Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമത്തിലും ഉലയാതെ ആ കുഞ്ഞുജീവൻ; കരുതൽക്കരങ്ങളിൽ

new born baby

മുംബൈയിൽ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആൺകുഞ്ഞിനു ജന്മംനൽകി. 32 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ ഈ മാസം ആറിനു സുപ്രീം കോടതിയുടെ അനുമതി ലഭിച്ചെങ്കിലും ഗർഭഛിദ്രത്തിലെ അപകടസാധ്യത മൂലം സീസേറിയൻ നടത്തുകയായിരുന്നു.  20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കുന്നതു ശിക്ഷാർഹമായതിനാലാണു കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്. 

വെള്ളിയാഴ്ച മുംബൈ ജെജെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആൺകുഞ്ഞ് നിയോനേറ്റൽ ഐസിയുവിൽ പരിചരണത്തിലാണ്. 1.8 കിലോ തൂക്കമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ഇനിയും വികാസം പ്രാപിക്കാനുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. സീസേറിയൻ സുഗമമായി നടന്നെന്നും കുഞ്ഞ് ഏതാനും ആഴ്ചകൾകൂടി നവജാതശിശുക്കൾക്കുള്ള തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരിക്കുമെന്നും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അശോക് ആനന്ദ് പറഞ്ഞു.

പിതാവിന്റെ ജോലിക്കാരന്റെ പീഡനത്തിന് ഇരയായാണ് ഏഴാംക്ലാസ് വിദ്യാർഥിനി ഗർഭിണിയായത്. ഗർഭസ്ഥശിശുവിന് 27 ആഴ്ച പ്രായമായപ്പോഴാണ് ഗർഭിണിയാണെന്ന കാര്യം മനസ്സിലായത്. ഗർഭഛിദ്ര നിയമത്തിലെ (എംടിപി)3(2)(ബി) വകുപ്പനുസരിച്ച് 20 ആഴ്ചയിൽ കൂടുതൽ പ്രായമുള്ള ഭ്രൂണം അലസിപ്പിക്കുന്നത് ശിക്ഷാർഹമാണ്. തുടർന്നാണ് രക്ഷിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. ഗർഭം തുടരാൻ അനുവദിച്ചാൽ പെൺകുട്ടിക്കും കുഞ്ഞിനും അപകടസാധ്യതയുണ്ടെന്ന് മുംബൈ ജെജെ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽബോർഡ് ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ പ്രായവും പീഡനം മൂലമുള്ള മനോവ്യഥയും കണക്കാക്കുമ്പോൾ ഗർഭഛിദ്രം അനുവദിക്കണമെന്നും ബോർഡ് അഭിപ്രായപ്പെട്ടു. ഈ റിപ്പോർട്ട് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ്മാരായ അമിതാവ റോയ്, എ.എം. ഖൺവിൽകർ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത്.

പെൺകുട്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തപ്പോൾ രക്ഷിതാക്കൾ കുഞ്ഞിനെ അവരോടൊപ്പം കൊണ്ടുപോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. കുഞ്ഞിനെ ഏറ്റെടുക്കാൻ പെൺകുട്ടിയുടെ കുടുംബം വിസമ്മതിച്ചാൽ സംസ്ഥാന സർക്കാരിനു കൈമാറാനുള്ള നിയമപരമായ നടപടിക്രമങ്ങളിലേക്കു നീങ്ങും. ഈ കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് അഞ്ചു പേർ എത്തിയിട്ടുണ്ടായിരുന്നെന്നും ആശുപത്രി അധികൃതർ പറയുന്നു. കുഞ്ഞിനെ സ്വീകരിക്കാൻ പെൺകുട്ടിയുടെ കുടുംബം തയാറാണെന്നും അവളുടെ മാതാപിതാക്കൾ കു‍ഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്നും പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു.