സ്ത്രീകളിൽ രണ്ടിൽ ഒരാൾക്കു വീതം ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് മൂത്രത്തിലെ അണുബാധ. (Urinary tract infection) ചിലർക്ക് ഇത് ഇടയ്ക്കിടെ ഉണ്ടാകാം. ധാരാളം വെള്ളം കുടിക്കുന്നത് ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധ കുറയ്ക്കാൻ സഹായിക്കും.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആൻഡ് ഡൈജസ്റ്റീവ് കിഡ്നി ഡിസീസ് പറയുന്നത് 40 മുതൽ 60 ശതമാനം വരെ സ്ത്രീകൾക്ക് യു ടി ഐ ബാധിക്കാൻ സാധ്യത ഉണ്ടെന്നാണ്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മൂത്രാശയത്തെ യൂറിനറി മീറ്റസുമായി ബന്ധിപ്പിക്കുന്ന മൂത്രനാളിക്ക് (Urethra) നീളം കുറവാണ്. ഇത് മലദ്വാരത്തിൽ നിന്നും യോനിയിൽ നിന്നും ബാക്ടീരിയ മൂത്രാശയത്തിൽ എത്താൻ കാരണമാകുന്നു. ഇത് സ്ത്രീകളിൽ മൂത്രത്തിൽ അണുബാധ വരാനുള്ള സാധ്യത കൂട്ടുന്നു.
വെള്ളം ധാരാളം കുടിക്കുമ്പോൾ ബ്ലാഡറിൽ നിന്നും ബാക്ടീരിയയെ പുറന്തള്ളുന്ന നിരക്ക് കൂടുന്നു. ഇതുമൂലം യോനിയിൽ നിന്നും ബാക്ടീരിയ മൂത്രാശയത്തിലെത്തുന്ന തോതും കുറയും– ഗവേഷകർ പറയുന്നു. മൂത്രനാളിയെ ആവരണം ചെയ്യുന്ന കോശങ്ങളിൽ ബാക്ടീരിയ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയും കുറയുന്നു.
55 വയസ്സിൽ താഴെ പ്രായമുള്ള 140 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇവർ വർഷത്തിൽ കുറഞ്ഞത് മൂന്നു തവണയെങ്കിലും യു ടി ഐ ബാധിച്ചവർ ആയിരുന്നു. കൺട്രോൾ ഗ്രൂപ്പിൽപ്പെട്ട പകുതി സ്ത്രീകളും അവർ പതിവായി കുടിക്കുന്ന വെള്ളം തന്നെ കുടിച്ചു. ബാക്കിയുള്ളവർ ഒന്നര ലിറ്റർ വെള്ളം കൂടുതൽ കുടിച്ചു.
ഒരു വർഷത്തിനു ശേഷം കൺട്രോൾ ഗ്രൂപ്പിൽ പെട്ടവർക്ക് ശരാശരി 3.1 തവണ അണുബാധ ഉണ്ടായപ്പോൾ വെള്ളം ധാരാളം കുടിച്ച ഗ്രൂപ്പിന് ഇത് 1.6 മാത്രം ആയിരുന്നു. അതായത് 48 ശതമാനം കുറവ്.
അണുബാധ തടയാനുള്ള ഏറ്റവും ഏളുപ്പവും സുരക്ഷിതവുമായ മാർഗം ധാരാളം വെള്ളം കുടിക്കുക എന്നതാണെന്നു പഠനത്തിനു നേതൃത്വം നൽകിയ മിയാമി സർവകലാശാലയിലെ ഡിവിഷൻ ഓഫ് ഇൻഫക്ഷ്യസ് ഡിസീസിന്റെ ക്ലിനിക്കൽ ഡയറക്ടറായ തോമസ് എം ഹ്യൂട്ടൻ പറയുന്നു.
തുടർച്ചയായി മൂത്രത്തിലെ അണുബാധ മൂലം വിഷമിക്കുന്നു എങ്കിൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
Read More : Health Magazine