Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടിയൻമാര്‍ക്കും വയറു കുറയ്ക്കാം, ഇതാ ചില വഴികൾ

belly-fat

കുടവയര്‍ ഒന്നു കുറയ്ക്കണമെന്ന് ആഗ്രഹമില്ലാത്തവരുണ്ടാവില്ല. പക്ഷേ പലപ്പോഴും വ്യായാമം ചെയ്യാനുള്‍പ്പടെ തടസ്സമാകുന്നതോ സ്ഥിരം വില്ലനായ മടിയും. ഇത്തരക്കാര്‍ക്ക് അധികം ആയാസപ്പെടാതെ വയറു കുറയ്ക്കാനുള്ള ചില വിദ്യകള്‍.

വെള്ളം കുടിക്കുക

വെള്ളം കുടിക്കാതിരിക്കുമ്പോള്‍ നിർജലീകരണം ഉണ്ടാവും. അതു ശരീരത്തെ കൂടുതല്‍ വെള്ളം ശേഖരിച്ചു വയ്ക്കാന്‍ പ്രേരിപ്പിക്കും. ഇത് ഒന്നര കിലോയോളം ഭാരം വയറിന്‍റെ ഭാഗത്ത്‌ കൂടാന്‍ ഇടയാക്കുമെന്ന് ഭക്ഷ്യാരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് എട്ടു പത്തു ഗ്ലാസ്‌ വെള്ളം മിനിമം കുടിക്കുക.

ഒറ്റയടിക്ക് വയറു നിറയ്ക്കാതിരിക്കുക

വയറു നിറയുന്നത് വരെ ഭക്ഷണം കഴിക്കുന്നതാണ് നമ്മുടെ ശീലം. ഇതു വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടാന്‍ ഇടയാക്കും. പകരം നമ്മള്‍ മൂന്നു നേരം കഴിക്കുന്ന ഭക്ഷണം അതേ അളവ് ആറുനേരമാക്കി കഴിക്കുക. ഉദാഹരണത്തിന് പ്രാതലിനു നാലു ചപ്പാത്തി ശീലമാക്കിയ ആള്‍ക്ക് രണ്ടു ചപ്പാത്തി എട്ടു മണിക്കും ബാക്കി രണ്ടെണ്ണം പത്തരയ്ക്കും കഴിക്കാം. രണ്ടര മണിക്കൂർ മുതല്‍ മൂന്നു മണിക്കൂര്‍ വരെ ഇടവേള ഉണ്ടായിരിക്കണം. നന്നായി ചവച്ചരച്ചു കഴിക്കുക. പല ആരോഗ്യവിദഗ്ദരും സിനിമാതാരങ്ങളുമെല്ലാം പിന്തുടരുന്ന ഭക്ഷണ രീതിയാണിത്.

ടെന്‍ഷനടിക്കാതിരിക്കുക

‘ടെന്‍ഷനടിക്കല്‍’ നമ്മുടെ ശരീരത്തെ സംബന്ധിച്ച് വളരെ ആയാസപ്പെട്ട പണിയാണ്. കാരണം ഉടന്‍ തന്നെ ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉള്‍പ്പടെയുള്ള ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കണം. അവ ശരീരം എന്തോ ആപത്ത് നേരിടുകയാണെന്നു കരുതി പ്രധാനപ്പെട്ട അവയവങ്ങളെ സംരക്ഷിക്കാനും ഭക്ഷണം കഴിക്കാതിരുന്നാല്‍ ശരീരത്തെ നിലനിര്‍ത്താനും വയറില്‍ കൊഴുപ്പ് ശേഖരിക്കും. ഇതുകൊണ്ടാണ് കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തവരിലും സ്ഥിരമായി മാനസികസമ്മര്‍ദത്തിന് അടിമപ്പെടുന്നവരിലും ശരീരം ക്ഷീണിച്ചാലും വയറു കുറയാത്തത്. അതുകൊണ്ട് എന്തു ടെന്‍ഷന്‍ ഉണ്ടെങ്കിലും കൃത്യമായി ഭക്ഷണം കഴിക്കുക. ഒപ്പം ഒരു ദിവസം കുറഞ്ഞത്‌ ഇരുപതു മിനിട്ട് എങ്കിലും നിങ്ങളെ റിലാക്സ്‌ ചെയ്യുന്ന കാര്യങ്ങള്‍ക്കു മാറ്റിവയ്ക്കുക

ഉപ്പു കുറയ്ക്കുക

ഉപ്പു കൂടുതല്‍ ഉപയോഗിക്കുന്നത് ശരീരത്തിന്‍റെ കോശങ്ങളില്‍ കൂടുതല്‍ വെള്ളം നിലനിര്‍ത്താന്‍ ശരീരത്തെ പ്രേരിപ്പിക്കും. ഇത് വയറു കൂടാന്‍ ഇടയാക്കും.

മദ്യം കുറയ്ക്കാം

ബിയര്‍ ബെല്ലി എന്നൊരു പ്രയോഗം ഉണ്ട്‍. ബിയര്‍ ഉപയോഗിക്കുന്നവര്‍ക്ക് കുടവയര്‍ ഉണ്ടാകും എന്ന് അടിവരയിടുന്നു ഈ പ്രയോഗം. മദ്യം കഴിക്കുമ്പോള്‍ വയറില്‍ മോശം ബാക്ടീരിയ ഉണ്ടാവുകയും അതേ സമയം ദഹനത്തിന് സഹായിക്കുന്ന നല്ല ബാക്ടീരിയയെ മദ്യം ഇല്ലാതാക്കുകയും ചെയ്യുന്നു. ഒപ്പം ചിലരില്‍ ഗ്യാസും നിർജലീകരണവും ഉണ്ടാക്കുന്നു. ഇത് രണ്ടും കുടവയര്‍ കൂട്ടും. ഇത് മാത്രമല്ല മദ്യത്തില്‍ ധാരാളം കലോറിയുമുണ്ട്. മദ്യത്തോടൊപ്പം നമ്മള്‍ അളവില്ലാതെ അകത്താക്കുന്ന ഭക്ഷണം വേറെയും. മദ്യത്തിന്‍റെ ഉപയോഗം കുറയ്ക്കുന്നത് തന്നെ വയറു കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.

ഉറക്കം കൃത്യമാക്കുക

ഉറങ്ങാനുള്ള സമയത്തില്‍ നിന്നും അര മണിക്കൂര്‍ കുറയുന്നതു പോലും കുടവയര്‍ കൂട്ടുമെന്ന് വിദഗ്ദര്‍ പറയുന്നു. അമേരിക്കന്‍ എന്‍ഡോക്രൈന്‍ സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ നടന്നത്. ഉറക്കം നമ്മുടെ ശരീരത്തിന്‍റെ ദഹനപ്രക്രിയയെയും ചയാപചയങ്ങളെയും ബാധിക്കും. ഇതാണ് കുടവയര്‍ കൂട്ടുന്നതിനു കാരണം ആകുന്നത്‌. കൃത്യമായ സമയത്തും അളവിലും ഉള്ള ഉറക്കം വയര്‍ കുറയാനും ഇടയാക്കും.