∙ രാത്രിയിൽ പെട്ടെന്നു ചെവിവേദന വന്നാൽ ഡോക്ടറെ കാണാൻ വൈകിയാല്‍, ഫസ്റ്റ് എയ്ഡായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
ചെവിവേദനയ്ക്കുള്ള ഫലപ്രദമായ ചികിത്സ പാരസെറ്റമോൾ ആണ്. ഇതു 10 കിലോ തൂക്കമുള്ള കുട്ടിക്കു 150–200 Mg വരെ കൊടുക്കാം. മൂക്കിലൊഴിക്കുന്ന മരുന്നും ഫലപ്രദമാണ്. ചെവിയിൽ മരുന്ന് ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്.
∙ മുഖത്തും കൈകളിലും ചില വെളുത്ത പാടുകള്‍ കാണുന്നു. എന്തു ചെയ്യണം?
വെളുത്ത പാടുകൾക്ക് അനേകം കാരണങ്ങളുണ്ട്. ഇതിൽ ചെറിയ കുട്ടികളിൽ കാണുന്ന പലതിനും ചികിത്സ ആവശ്യമില്ല. ഇതു പല അമ്മമാരും കാത്സ്യത്തിന്റെയും വൈറ്റമിന്റെയും കുറവുകൊണ്ടാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ചുണങ്ങ് പോലെയുള്ള അസുഖങ്ങൾ കൊണ്ടും വെളുത്ത പാടുകൾ കാണാം. ഇതു സ്കൂളിലെ കൂട്ടുകാർക്കും വീട്ടിലെ ബന്ധുക്കൾക്കും കാണാം. ഇതിനായി പ്രത്യേക ചികിത്സ ആവശ്യമില്ല. കുഷ്ഠരോഗം കൊണ്ടുള്ള വെളുത്ത പാടുകൾ കാണാം. കുഷ്ഠരോഗം കൊണ്ടുള്ള വെളുത്ത പാടുകൾ ഇപ്പോൾ കുട്ടികളിൽ അപൂർവമാണ്.
∙ 10 വയസ്സുള്ള ആൺ കുട്ടിയാണ്. സ്തന വളർച്ച കൂടുതലാണ്. വളരുമ്പോൾ ഇതു മാറുമോ? എന്തു ചെയ്യണം?
സാധാരണ നിലയിൽ സ്തനവളർച്ച കാര്യമാക്കേണ്ടതില്ല. ഇന്നത്തെ ചുറ്റുപാടിൽ ഇതിനുള്ള പ്രധാനപ്പെട്ട കാരണം അമിതവണ്ണമാണ്. അമിതവണ്ണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കൗമാര പ്രായത്തിൽ വളർച്ചയുടെ ഭാഗമായും അപൂർവമായ വളർച്ച കാണാറുണ്ട്. ഇതിനും ചികിത്സയുടെ ആവശ്യമില്ല.
∙ കുട്ടികളുള്ള വീട്ടിൽ അത്യാവശ്യം കരുതേണ്ട മരുന്നുകളെന്തൊക്കെയാണ്? അവ ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ?
പനിയുടെ മരുന്ന് (പാരസെറ്റമോൾ) കരുതിവയ്ക്കുന്നതിൽ തെറ്റില്ല. രണ്ടുമൂന്നു ദിവസം നീണ്ടു നിൽക്കുന്ന പനിയും കുട്ടിക്കു കാര്യമായ ഉത്സാഹക്കുറവുമില്ലെങ്കിൽ പനിയുടെ മരുന്നു കൊടുക്കുന്നതിൽ തെറ്റില്ല. ചില കുട്ടികൾക്ക് പനിവരുമ്പോൾ അപസ്മാരം ഉണ്ടാകാറുണ്ട്. അത്തരം കുട്ടികളിൽ ഡോക്ടറുടെ നിർദേശപ്രകാരം പനിയുടെ മരുന്നിന്റെ കൂടെ അപസ്മാരം വരാതിരിക്കാനുള്ള മരുന്നുകളും കൊടുക്കുന്നതിൽ തെറ്റില്ല. ആസ്മയുടെ മരുന്നും അത്യാവശ്യഘട്ടത്തില്‍ തുടക്കത്തിൽ ഉപയോഗിക്കാം. ആന്റിബയോട്ടിക്കുകള്‍ പോലുള്ള മരുന്നുകൾ ഒരിക്കലും ഡോക്ടറെ കാണാതെ കഴിക്കരുത്.
∙ ആറു വയസ്സുള്ള കുട്ടിയാണ്. ശ്വാസം മുട്ടുണ്ട്. 10 വയസ്സാകുമ്പോൾ മാറുമെന്ന് ഡോക്ടകർ പറയുന്നു. ശരിയാണോ?
ശ്വാസം മുട്ടലിന്റെ ആധിക്യവും തവണകളും പ്രായം കൂടുന്തോറും കുറഞ്ഞു വരുമെന്നതു വാസ്തവമാണ്. അഞ്ചു വയസ്സിനു താഴെയുള്ള 30–40% വരെ കുട്ടികളിൽ ആസ്മ കാണുന്നുണ്ട്. കുട്ടികളുടെ ശാരീരികവും മറ്റു ഘടകങ്ങളുടെയും പ്രത്യേകത മൂലമാണ് ഇളംപ്രായത്തിൽ ആസ്മ കൂടുതലായി കാണുന്നത്. പ്രായമാകുമ്പോൾ ശ്വാസകോശവും മറ്റും പൂർണവളർച്ചയെത്തുമ്പോൾ ശ്വാസം മുട്ടൽ കുറഞ്ഞുവരും. എന്നാൽ അച്ഛനും അമ്മയ്ക്കും ആസ്മയുണ്ടെങ്കിൽ കുട്ടിയുടെ ശ്വാസം മുട്ടൽ പൂർണമായും മാറണമെന്നില്ല.