പ്രമേഹ രോഗികൾ കലോറി കുറഞ്ഞ ഭക്ഷണം കഴിച്ചാൽ?

പ്രമേഹ രോഗം ബാധിച്ചാൽ പൂർണമായും സുഖപ്പെടുത്താനാവില്ല എന്ന വിശ്വാസം തെറ്റാണെന്നു തെളിയിച്ചിരിക്കുകയാണ് യു കെയിലെ ഒരു സംഘം ഗവേഷകർ കലോറി കുറഞ്ഞ ഭക്ഷണം കഴിച്ചാൽ പ്രമേഹത്തെ ഇല്ലാതാക്കാം എന്നാണ് പഠനഫലം സൂചിപ്പിക്കുന്നത്. കരളിലും പാൻക്രിയാസിലും കൊഴുപ്പ് അമിതമാകുന്നതാണ് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നത്.

ഇൻസുലിന്‍ ഗ്ലൂക്കോസ് നിർമണത്തെ നിയന്ത്രിക്കുമ്പോൾ കരൾ കൂടുതൽ ഗ്ലൂക്കോസ് ഉൽപ്പാദിപ്പിക്കുന്നു. ഇതോടൊപ്പം കരളിലെ അധികമുള്ള കൊഴുപ്പ് എല്ലാ കലകളിലേക്കും എത്തിക്കുന്നു. ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളുടെ നാശത്തിന് അധികമുള്ള കൊഴുപ്പ് കാരണമാകുന്നു.

ടൈപ്പ് 2 പ്രമേഹം ഉള്ളവരിൽ കലോറി കുറഞ്ഞ ഭക്ഷണം കഴിച്ച് ഏഴു ദിവസത്തിനുള്ളിൽ തന്നെ കരളിലെ കൊഴുപ്പ് കുറയുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി സാധാരണ നിലയിൽ എത്തുകയും ചെയ്തു. ഫാസ്റ്റിങ്ങിൽ പ്ലാസ്മാ ഗ്ലൂക്കോസ് നില ഏഴു ദിവസത്തിനുള്ളിൽ സാധാരണ നിലയിലെത്തി.

എട്ടാഴ്ച കഴിഞ്ഞപ്പോള്‍ പാൻക്രിയാസിലെ ഉയർന്ന കൊഴുപ്പിന്റെ അളവ് കുറയുകയും ഇൻസുലിന്റെ ഉൽപ്പാദനം സാധാരണ നിലയിൽ എത്തുകയും ചെയ്തു.

‘‘ടൈപ്പ് 2 പ്രമേഹ രോഗികൾക്ക് സന്തോഷം നൽകുന്ന വാർത്തയാണിത്. പത്തു വർഷമായി പ്രമേഹം ഉള്ളവർക്കു പോലും തീരെ ചെറിയ കൊഴുപ്പ് പോലും പാൻക്രിയാസിൽ നിന്നു നീക്കം ചെയ്യുക വഴി പ്രമേഹ രോഗത്തിൽ നിന്നും മുക്തി നേടാൻ സാധിക്കും. ‘‘പഠനത്തിനു നേതൃത്വം നൽകിയ ന്യൂകാസിൽ സർവകലാശാല ഗവേഷകനായ റോയ് ടെയ്‌ലർ പറയുന്നു.