സാധാരണ പ്രശ്നമായി മാറിയ അമിത ആർത്തവത്തിനും അനുബന്ധ പ്രശ്നങ്ങൾക്കും അശോകം മികച്ച മരുന്നാണ്.
ഗർഭാശയത്തിന് ഉള്ളിലുണ്ടാകുന്ന വൈകല്യങ്ങൾ മുതൽ നിരവധി കാരണങ്ങൾ മൂലം സ്ത്രീകളിൽ അത്യാർത്തവം ഉണ്ടാകാം. രക്തത്തിന്റെ അളവ് കുറഞ്ഞ് ഓജസ് നഷ്ടപ്പെടാം. അത്യാർത്തവത്തിൽ വളരെ ഫലപ്രദമായതും മറ്റു ചികിത്സകൾക്കൊപ്പവും ഒറ്റയ്ക്കും ഉപയോഗിക്കാവുന്നതുമാണ് അശോകമരം കൊണ്ടുള്ള ഔഷധപ്രയോഗങ്ങൾ.
പ്രധാനപ്പെട്ട ഔഷധപ്രയോഗമാണ് അശോകം ചേർത്ത പാൽകഷായം. അശോകത്തൊലിയുടെ എട്ടിരട്ടി പാലും പാലിന്റെ നാലിരട്ടി വെള്ളവും ചേർത്തു തിളപ്പിച്ചു വറ്റിച്ചു പാലിന്റെ അളവിലാക്കി പിഴിഞ്ഞെടുത്ത് ദിവസം രണ്ടു നേരം കഴിക്കുക. അശോകത്തിന്റെ തൊലി മാത്രം ചതച്ചും കഷായം വച്ചു കഴിക്കാം.
അശോകത്തിന്റെ പൂവ് അരച്ചു പാലിൽ ചേർത്തു കഴിക്കുന്നതും വളരെ ഫലപ്രദമാണ്. അശോകത്തിന്റെ പൂവും സമം പഞ്ചസാരയും ചേർത്ത് ഭരണിയിലാക്കി കെട്ടിവച്ച് പിഴിഞ്ഞരിച്ചു കഴിക്കുന്നതും ഫലപ്രദം.
എരിവ്, പുളി, ചൂട്, വെയിൽ എന്നിവ കഴിയുന്നതും ഒഴിവാക്കണം. വേണ്ടത്ര വിശ്രമിക്കുകയും വേണം. ദേഹമാസകലം തുണുപ്പുള്ള തൈലങ്ങൾ പുരട്ടി കുളിക്കുകയും ചെയ്യണം. ഗർഭാശയത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഒരു ഔഷധമാണ് അശോകം. അശോകത്തിന്റെ തൊലിക്ക് സ്ത്രീഹോർമോണുകളുടെ പ്രവർത്തനത്തെ ക്രമപ്പെടുത്താനുള്ള കഴിവുണ്ടെന്ന് ആധുനിക ഗവേഷണങ്ങളിൽ പറയുന്നു.
അശോകത്തിന്റെ തൊലിയെടുത്തു നല്ലതുപോലെ കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത് ശീലപ്പൊടിയാക്കി ചായയിലോ കാപ്പിയിലോ ചേർത്തോ, വെള്ളം തിളപ്പിച്ച് അതിൽ കൽക്കണ്ടം ചേർത്തോ, ശീതളപാനീയങ്ങളിൽ ചേർത്തോ ദിവസവും കഴിക്കുക. ഇപ്രകാരം ചെയ്താൽ ആർത്തവ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കുകയും ശരീരസൗന്ദര്യം വർധിക്കുകയും ചെയ്യും. അമ്പതിൽപ്പരം ഔഷധക്കൂട്ടുകളാണ് അശോകത്തിൽ നിന്നു തയാറാക്കുന്നത്.
അശോകത്തിന്റെ മറ്റ് ഔഷധ ഉപയോഗങ്ങൾ
വായിലുണ്ടാകുന്ന വ്രണങ്ങൾ അശോകത്തൊലി കഷായം വച്ചു കവിൾകൊള്ളുന്നത് ഫലപ്രദമായ ചികിത്സയാണ്. ദഹനക്കുറവ്, അഗ്നിമാന്ദ്യം, പുളിച്ചുതികട്ടൽ എന്നിവയിലും അശോകത്തൊലി കഷായം ഫലം നൽകും. എല്ല് ഒടിഞ്ഞാൽ, അശോകത്തൊലി മാത്രമായോ നീർമരുതിൻ തൊലിയുമായി ചേർത്തോ വെള്ളത്തിലിട്ടു വച്ച് അരച്ചു പുരട്ടുന്നത് എല്ലുകൾ വീണ്ടും കൂടിച്ചേരുന്നതിനു ഫലപ്രദമാണ്. ത്വക്കിലുണ്ടാകുന്ന നിറവ്യത്യാസത്തിലും ത്വക്കിലെ വ്രണങ്ങളിലും അശോകത്തിന്റെ പട്ട അരച്ചുപുരട്ടാവുന്നതാണ്. വിഷബാധ മൂലമുണ്ടാകുന്ന നീരും വേദനയും ചൊറിച്ചിലും ശമിക്കുന്നതിനും അശോകപ്പട്ട അരച്ചു ലേപനം ചെയ്യാം. അശോകത്തിന്റെ പൂവ് ഉണക്കി പൊടിച്ച് കൽക്കമായി വെളിച്ചെണ്ണ കാച്ചി പുരട്ടിയാൽ കുട്ടികൾക്കുണ്ടാകുന്ന ത്വക് രോഗങ്ങൾ ശമിക്കും. അശോകത്തിന്റെ കായ് ഉണക്കിപ്പൊടിച്ചു കുറച്ചു ദിവസം സേവിച്ചാൽ മൂത്രതടസം മാറും. അശോകത്തിന്റെ തൊലി ചതച്ചുപിഴിഞ്ഞു നീരെടുത്ത് പുരട്ടുന്നത് പഴുതാര കുത്തിയതിനും ഉത്തമം.
ഡോ. കെ. എസ്. രജിതൻ, സൂപ്രണ്ട്, ഔഷധി, തൃശൂർ.