Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭധാരണം സാധ്യമാകുന്നത് എങ്ങനെ?

ഒരു ബീജം മാത്രം മതി, അണ്ഡവുമായി സംയോജിച്ച് ഒരു പുതിയ ജീവനു ജന്മം നൽകാൻ. എന്നാൽ ആ ധർമം നിറവേറ്റാൻ കോടിക്കണത്തിനു ബീജങ്ങളാണു ശ്രമിക്കുന്നത്. ഇവരിൽ ഏറ്റവും കരുത്തൻ പ്രതിബന്ധങ്ങളെ അതിജീവിച്ച് ഏറ്റവും മുന്നിലെത്തി ആ ധർമം നിറവേറ്റുന്നു. സങ്കീർണമായ യാത്രയാണു ബീജത്തിന് അതിജീവിക്കാനുള്ളത് എന്നതുകൊണ്ടാകാം പ്രകൃതി ഇത്രയും മുൻകരുതൽ കരുതിവെച്ചത്. 

ബീജാണുക്കളുടെ എണ്ണത്തിലെ കുറവു മുതൽ അവയുടെ ആകൃതിയും ചലനശേഷിയുമൊക്കെ പുരുഷവന്ധ്യതയിൽ നിർണായകമാകുന്നു. എല്ലാ ഉത്തമ ഗുണങ്ങളും ബീജത്തിൽ ചേർന്നിരുന്നാലും അതുകൊണ്ടു മാത്രം വന്ധ്യതാപ്രശ്നം ഉണ്ടാകില്ലെന്നു പറയാനാകില്ല. കാരണം മറ്റ് നിരവധി ഘടകങ്ങൾ വന്ധ്യതയ്ക്കു വഴിവെയ്ക്കാം. 

പുരുഷവന്ധ്യത തിരിച്ചറിയാൻ 
പുരുഷവന്ധ്യത നിശ്ചയിക്കാൻ ഡോക്ടർ രോഗിയെ വിശദമായി പരിശോധിക്കുന്നതിനു പുറമേ സെമൻ അനാലിസിസും എഫ് എച്ച് എസ്, എൻ എച്ച്, പ്രൊലാക്ടിൻ, ടെസ്റ്റോസ്റ്റീറോൻ തുടങ്ങിയ ഹോർമോണുകളുടെ അളവിന്റെ പഠനവും നടത്താം. ഇത്തരം പരിശോധനകളിൽ പ്രാഥമികവും പ്രാധാന്യമേറിയതുമായ ഒന്നാണ് സെമൻ അനാലിസിസ്. ഇതിൽ സെമൻ അഥവാ ശുക്ലമാണു പരിശോധനയ്ക്കു വിധേയമാകുന്നത്. 

എന്താണ് ശുക്ലം? 

ഒരു സ്ഖലനത്തിൽ ഒന്നര മുതൽ അഞ്ചു മില്ലിലീറ്റർ വരെയാണു പുറത്തുവരുന്നത്. ബീജങ്ങൾക്കു പുറമേ, സെമിനൽ വെസിക്കിൾ എന്ന നാളിയിൽ നിന്നുണ്ടാകുന്ന ദ്രാവകവും പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ നിന്നുണ്ടാകുന്ന ദ്രാവകവും ശുക്ലത്തിൽ അടങ്ങിയിരിക്കുന്നു. ശുക്ലത്തിന്റെ അധികഭാഗവും ഉണ്ടാക്കുന്നത് സെമിനൽ വെസിക്കിൾ തന്നെയാണ്. സ്ഖലനം കഴിഞ്ഞാൽ അഞ്ചുമിനിറ്റിനുള്ളിൽ ശുക്ലം കൊയാഗുലേഷനു വിധേയമായി ജെൽപോലെയും അതുകഴിഞ്ഞ് ഏതാണ്ട് അരമണിക്കൂറിനുള്ളിൽ കട്ടികുറഞ്ഞ ദ്രാവകമായും മാറും. ചില എൻസൈമുകളാണ് ഈ പ്രവർത്തനത്തിനു പിന്നിൽ. 

ബീജഗുണം 

ആകെ ശുക്ലത്തിന്റെ അളവിൽ ഒരു ശതമാനം മാത്രമേ ബീജം ഉണ്ടാവുകയുള്ളൂ. ശേഷിക്കുന്നതു പ്ലാസ്മയാണ്. വൃഷണത്തിലെ സെമിനിഫെറസ്ട്യൂബ്യൂളുകളിലാണ് ബീജം ഉൽപാദിപ്പിക്കപ്പെടുന്നത്. ഏതാണ്ട് 78 ദിവസം കൊണ്ടാണ് ബീജം പൂർണവളർച്ച പ്രാപിക്കുന്നത്. ബീജത്തിന് തല, വാൽ, ഉടൽ എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്. ഒരു മില്ലി മീറ്ററിന്റെ ആയിരത്തിൽ ഒന്ന് വലുപ്പം മാത്രമേ ഇതിന് ഉണ്ടാവുകയുള്ളൂ. തലയിൽ തൊപ്പിപോലുള്ള അക്രോസോം ക്യാപ് ഉപയോഗിച്ചാണ് അണ്ഡത്തിന്റെ പുറംപാളിയെ ബീജം ഭേദിക്കുന്നത്. പുരുഷവന്ധ്യതാ നിർണയത്തിൽ ബീജസംഖ്യയ്ക്കു വളരെ പ്രാധാന്യമുണ്ട്. ആധുനികമായ കൗണ്ടിങ് ചേംബറിന്റെ സഹായത്തോടെയാണ് എണ്ണം നിശ്ചയിക്കുന്നത്. ആ സംഖ്യ ഒരു പരിധിക്കു താഴെ വന്നാൽ അത് വന്ധ്യതയ്ക്കു കാരണമാകാം. 

ആദ്യ റിസൾട്ട് 

ബീജസംഖ്യ ഒരു മില്ലിലിറ്റർ ശുക്ലത്തിൽ 20 മില്യണെങ്കിലും (രണ്ടു കോടി) ഉണ്ടായിരിക്കണം. കൂടാതെ ഒരു സ്ഖലനത്തിൽ മൊത്തം 40 മുല്യമെങ്കിലും ഉണ്ടായിരിക്കുന്നതാണ് ഉത്തമം. ഒരു തവണ സെമൻ അനാലിസിസ് നടത്തിയ റിസൾട്ടിനെ പൂർണമായും കണ്ണടച്ചു വിശ്വസിക്കേണ്ട. ഒരു മാസത്തിന്റെ ഇടവേളയിൽ നടത്തുന്ന രണ്ടു പരിശോധനാഫലങ്ങൾക്ക് വിശ്വാസ്യതയേറുന്നു. ബീജപരിശോധന നടത്തുന്ന ലാബുകളിൽ ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച ലബോറട്ടറി ടെക്നീഷന്മാരുടെ സേവനം നിർബന്ധമാണ്. അതിനു പുറമേ, ബീജങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനായി, പ്രത്യേകം കൗണ്ടിങ് ചേംബർ ഉള്ളത് നന്നായിരിക്കും. അതിനാൽ സ്ഥിരമായി ബീജപരിശോധന നടത്തിവരുന്ന ലാബുകളിൽ മാത്രം ശുക്ലപരിശോധന ചെയ്യിപ്പിക്കാൻ ശ്രദ്ധിക്കണം 

ബീജഗുണം കുറയാൻ കാരണം 

പുരുഷവന്ധ്യതയുടെ പ്രധാനകാരണങ്ങളിൽ ഒന്ന് ബീജഗുണക്കുറവാണ്. ബീജസംഖ്യയും ചലനശേഷിയും കുറയാനുള്ള കാരണങ്ങൾ പലതുണ്ട്. അണുബാധ മുതൽ ഉയർന്ന താപനിലവരെ ബീജത്തെ ബാധിക്കും. 

അണുബാധ: ശുക്ലത്തിൽ ശ്വേതാണുക്കളുടെ സംഖ്യ വർധിക്കുന്നത് അണുബാധയുടെ ലക്ഷണമാണ്. പ്രോസ്റ്റേറ്റ്ഗ്രന്ഥിയിലും മറ്റും വരുന്ന അണുബാധയും നീർക്കെട്ടും ബീജത്തിന്റെ അളവിനെ പ്രതികൂലമായി ബാധിക്കും. 

ആന്റിസ്പേം ആന്റിബോഡി: ചിലരിൽ ബീജത്തിനെതിരായി പ്രവർത്തിക്കുന്ന ആന്റിസ്പേം ആന്റിബോഡി എന്ന പ്രതിരോധവസ്തുവുണ്ട്. ബീജങ്ങളുടെ നാശത്തെ അത് ത്വരിതപ്പെടുത്തുന്നവയാണ്. അതുള്ളവരിലും ബീജത്തിന്റെ എണ്ണവും ശേഷിയും കാര്യമായി കുറയും. 

ശസ്ത്രക്രിയ : പുരുഷന്റെ ജനനേന്ദ്രിയപരിസരങ്ങളിൽ നടത്തുന്ന ശസ്ത്രക്രിയ ബീജസംഖ്യയെ ബാധിക്കാം. അതുകൊണ്ട് അത്തരത്തിലുള്ള ഏതു ശസ്ത്രക്രിയയും പരമാവധി ശ്രദ്ധയോടെ വേണം ചെയ്യാൻ. 

ഊഷ്മാവ് : ബീജോൽപാദനത്തിനു ശരീര ഊഷ്മാവിനെക്കാളും കുറഞ്ഞ ഊഷ്മാവേ പാടുള്ളൂ എന്നതാണിതിനു കാരണം. അതുകൊണ്ടാണല്ലോ വൃഷണങ്ങളുടെ സ്ഥാനം ശരീരത്തിനു പുറത്തായിരിക്കുന്നത്. അധികം ഊഷ്മാവുള്ള ചുറ്റുപാടിൽ ജോലി ചെയ്യുന്നവരിൽ ബീജസംഖ്യ കുറയുന്നതായി കാണപ്പെടുന്നു. ഉദാ. ഫാക്ടറിയിലെ തീച്ചുളയുടെ അടുത്തു ജോലി ചെയ്യുന്നവർ. 

ശീലങ്ങൾ : പുകവലി, മദ്യപാനം, ലഹരിപദാർഥങ്ങളുടെ ഉപയോഗം എന്നിവ ശീലമാക്കുന്നവരിൽ ബീജഗുണത്തെ ഗണ്യമായി കുറയ്ക്കുന്നു. 

രാസവസ്തുക്കൾ : കീടനാശിനികളുടെ അമിതപ്രയോഗം, അന്തരീക്ഷമലിനീകരണം എന്നിവയും ബീജസംഖ്യയും ഗുണവും കുറയാൻ കാരണമാകുന്നുണ്ട്. 

രോഗങ്ങൾ : പ്രമേഹം, തുടരെയുള്ള ശ്വാസകോശരോഗങ്ങൾ, മറ്റു ശാരീരികാസ്വാസ്ഥ്യങ്ങൾ എന്നിവയും ബീജഗുണം കുറയ്ക്കുന്നു. ബീജവാഹിനിക്കുഴലിന്റെ വൈകല്യങ്ങൾ അല്ലെങ്കിൽ തടസങ്ങൾ, ജന്മനായുള്ള മറ്റു പല വൈകല്യങ്ങൾ എന്നിവ ശുക്ലത്തിൽ ബീജങ്ങൾ അശേഷം ഇല്ലാതാക്കാൻ കാരണമാവാറുണ്ട്. 

ബീജസംഖ്യ കൂടാൻ 

ബീജസംഖ്യ മെച്ചപ്പെടാൻ പല ചികിത്സകളും നിലവിലുണ്ട്. അണുബാധ തടയുക എന്നതാണ് ഇതിൽ പ്രധാനപ്പെട്ട ഒരു ചികിത്സാരീതി. ഇതിനായി ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുവരുന്നു. ഒരു ക്യൂബിക് സെന്റീമീറ്റർ ശുക്ലത്തിൽ ഒരു മില്യണിൽ അധികം ശ്വേതാണുക്കൾ ഉണ്ടെങ്കിൽ, സെമൺ കൾച്ചർ ചെയ്ത് അനുയോജ്യമായ ആന്റിബയോട്ടിക്കുകൾ തിരഞ്ഞെടുക്കേണ്ടിവരും. ബീജസംഖ്യ കൂട്ടാനും വികൃത ബീജങ്ങളുടെ എണ്ണം കുറയ്ക്കാനും ആന്റി ഓക്സിഡെന്റ്സ് ഇപ്പോൾ ഉപയോഗിക്കുന്നു. ഇവയുടെ പ്രയോഗം, ബീജം വേഗം നശിക്കുന്നതു തടയുന്നു. മരുന്നുകളുടെ ഉപയോഗശേഷവും ബീജസംഖ്യ കുറവുള്ള പുരുഷന്മാർ ഒരു കാരണവശാലും നിരാശരാകേണ്ട. നൂതനമായ ചികിത്സാരീതികളുടെ സഹായത്താൽ വന്ധ്യതയെ മറികടക്കാൻ സാധിക്കും. 

പുതിയ മാർഗങ്ങൾ

ബീജസംഖ്യ കുറവുള്ള പുരുഷന്മാരുടെ ശുക്ലം ചില പ്രത്യേക ദ്രാവകങ്ങൾ ഉപയോഗിച്ചു കഴുകി അതിലെ മികച്ച ബീജങ്ങളെ ഗർഭാശയത്തിലേക്കു നേരിട്ടു നിക്ഷേപിക്കുന്ന ചികിത്സയാണ് IUI (Intra Uterine Insemination) ഇൻട്രായൂട്ടെറൈൻ ഇൻസെമിനേഷൻ. ശുക്ലത്തിൽ ബീജസംഖ്യ തീരെ ശൂന്യമായാൽ പോലും ഇത്തരം ആളുകളിൽ ചിലപ്പോൾ വൃഷണത്തിനുള്ളിൽ ജീവനുള്ള ബീജം ഉണ്ടായിരിക്കും. വൃഷണത്തിൽ നിന്ന് ജീവനുള്ള ബീജം ഒരു ചെറിയ സൂചി ഉപയോഗിച്ചു കുത്തിയെടുക്കാനും കഴിയും. ഈ ഭ്രൂണത്തെ ഗർഭാശയത്തിലേക്ക് എടുത്തുവയ്ക്കാനും കഴിയും. സെമൻ അനാലിസിസിൽ ബീജസംഖ്യ 5 മില്യനെക്കാൾ കുറവോ വികൃതബീജങ്ങളോ ചലനശേഷിയില്ലാത്ത ബീജങ്ങളോ കൂടുതൽ കാണപ്പെടുന്നവർക്കോ ഇക്സി പ്രയോജനപ്പെടും. 

നല്ല റിസൾട്ട് ഇങ്ങനെ 

സെമൻ അനാലിസിസിൽ തകരാറൊന്നുമില്ലാത്ത ഒരു നല്ല റിസൾട്ട് എന്നു പറയണമെങ്കിൽ. 

∙ ശുക്ലത്തിന്റെ അളവ് 1.5—CC (കുബിക് സെന്റിമീറ്റർ) വരെ ഏങ്കിലും ഉണ്ടായിരിക്കണം. 

∙ ബീജസംഖ്യ ഒരു കുബിക് സെന്റിമീറ്ററിൽ 20 മില്യണിൽ (രണ്ടു കോടി) അധികം ഉണ്ടായിരിക്കണം. 

∙ ഇതിൽ 25—50 ശതമാനം വരെ, നല്ല ചലനശേഷിയുള്ള ബീജങ്ങളായിരിക്കണം. 

∙ 75 ശതമാനത്തിനെങ്കിലും ജീവനും ചലനശേഷിയും ഉണ്ടായിരിക്കണം. 

∙ ശരിയായ ആകൃതിയിലുള്ളവ 30 ശതമാനമെങ്കിലും ഉണ്ടായിരിക്കണം. 

പരിശോധനയിൽ ശ്രദ്ധിക്കേണ്ടത് 

∙ ശുക്ലശേഖരണം ഒരു വലിയ വായ ഉള്ള വൃത്തിയുള്ള പാത്രത്തിലാവണം. കോണ്ടമാണ് ശേഖരണത്തിന് ഉപയോഗിക്കുന്നതെങ്കിൽ, ബീജത്തെ കൊല്ലുന്ന രാസവസ്തുക്കൾ ഇല്ലാത്ത കോണ്ടം ഉപയോഗിക്കുക. സാധാരണ ലഭിക്കുന്ന മിക്ക കോണ്ടങ്ങളിലും ഈ രാസവസ്തുക്കളുണ്ടാകും. അതിനാൽ അവ പ്രത്യേകമായി തിരഞ്ഞെടുക്കണം. 

∙ കുറേക്കാലം സ്ഖലനമുണ്ടാകാതിരുന്നാൽ ബീജസംഖ്യ വർധിക്കുമെന്ന ധാരണ തെറ്റാണ്. കുറേനാൾ ബന്ധപ്പെടാതെ ശുക്ലം പരിശോധിക്കുമ്പോൾ ജീവനില്ലാത്ത ബീജങ്ങളുടെ എണ്ണം കൂടുന്ന പ്രവണത കണ്ടുവരുന്നുണ്ട്. അതിനാൽ 2,3 ദിവസം സ്ഖലനം നടത്താതെ ശുക്ലപരിശോധന ചെയ്യുന്നതായിരിക്കും ഉത്തമം. 

∙ ജനനേന്ദ്രിയവും പരിസരഭാഗവും കഴുകിത്തുടച്ച്, ശുചിയായി വേണം ബീജശേഖരണം നടത്താൻ. ശേഖരണത്തിന്റെ ഒരു മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയിരിക്കണം.