ചെറുപ്പക്കാർക്കിടയിലെ പ്രമേഹബാധ വർധിച്ചുവരുന്നതായി മെഡിക്കൽ റിപ്പോർട്ടുകൾ. ജീവിതശൈലി രോഗമായിട്ടാണ് മിക്കവരിലും പ്രമേഹത്തിന്റെ കടന്നാക്രമണം. വേണ്ടത്ര മുന്നറിവുകൾ ഇല്ലാത്തതുകൊണ്ട് മിക്ക ചെറുപ്പക്കാരും പ്രമേഹം ബാധിച്ച കാര്യം വൈകിമാത്രമാണ് തിരിച്ചറിയുന്നത്. ഇതൊഴിവാക്കാൻ ഡോക്ടർമാർ ചില മുന്നറിയിപ്പുകൾ നൽകുന്നു. താഴെ പറയുന്ന ഈ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ഡോക്ടറെ സമീപിച്ച് പ്രമേഹം പരിശോധിച്ചു നോക്കുക.
∙ കൂടുതൽ തവണ മൂത്രമൊഴിക്കാൻ തോന്നുന്നുണ്ടോ? വെള്ളം കുടിക്കുന്നതിന്റെ അളവിൽ വ്യത്യാസം ഇല്ലാഞ്ഞിട്ടും ഇങ്ങനെ തോന്നുന്നുണ്ടെങ്കിൽ ഷുഗർ പരിശോധിച്ചുനോക്കാം
∙നാവ് വരണ്ടിരിക്കുന്നതായി തോന്നുന്നുണ്ടോ? വെള്ളം എത്ര കുടിച്ചിട്ടും മതിയാവാതെ വരുന്നുണ്ടോ? ശരീരത്തിലെ ഈ വരൾച്ച വരാനിരിക്കുന്ന പ്രമേഹത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ്.
∙ശരീരഭാരത്തിൽ പെട്ടെന്നു വ്യതിയാനം സംഭവിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. പെട്ടെന്ന് ഭാരം വർധിക്കുന്നതോ കുറയുന്നതോ ചിലപ്പോൾ ഭക്ഷണവുമായി ബന്ധപ്പെട്ടതാകണമെന്നില്ല. പകരം പ്രമേഹനിലയിലെ വ്യതിയാനം കൊണ്ടായിരിക്കാം
∙വിശപ്പ് കൂടുന്നുണ്ടോ? എത്ര ഭക്ഷണം കഴിച്ചിട്ടും വീണ്ടും വീണ്ടും കഴിക്കാനുള്ള ആർത്തി തോന്നുന്നുണ്ടെങ്കിൽ സൂക്ഷിക്കണം. ഇതു പ്രമേഹത്തിന്റെ സൂചനയാകാം.
∙ മധുരപദാർഥങ്ങളോട് പതിവിലധികം ആഭിമുഖ്യം തോന്നുന്നതും ചിലപ്പോൾ പ്രമേഹത്തിന്റെ ലക്ഷണമാണ്.
∙പ്രമേഹസാധ്യത ആദ്യം വിളിച്ചറിയിക്കാൻ നിങ്ങളുടെ കണ്ണുകൾക്ക് സാധിക്കും. കണ്ണട ഉപയോഗിച്ചിട്ടും തുടർച്ചയായ കാഴ്ചവൈകല്യം തോന്നുന്നുണ്ടെങ്കിൽ ഷുഗർനില പരിശോധിക്കാൻ മറക്കരുത്.
∙ സ്ത്രീകളിൽ തുടർച്ചയായി ഉണ്ടാകുന്ന അണുബാധ പ്രമേഹസാധ്യത സൂചിപ്പിക്കുന്നതായി പഠനങ്ങൾ അവകാശപ്പെടുന്നു
∙കാൽപാദങ്ങളിലെ മരവിപ്പും വേദനയും നിസാരമായി കാണരുത്. അത് പ്രമേഹബാധയുടെ അടയാളങ്ങളാണ്.