അടുത്ത മൂന്നുവർഷത്തിനു ശേഷം ഒരു രാജ്യത്തെ ജനതയുടെ അമിതഭാരം മുൻകൂട്ടിയറിയണമെങ്കിൽ അവർ ഇപ്പോൾ വായിക്കുന്ന പത്രങ്ങൾ പരിശോധിച്ചാൽ മതിയത്രേ. അതായത്, ജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള പത്രങ്ങളിലെ ഭക്ഷണസംബന്ധമായ വാർത്തകൾ പരിശോധിച്ചാൽ മതിയെന്നു ചുരുക്കം. കഴിഞ്ഞ അമ്പതുവർഷത്തിനുള്ളിൽ ന്യൂയോർക്ക് ടൈംസ്, ലണ്ടൻ ടൈംസ് തുടങ്ങിയ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ഭക്ഷണസംബന്ധമായ വാർത്തകൾ പരിശോധിച്ചുകൊണ്ടായിരുന്നു കാലിഫോർണിയ സർവകലാശാലയിൽ നടന്ന പഠനം.
പത്രങ്ങളിൽ ജനങ്ങൾ ഏറ്റവുമധികം വായിക്കുന്നത് മധുരമുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണപദാർഥങ്ങളെ കുറിച്ചാണെങ്കിൽ രാജ്യത്തെ മൊത്തം ജനതയുടെ അമിതഭാരം വർധിക്കാനാണാണത്രേ സാധ്യത. അതേ സമയം പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവ ഉപയോഗിച്ചു തയാറാക്കുന്ന സാലഡുകളെ കുറിച്ചും ആരോഗ്യകരമായ സൂപ്പുകളെ കുറിച്ചുമാണ് പത്രങ്ങളിൽ ഏറ്റവുമധികം ലേഖനങ്ങളും കുറിപ്പുകളും വരുന്നതെങ്കിൽ അവ വായിച്ച് പ്രചോദിതരാകുന്ന ജനങ്ങൾ അത്തരം ഭക്ഷണശീലങ്ങൾ പിന്തുടരുകയും അവർക്ക് അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.
പത്രങ്ങളിലെ ഭക്ഷണവാർത്തകളും ഒരു രാജ്യത്തെ ബോഡി മാസ് ഇൻഡക്സും തമ്മിലുള്ള അനുപാതത്തെക്കുറിച്ചായിരുന്നു സർവകലാശാലയിലെ ഗവേഷകരുടെ പഠനം. പത്രത്തിൽ വരുന്ന കൃത്രിമപദാർഥങ്ങൾ ചേർത്ത ഭക്ഷണങ്ങളെക്കുറിച്ച് നിരന്തരം വായിക്കുന്ന ജനങ്ങൾ ക്രമേണ അത്തരം ആഹാരങ്ങളിൽ ആകൃഷ്ടരാകുമെന്നായിരുന്നു കണ്ടെത്തൽ. ചുരുക്കത്തിൽ ജനങ്ങളുടെ വായനാവിഭവങ്ങൾ അവരുടെ ഭക്ഷണരീതിയെ സ്വാധീനിക്കുമെന്നു സാരം.