണശീലങ്ങൾ' എന്ന ബുക്ക് വാങ്ങാം