Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവകം ഡി പ്രമേഹം തടയും

diabetes

ശൈശവത്തിലും ബാല്യത്തിലും ആവശ്യത്തിനു ജീവകം ഡി ലഭിക്കുന്നത് കുട്ടികളിലെ പ്രമേഹസാധ്യത കുറയ്ക്കുമെന്നു പഠനം. പ്രത്യേകിച്ചും പ്രമേഹം വരാൻ ജനിതകപരമായി സാധ്യത കൂടുതലുള്ള കുട്ടികളിൽ. യു എസിലെ കൊളറാഡോ സർവകലാശാല ഗവേഷകരാണ് പഠനം നടത്തിയത്.

ഓട്ടോ ഇമ്മ്യൂണിറ്റിയും ജീവകം ഡി യുടെ അളവുകളും തമ്മിലുള്ള ബന്ധം ഗവേഷകർ പരിശോധിച്ചു. രക്തത്തിൽ ജീവകം ഡിയുടെ അളവ് കുറയുന്ന കുട്ടികളിൽ ഐലറ്റ് ഓട്ടോ ഇമ്മ്യൂണിറ്റിക്ക് സാധ്യത കൂടുതലാണെന്നു കണ്ടു. ടൈപ്പ് 1 പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം വർഷംതോറും മൂന്നുമുതൽ അഞ്ചുശതമാനം വരെ കൂടുകയാണ്.

പ്രതിരോധ സംവിധാനം, പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെ അബദ്ധത്തിൽ ആക്രമിക്കുന്ന പ്രക്രിയയാണ് ഐലറ്റ് ഓട്ടോ ഇമ്മ്യൂണിറ്റി. ഇത് ടൈപ്പ് പ്രമേഹകാരണമാകുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണായ ഇൻസുലിൻ മതിയായ അളവിൽ ഉൽപ്പാദിപ്പിക്കാൻ ശരീരത്തിന് കഴിയാതെ വരുന്ന അവസ്ഥയാണ് ടൈപ്പ് പ്രമേഹം. ഇത് ഏതു പ്രായക്കാരിലും വരാമെങ്കിലും കുട്ടിക്കാലത്ത് പ്രമേഹം വരാൻ സാധ്യത കൂടുതലാണ്.

ജീവകം ഡി അറിയപ്പെടുന്നത് ‘‘സൺഷൈൻ വിറ്റമിൻ’’ എന്നാണ്. കാരണം ജീവകം ഡി യുടെ പ്രധാന ഉറവിടം സൂര്യനാണെന്നതു തന്നെ. ഫാറ്റി ഫിഷ്, ചീസ്, മുട്ടയുടെ മഞ്ഞക്കുരു തുടങ്ങിയ ചില ഭക്ഷ്യവസ്തുക്കളിൽ നിന്നും ജീവകം ഡി ലഭിക്കും കൂടാതെ ഡയറ്ററി സപ്ലിമെന്റായും ഇത് ലഭ്യമാണ്.

ജീവകം ഡി യും ടൈപ്പ് 1 പ്രമേഹവും തമ്മിലുള്ള ബന്ധം കൂടുതൽ മനസ്സിലാക്കാൻ ഈ പഠനത്തിലൂടെ ഗവേഷകർ ശ്രമിച്ചു. കൊളറാഡോ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ജീൻ നോറിസിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ജീവകം ഡി യുടെ ഉയർന്ന അളവ് ഐലറ്റ് ഓട്ടോ ഇമ്മ്യൂണിറ്റി തടയുമെന്നു തെളിയിക്കുന്ന ആദ്യപഠനമാണിതെന്ന് ഗവേഷകർ അവകാശപ്പെടുന്നു.

ടൈപ്പ് 1 പ്രമേഹം ബാധിക്കാൻ ജനിതകമായി സാധ്യതയുള്ള 8676 കുട്ടികളിലാണ് പഠനം നടത്തിയത്. പഠനത്തിനായി ശൈശവം മുതൽ നാലു വയസ്സുവരെ ഓരോ മൂന്നു മുതൽ ആറുമാസം കൂടുമ്പോൾ രക്തസാമ്പിളുകൾ പരിശോധിച്ചു. ജീവകം ഡിയുടെ അളവും ഐലറ്റ് ഓട്ടോ ഇമ്മ്യൂണിറ്റിയും തിരിച്ചറിയാൻ ഈ സാമ്പിളുകള്‍ ഉപയോഗിച്ചു

376 കുട്ടികൾക്ക് ഐലറ്റ് ഓട്ടോ ഇമ്മ്യൂണിറ്റി ബാധിച്ചു. ഈ അവസ്ഥ ബാധിക്കാത്ത 1042 കുട്ടികളുമായി ഇവരുടെ ജീവകം ഡി യുടെ അളവ് താരതമ്യം ചെയ്തു.

കുട്ടിക്കാലത്ത് ജീവകം ഡി യുടെ അളവ് കൂടുതലുള്ള കുട്ടികളിൽ ഐലറ്റ് ഓട്ടോ ഇമ്മ്യൂണിറ്റി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്ന് ഡയബറ്റിസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Read More : Health News, Health and Fitness