കറിക്ക് അൽപ്പം എരിവ് കൂടി എന്ന് പറഞ്ഞ് വീട്ടുകാരിയോട് പരിഭവിക്കാനൊന്നും പോകേണ്ട. എരിവ് കൂടിയ ഭക്ഷണം കഴിക്കുന്നതുകൊണ്ട് ഒരു ഗുണമുണ്ട്. ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ‘സ്പൈസി’ ഭക്ഷണങ്ങൾക്കു സാധിക്കും എന്നാണ് ചൈനയിൽ നിന്നുള്ള ഒരു പഠനം പറയുന്നത്.
എരിവു കൂടിയ ഭക്ഷണത്തിൽ ഉപ്പ് കുറവായിരിക്കും. ഇത് രക്തസമ്മർദം വരാനുള്ള സാധ്യത കുറയ്ക്കും. കൂടാതെ ഹൃദ്രോഗം പക്ഷാഘാതം ഇവ വരാതിരിക്കാനും സഹായിക്കും.
ഹൈപ്പർടെന്‍ഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് എരിവിനെപ്പറ്റി ചിന്തിക്കാത്തപ്പോൾ ദിവസം ശരാശരി 13.4 ഗ്രാം ഉപ്പ് നമ്മൾ അകത്താക്കുന്നു എന്നാണ്. എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുമ്പോൾ ഉപ്പിന്റെ അളവ് 10.3 ഗ്രാം മാത്രമാണ്.
എരിവ് ഇഷ്ടപ്പെടാത്തവരെ അപേക്ഷിച്ച് എരിവ് കൂടിയ ഭക്ഷണം കഴിക്കുന്നവരുടെ സിസ്റ്റോളിക് പ്രഷർ 8mmHg ആണ്. ഇവരുടെ ഡയസ്റ്റോളിക് പ്രഷർ 5mmHg യും. ഉപ്പ് കൂടിയ ഭക്ഷണം ഉയർന്ന രക്തസമ്മർദത്തിനും ഹൃദ്രോഗത്തിനും കാരണമാകും.
പഠനത്തിൽ പങ്കെടുത്തവരുടെ തലച്ചോറിന്റെ രണ്ടു ഭാഗങ്ങളുടെ ചിത്രം പരിശോധിച്ചു. ഇൻസുല, ഓർബിറ്റോ, ഫ്രണ്ടൽ കോർട്ടക്സ് എന്നീ ഉപ്പുരുചിയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് പരിശോധിച്ചത്. എരിവു കൂടമ്പോൾ തലച്ചോറിന്റെ ഈ ഭാഗത്തിന്റെ പ്രവർത്തനം ആളുകളെ ഉപ്പിനോട് കൂടുതൽ സെൻസിറ്റീവ് ആക്കുന്നു. ഉപ്പ് തീരെ കുറഞ്ഞ ഭക്ഷണം അവർക്ക് ആസ്വദിക്കാൻ പറ്റുന്നു. ചൈനയിലെ മിലിറ്ററി മെഡിക്കൽ സർവകലാശാലാഗവേഷകനായ ഡോ. ഷിമിങ് ഷുന്റെ നേതൃത്വത്തിൽ നടത്തിയ പഠനം പറയുന്നു.
എന്നാൽ ഏതുതരം ഭക്ഷണമാണ് കൂടുതൽ പ്രയോജനകരം എന്നു പറയുന്നില്ല. ഉപ്പിന്റെ അളവ് കുറയുന്നതിന് എത്രമാത്രം എരിവ് ചേർക്കണം എന്നതും പഠനം വ്യക്തമാക്കുന്നില്ല എന്ന് ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകനായ റിച്ചാർഡ് വെയ്ൻ ഫ്രാർഡ് പറയുന്നു. എരിവ് അല്പമൊക്കെ കൂടുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതായാലും ഇനി പാചകം ചെയ്യുമ്പോൾ മുളക് അല്പ്പം കൂടിപ്പോയാലും പരിഭ്രമിക്കേണ്ട. സ്പൈസിയായ ഭക്ഷണം ഹൃദയത്തിനിഷ്ടമാകും.
Read More : Healthy Food