വയറില്‍ നിന്നുതുടങ്ങി മനസ്സു വരെയെത്തി നില്‍ക്കുന്ന പല ഘടകങ്ങളുമായും നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടു കിടക്കുന്ന ഗൗരവമായൊരു ശിരോ രോഗമാണ് മൈഗ്രേന്‍. സമഗ്രചികിത്സകള്‍ ആവശ്യമായ ഒരു രോഗമായിട്ടാണ് ആയുര്‍വേദം ഇതിനെ കണക്കാക്കുന്നത്. എന്നാല്‍, പല ചികിത്സകളും മാറിമാറി ചെയ്തിട്ടും ഫലം കാണാത്ത ചിലരില്‍ ചില ഒറ്റമരുന്നുകള്‍ ചില അവസരങ്ങളില്‍ അത്ഭുതകരമായ ഫലങ്ങള്‍ കാണിക്കാറുണ്ട്. വീട്ടില്‍ തന്നെ ചെയ്യാവുന്ന പത്ത് ഫലപ്രദമായ ചികിത്സകള്‍ ചുവടെ വായിക്കാം.
1. മുയല്‍ച്ചെവിയന്‍ സമൂലം ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് നെറുകയില്‍ വാര്‍ക്കുകയും മൂക്കിലിറ്റിക്കുകയും ചെയ്യുക. രാവിലെ ഭക്ഷണം കഴിക്കും മുമ്പ് വേണം ഇതു ചെയ്യാന്‍.
2. കടുക്കാത്തോട് കഷായ് വച്ച് രാത്രി കിടക്കുംമുമ്പും രാവിലെ വെറുംവയറ്റിലും കുടിക്കുക.
3. പാലില്‍ വേവിച്ച ഉഴുന്ന് രാവിലെ വെറുംവയറ്റില്‍ കഴിക്കുക.
4. ചുവന്നുള്ളിയരിഞ്ഞിട്ട് കാല്‍ഗ്ലാസ് പാലും അരഗ്ലാസ് വെള്ളവും ചേര്‍ത്തു തിളപ്പിച്ച് കാല്‍ ഗ്ലാസാക്കി രാവിലെ വെറുംവയറ്റില്‍ കുടിക്കുക.
5. തകരക്കുരുന്ന് കാടിയിലോ മുലപ്പാലിലോ അരച്ച് നെറ്റിയില്‍ തേക്കുക.
6. ഇരുവേലി, മുത്തങ്ങ, ശതാവരിക്കിഴങ്ങ്, നിലപ്പനക്കിഴങ്ങ്, ജീരകം എന്നിവ പാലിലരച്ച് വെളുത്ത തുണിയില്‍ തിരിയായി തെറുത്ത് നെയ്യില്‍ മുക്കിക്കത്തിച്ച് ആ പുക വലിക്കുക.
7. തണുത്തവെള്ളം തുണിയില്‍ നനച്ച് നെറ്റിയില്‍ ചുറ്റിക്കെട്ടുക. കഴുത്തിനു പിന്നില്‍ ചൂടുപിടിക്കുന്നതും വളരെ നല്ലതാണ്.
8. കോഴിമുട്ടയുടെ വെള്ളയില്‍ തേറ്റാമ്പരല്‍ അരച്ച് നെറ്റിയില്‍ ലേപനം ചെയ്യുക.
9. കുന്നിക്കുരുവും വേരും നെയ്യിലരച്ച് നെറ്റിയിലിടുന്നതും മൈഗ്രേന്‍ മാറാന്‍ വളരെ നല്ലതാണ്.
10. മുലപ്പാല്‍ കൊണ്ട് നസ്യം ചെയ്യുന്നതും പഴകിയ തലവേദനയുള്‍പ്പെടെ മാറാന്‍ സഹായിക്കും.
ഡോ. പി. എം. മധു ലക്ചറര്‍, രോഗനിദാനവിഭാഗം, ഗവ. ആയുര്‍വേദ കോളജ്, കണ്ണൂര്‍