14 മാസമുള്ള കുഞ്ഞിന്റെ ഹൃദയവുമായി മൂന്നര വയസ്സുകാരി പുതു ജീവിതത്തിലേക്ക്. കളിക്കുന്നതിനിടയിൽ ഒന്നു വീണതായിരുന്നു കുഞ്ഞ്. സൂററ്റിലുള്ള ന്യൂ ഹോസ്പിറ്റലിലെത്തിച്ചപ്പോൾ ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സന്നദ്ധത മാതാപിതാക്കൾ അറിയിക്കുകയായിരുന്നു.
മുംബൈയിലെ ഫോർട്ടിസ് ആശുപത്രിയിൽ ഡൈലേറ്റഡ് കാർഡിയോ മയോപ്പതി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നവി മുംബൈ സ്വദേശിയായ മൂന്നരവയസ്സുകാരിക്കാണ് ഒരു വയസ്സുകാരന്റെ ഹൃദയം ഉപകാരപ്രദമായത്. അനുയോജ്യമായ ഹൃദയത്തിനായി 2016 ഓഗസ്റ്റിൽ പേര് റജിസ്റ്റർ ചെയ്തു കാത്തിരിക്കുകയായിരുന്നു പെൺകുട്ടിയുടെ കുടുംബം. വിമാനമാർഗം മുംബൈയിലെത്തിയ ഹൃദയം പെൺകുട്ടിയിൽ വച്ചുപിടിപ്പിച്ചു. അങ്ങനെ പശ്ചിമ ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ദാതാവായി മാറി ആ കുഞ്ഞ്. കുഞ്ഞിന്റെ കിഡ്നി അഹമ്മദാബാദിലെ കിഡ്നി ഡിസീസസ് ആൻഡ് റിസേർച്ച് സെന്ററിനു കൈമാറി.