ഗർഭിണിയായ സ്ത്രീയുടെ ഭക്ഷണ ശീലങ്ങളും വ്യായാമവും എല്ലാം ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നു നമുക്കറിയാം. എന്നാൽ അച്ഛന്റെ ആരോഗ്യശീലങ്ങൾ കുട്ടികളിലേക്ക് പകരുമോ എന്ന കാര്യം വ്യക്തമായിരുന്നില്ല. അച്ഛന്റെ ജീവിതശൈലി, ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ജീവിതകാലം മുഴുവനുമുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു പഠനം.
കുട്ടികൾ ഉടനെ വേണം എന്നാഗ്രഹിക്കുന്ന പുരുഷനാണ് നിങ്ങൾ എങ്കിൽ വൈകാതെ തന്നെ ജിമ്മിൽ പോകുകയോ വ്യായാമം ശീലമാക്കുകയോ ചെയ്തോളൂ. ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിനിലെ ഫിസിയോളജി ആൻഡ് സെല്‍ ബയോളജി ഗവേഷ കനായ ക്രിസ്റ്റിൻ സ്റ്റാൻഫോർഡിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ അച്ഛന്റെ വ്യായാമവും കുഞ്ഞ് ജനിച്ച് മുതിർന്ന ആളാകുന്നതു വരെയ്ക്കുമുള്ള മെറ്റബോളിക് ഹെൽത്തുമായും ബന്ധമുണ്ടെന്നു കണ്ടു. ഉപാപചയ രോഗങ്ങളെ (മെറ്റബോളിക് ഡിസീസസ്) ക്കുറിച്ചും കോശങ്ങളുടെ തലത്തിൽ അവയെ തടയുന്നതിനെക്കുറിച്ചും പഠിക്കാനുള്ള പ്രധാന വഴിയാണ് ഈ പഠനമെന്ന് ഗവേഷകർ പറയുന്നു.
അച്ഛന്റെ വ്യായാമശീലങ്ങൾ എങ്ങനെയാണ് ശിശുവിന്റെ മെറ്റബോളിക് ഹെൽത്തിനെ ബാധിക്കുന്നത് എന്നറിയാൻ എലികളിലാണ് പഠനം നടത്തിയത്. ആണെലികൾക്ക് മൂന്നാഴ്ചക്കാലം സാധാരണ ഭക്ഷണമോ കൊഴുപ്പ് കൂടിയ ഭക്ഷണമോ നൽകി. ഓരോ ഗ്രൂപ്പിലെയും ചില എലികൾ അലസരും മറ്റ് ചിലത് പതിവായി ശരീരമനങ്ങി വ്യായാമം ചെയ്യുന്നവരും ആയിരുന്നു. മൂന്നാഴ്ചയ്ക്കുശേഷം ഇണചേർത്ത എലികളുടെ കുഞ്ഞുങ്ങൾക്ക് ഒരു വർഷക്കാലം സാധാരണ ഭക്ഷണം നൽകി.
വ്യായാമം ചെയ്ത എലികളുടെ കുഞ്ഞുങ്ങൾ മുതിർന്നപ്പോൾ അവയുടെ ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെട്ടതായും ശരീരഭാരവും ഫാറ്റ്മാസും കുറഞ്ഞതായും കണ്ടു. കൊഴുപ്പ് കൂടിയ ഭക്ഷണം കഴിച്ചെങ്കിൽപ്പോലും വ്യായാമം ചെയ്ത എലികളുടെ കുഞ്ഞുങ്ങൾക്കും മെറ്റബോളിക് ഹെൽത്ത് മെച്ചപ്പെട്ടതായി.
അച്ഛന്റെ ബീജത്തിന്റെ ജനറ്റിക് എക്സ്പ്രഷനിൽ മാറ്റം വരുത്താൻ വ്യായാമത്തിന് കഴിഞ്ഞു എന്ന് പഠനത്തിൽ കണ്ടു. അവയുടെ small RNA പ്രൊഫൈലിലും മാറ്റം വന്നു. അമ്മയെലികളുടെ വ്യായാമം കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് മുൻപഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ഈ പഠനങ്ങളിൽ നിന്ന്, മാതാപിതാക്കൾ വ്യായാമം ചെയ്താൽ സന്തതികളുടെ ഉപാപചയ പ്രവർത്തനങ്ങളും ആരോഗ്യവും മെച്ചപ്പെടുത്താന്‍ കഴിയുമെന്നു തെളിഞ്ഞു. മനുഷ്യരിൽ പൊണ്ണത്തടി, ടെസ്റ്റോസ്റ്റീറോണിന്റെ അളവിനെയും ബീജത്തിന്റെ എണ്ണത്തെയും വേഗതയെയും എല്ലാം കുറയ്ക്കും. കുട്ടികൾ വേണമെന്നാഗ്രഹിക്കുന്നുവെങ്കിൽ പുരുഷന്മാർ ഒരു മാസം മുൻപെങ്കിലും വ്യായാമം ശീലമാക്കണമെന്നും ഇത് ബീജത്തിന്റെ ആരോഗ്യത്തിനു നല്ലതാണെന്നും ജനിക്കുന്ന കുഞ്ഞിന് ദീർഘകാലത്തേക്ക് മെറ്റബോളിക് ഹെൽത്ത് നൽകുമെന്നും ഡയബറ്റിസ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.