നോ ടെൻഷൻ, സ്ട്രെസ്... ബീന കണ്ണൻ പറയുന്നു ആ രഹസ്യങ്ങൾ

പ്രമുഖ ഫാഷൻ ഡിസൈനറും ‘ശീമാട്ടി’ എന്ന വസ്ത്രവ്യാപാര ശൃംഖലയുടെ സാരഥിയുമായ ബീന കണ്ണൻ തന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവയ്ക്കുന്നു...

പ്രായത്തിനു ബീന കണ്ണനോട് അടുക്കാൻ മടിയാണ്. ശീമാട്ടിക്കൊപ്പം ബീനയുടെ യാത്ര തുടങ്ങിയിട്ട് 38 വർഷങ്ങൾ പൂർത്തിയായി. ഇപ്പോഴും ഒരു ചെറുപ്പക്കാരിയുടെ ചുറുചുറുക്കോടെയാണ് ബീന ബിസിനസ് കാര്യങ്ങൾക്കായി ഓടിനടക്കുന്നത്. അതിന്റെ രഹസ്യം ബീന വെളിപ്പെടുത്തുന്നു.

വ്യായാമം എന്റെ ആരോഗ്യ രഹസ്യം...

എത്ര പണം നേടിയാലും ആരോഗ്യമുള്ള ഒരു ശരീരവും മനസ്സുമില്ലെങ്കിൽ പിന്നെ എന്താണ് പ്രയോജനം. ജോലിയുടെ തിരക്കുകൾക്കും ടെൻഷനുമിടയിലും ഞാൻ വ്യായാമത്തിനായി സമയം കണ്ടെത്താറുണ്ട്. എന്റെ ഒരു ദിവസം ആരംഭിക്കുന്നതുതന്നെ വ്യായാമത്തോടെയാണ്. വ്യായാമരീതി വൈവിധ്യവത്കരിക്കുക എന്നതും പ്രധാനമാണ്. ഇല്ലെങ്കിൽ നമുക്ക് ബോറടിക്കും. ഞാൻ ആഴ്ചയിൽ കുറഞ്ഞത് രണ്ടു ദിവസം ജോഗിങ് ചെയ്യും. ചില ദിവസങ്ങളിൽ യോഗ ചെയ്യും, മറ്റു ചിലപ്പോൾ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യും. വ്യായാമത്തോടൊപ്പം സമീകൃതാഹാരം, ഉറക്കം എന്നിവകൂടി ശ്രദ്ധിച്ചാലേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.

ഡയറ്റിങ്... 

ഡയറ്റിങ് നന്നായി ശ്രദ്ധിക്കുന്ന വ്യക്തിയാണ്. കൊഴുപ്പ് കുറച്ച്, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഞങ്ങളുടെ ഭക്ഷണരീതി കേരളശൈലിയിൽ നിന്നു വ്യത്യസ്തമാണ്. മിക്കവാറും സസ്യാഹാരിയാണ്. അതും ഗുണകരമാണ്. വിശേഷ അവസരങ്ങളിൽ മാത്രം ഇഷ്ടമുള്ള ഭക്ഷണം വാരിക്കോരി കഴിക്കും. എനിക്ക് സ്വീറ്റ്‌സ് വളരെ ഇഷ്ടമാണ്. ജൂലൈയിൽ ആണ് ജന്മദിനം. അന്നൊരു ദിവസം ഇഷ്ടമുള്ള ഭക്ഷണം എല്ലാം കഴിക്കും. പിന്നെ ഒരാഴ്ച സൂപ് ഡയറ്റ് ചെയ്ത് ബാലൻസ് ചെയ്യും.

മനസ്സിന്റെ ആരോഗ്യവും പ്രധാനം...

ശരീരം മാത്രമല്ല മനസ്സും ആരോഗ്യത്തോടെ വയ്ക്കുക എന്നതാണ് പ്രധാനം. സന്തോഷം മനസ്സിന്റെ ഒരു അവസ്ഥയാണ്. കുറെ പണം ഉണ്ടായാൽ നമുക്ക് സന്തോഷം ഉണ്ടാകണമെന്നില്ല. കരിയറും ജീവിതവും ഇടകലർത്താതിരിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തോടൊപ്പം ആവശ്യത്തിന് സമയം ചെലവഴിക്കാൻ ശ്രമിക്കുക. ഇതൊക്കെ ജീവിതത്തിൽ പ്രധാനമാണ്. 

ഒരുപാട് നെഗറ്റീവ് വാർത്തകൾ നമുക്ക് ചുറ്റിലുമുണ്ട്. ഞാൻ കഴിവതും അവയിൽ നിന്നു ബോധപൂർവം അകന്നു നിൽക്കാൻ ശ്രമിക്കും. മനസ്സിലെ ടെൻഷനും ദേഷ്യവും ഉള്ളിൽ ഒതുക്കുന്നതും അപകടമാണ്. കെട്ടിക്കിടക്കുന്ന ഈ വികാരങ്ങൾ മനസ്സിനെ മലിനമാക്കും. അതിനെ പുറത്തേക്ക് ഒഴുക്കിക്കളയാൻ മെഡിറ്റേഷൻ, യോഗ എന്നിവ നല്ലതാണ്. എന്റെ മനസ്സ് അസ്വസ്ഥമാകുമ്പോൾ ഞാൻ മെഡിറ്റേഷൻ ചെയ്യാറുണ്ട്. അല്ലെങ്കിൽ ജിമ്മിൽ പോയി കിക്ക് ബോക്സിങ് ചെയ്യും. അതോടെ ദേഷ്യം ഉണ്ടാക്കിയ സമ്മർദം പതിയെ അലിഞ്ഞില്ലാതാകും.

ജിം ഫേവറിറ്റ് സ്‌പേസ്.. 

വീട് പണിയുമ്പോൾ തന്നെ നല്ലൊരു ജിം വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ബെഞ്ച് പ്രസ്, പുൾ അപ് ബാർ, റോപ്, കിക്ക് ബോക്സിങ് തുടങ്ങി അതാവശ്യ സൗകര്യങ്ങൾ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. സമീപം സ്വിമ്മിങ് പൂൾ, സോന, സ്റ്റീം ബാത്ത്, മസ്സാജ് റൂം എന്നിവയും ഒരുക്കി. വീട്ടിൽ ഉള്ളപ്പോൾ ദിവസം ഒരുമണിക്കൂർ എങ്കിലും ജിമ്മിൽ ചെലവഴിക്കാറുണ്ട്.

ഹാപ്പിനെസ്സ് പിൽ...

ഈശ്വരൻ തന്ന നന്മകളിൽ തൃപ്തിപ്പെടുക എന്നതു പ്രധാനമാണ്. അസംതൃപ്തമായ മനസ്സിൽ ഒരിക്കലും സന്തോഷമുണ്ടാകില്ല. എത്ര തിരക്കുണ്ടെങ്കിലും രാവിലെയും വൈകിട്ടും അരമണിക്കൂർ മെഡിറ്റേഷൻ ചെയ്യാറുണ്ട്. അതോടെ എത്ര ടെൻഷനുണ്ടെങ്കിലും അവയെല്ലാം അലിഞ്ഞു പോകും. മനസ്സ് ഹാപ്പിയാകും.

Read More : Celebrity Fitness