അർബുദമുണ്ടെന്ന വിവരമറിഞ്ഞാൽ തന്നെ മരണം ഉറപ്പിച്ചു തളർന്നുപോകുന്നവർ കേൾക്കണം മരിയാന എന്ന മുപ്പത്തിമൂന്നുകാരിയുടെ വാക്കുകൾ. സ്തനാർബുദ ബോധവൽക്കരണത്തിനായി ഇവൾ തിരഞ്ഞെടുത്തത് സ്വന്തം ജീവിതം; തുറന്നു കാട്ടുന്നത് സ്വന്തം ശരീരവും. നെഞ്ചിലെ മുറിപ്പാടുകൾ അർബുദത്തോടു പൊരുതി നേടിയ വിജയത്തിന്റെ അടയാളമാണെന്ന് അവൾ ലോകത്തോടു വിളിച്ചു പറയുന്നു. മാറിടം നീക്കം ചെയ്യാൻ വിധിക്കപ്പെട്ടവർ അപകർഷതാബോധം കൊണ്ടു തലതാഴ്ത്തേണ്ട, പ്രതീക്ഷയോടെ തലയുയർത്തിത്തന്നെ ജീവിക്കുക... ഇത് നിങ്ങളിൽ അദ്ഭുതം സൃഷ്ടിക്കും... മരിയാന പറയുന്നു. മൂന്നു വർഷത്തിനിടെ റിയോ ഡി ജനീറോയിലെ ഏകദേശം ഇരുന്നൂറോളം പള്ളികളിൽ, അരയ്ക്കു കീഴിൽ മാത്രം വസ്ത്രം ധരിച്ച് ബോധവൽക്കരണ പരിപാടികളിൽ സാന്നിധ്യമാകുകയാണ് മരിയാന.
ആദ്യമൊക്കെ ഈ മുറിപ്പാടുകൾ പലരിലും ഞെട്ടലുണ്ടാക്കി, എന്റെ പ്രവർത്തിയെ ചോദ്യം ചെയ്യുന്നവരുമുണ്ടായി. എന്റെ കഥ പറഞ്ഞ ശേഷം സ്തനം നീക്കം ചെയ്ത ഭാഗം കാട്ടുമ്പോൾ ഞങ്ങൾക്കു കാണേണ്ട എന്നു പറഞ്ഞു മുഖം തിരിച്ചവരുമുണ്ട്. എന്നാൽ മറ്റു ചിലരാകട്ടെ വികാരഭരിതരായി എന്നെ വന്ന് കെട്ടിപ്പുണർന്നു. അവരുടെ ജീവിതാനുഭവങ്ങൾ എന്നോടു പങ്കിട്ടു. ഞാൻ നൽകിയ ഊർജം എത്രമാത്രം ധൈര്യം പകർന്നെന്ന് വെളിപ്പെടുത്തി. – മരിയാന പറയുന്നു. സമൂഹമാധ്യമങ്ങളിൽ എന്നെ പിന്തുണയ്ക്കുന്നവരും വിമർശിക്കുന്നവരുമുണ്ട്. എന്റെ മുറിപ്പാടുകളെ വിരൂപം എന്നു വിശേഷിപ്പിച്ചും പരിഹാസ്യമായ പ്രവർത്തിയാണ് ചെയ്യുന്നതെന്നും പറഞ്ഞ് സന്ദേശങ്ങൾ അയയ്ക്കുന്നവരും കുറവല്ല. അവർ പറയുന്നത് മാറിടങ്ങൾ കാണിക്കേണ്ട ആവശ്യമില്ലെന്നും എന്നിൽ സംഭവിച്ചതെന്തെന്ന് അവർക്ക് കാണേണ്ടതില്ലെന്നുമാണ്. ഇതൊന്നും എന്നെ തളർത്തുന്നില്ല. ഈ മുറിപ്പാടുകളിൽ എനിക്ക് അഭിമാനമേയുള്ളു. പൊരുതി തന്നെ ഞാൻ നേടിയ എന്റെ ജീവിതത്തിന്റെ അടയാളമാണിത് – മരിയയുടെ ഈ ഉറച്ചവാക്കുകൾക്കു ലഭിക്കുന്ന കൈയടികളും കുറവല്ല.
ബ്രസീൽ സൈന്യത്തിൽ നഴ്സായിരുന്ന മരിയാനയ്ക്ക് ഇരുപത്തിനാലാം വയസ്സിലാണ് സ്തനാർബുദം സ്ഥിരീകരിച്ചത്. രോഗത്തിൽ നിന്നു മുക്തിനേടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. മരിയാനയുടെ മരണ സർട്ടിഫിക്കറ്റ് പോലും ഡോക്ടർമാർ ഒരുവേള തയാറാക്കി. അനിശ്ചിതത്വത്തിലായ ആ കാലം പിന്നിട്ട് മുപ്പത്തിമൂന്നാം വയസ്സുവരെ ജീവിതം തിരിച്ചുപിടിച്ച കഥയാണ് മരിയാനയുടേത്.
ഒരു ദിവസം കുളിക്കുന്നതിനിടെ ഇടതു നെഞ്ചിൽ ചെറിയ ഒരു മുഴ ശ്രദ്ധയിൽപ്പെട്ടു. ഒരു മാസം കഴിഞ്ഞപ്പോൾ വലതു നെഞ്ചിൽ ഒരു വീക്കവും. ഇവ നെഞ്ചിനകത്തേക്ക് പടർന്നിരുന്നു. ഭേദമാക്കാൻ പറ്റാത്ത അർബുദമാണെന്ന ബയോപ്സി ഫലവും വന്നു. ജീവൻ നിലനിൽക്കാൻ സാധ്യത മൂന്നിലൊന്നു മാത്രമെന്ന വിധിയും. ഒന്നുകിൽ മരണം അല്ലെങ്കിൽ എന്തെങ്കിലും അദ്ഭുതം. ഇതിലേതെന്ന് അറിയാൻ ഏതാനും ആഴ്ചകൾ മാത്രം. – മാതാപിതാക്കളോടൊപ്പം എന്നെ വീട്ടിലേക്കു വിടുമ്പോൾ ഡോക്ടർമാർ മുന്നറിയിപ്പു നൽകി. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന എന്റെ സുഹൃത്ത് കൂടിയായ നഴ്സ് പറഞ്ഞു, അവൾ കംപ്യൂട്ടറിൽ എന്റെ മരണസർട്ടിഫിക്കറ്റ് കണ്ടെന്ന്. അവർ അതു പോലും തയാറാക്കി വച്ചു, ഒരു പകർപ്പ് മാത്രം എടുക്കാനുള്ള സൗകര്യത്തിൽ.
വീട്ടിലെത്തിയ മരിയാന മരണത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. സ്വന്തം മുറിയുടെ വാതിൽ അടച്ച്, കർട്ടനുകളെല്ലാം പിടിച്ചിട്ട്, കട്ടിലിൽ മരണം മാത്രം മുന്നിൽക്കണ്ട് കിടന്നു. കടുത്ത ഡിപ്രഷനിലേക്കും അവൾ വഴുതിവീണു. ബ്ലീഡിങ് കൂടി, ശരീരഭാരം കുറഞ്ഞു. ഈ ദിനങ്ങളിൽ ഒരു സത്യം മരിയാന തിരിച്ചറിഞ്ഞു, അർബുദം ഒരുപക്ഷേ എന്നെ കൊല്ലില്ലായിരിക്കാം, എന്നാൽ ആ ചിന്തകൾ ശരീരത്തിലുണ്ടാകുന്ന പാർശ്വഫലങ്ങളിലാകും ഞാൻ മരണത്തിലേക്കു വീഴുക – വേദനാജനകമായ ആ കാലഘട്ടം മരിയാന ഓർക്കുന്നു.
ഒരു മാസത്തിനു ശേഷം വിദഗ്ധ ചികിത്സയ്ക്കായി റിയോയിലെ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെത്തി. നാലുമാസം കൊണ്ട് കഠിനമായ ആറു കീമോ തെറാപ്പി സെക്‌ഷനുകൾ. മരുന്നുകൾ കോശങ്ങളുടെ നാശം കുറച്ചു. എന്നാൽ രോഗം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കാതിരിക്കാൻ സ്തനങ്ങൾ നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. മരിയാനയുടെ ഭാവിയോർത്ത് കുടുംബാംഗങ്ങൾ ഇതിനു സമ്മതം നൽകിയില്ല. കീമോതെറപ്പിയിലൂടെ മുടിയെല്ലാം നഷ്ടമായി, ഞാൻ നന്നായി ക്ഷീണിച്ചു. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി അതു കൂടി നടക്കട്ടെ – അതികഠിനമായ വേദനയോടെ സ്തനങ്ങൾ നീക്കാനുള്ള ആ തീരുമാനം മരിയ എടുത്തു. അമ്മയോടു പോലും ഇതു പറഞ്ഞില്ല. ശസ്ത്രക്രിയയ്ക്കുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടത് 15 വർഷമായി ജീവിതത്തിൽ ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത്.
2010 ജനുവരി – ശസ്ത്രക്രിയാ ദിവസം രാവിലെ കുളിമുറിയിൽ മുട്ടുകുത്തി നിന്ന് മരിയാന ദൈവത്തിനു വാക്കു നൽകി, ഞാൻ തിരിച്ചു വരികയാണെങ്കിൽ മാറിടം നഷ്ടപ്പെട്ടതോർത്ത് വിഷമിക്കില്ല, ആ മുറിവുകൾ മറ്റുള്ളവർക്ക് കാട്ടിക്കൊടുത്ത് അഭിമാനിക്കും.– ആ ഉറപ്പ് മരിയാന ഇപ്പോഴും പാലിക്കുന്നു. ശസ്ത്രക്രിയ ഉണ്ടാക്കിയ ഒരു നഷ്ടമായി മരിയാനയ്ക്കു തോന്നിയത് തന്റെ ആൺസുഹൃത്ത് ബന്ധം ഉപേക്ഷിച്ചതു മാത്രമാണ്.
വളരെ അവിചാരിതമാണ് വിൽസൺ പിന്നീട് മരിയാനയുടെ ജീവിതത്തിലേക്കു കടന്നു വന്നത്. സ്തനങ്ങൾ ഇല്ലെന്നറിഞ്ഞിട്ടും ജീവിതത്തോടുള്ള മരിയാനയുടെ സമീപനവും പോസിറ്റീവ് ചിന്തകളും വിൽസനെ മരിയാനയുടെ ജീവിതപങ്കാളിയാക്കി. ഉയർന്ന ഡോസ് മരുന്നുകൾ കീമോതെറപ്പിയിൽ ഉപയോഗിച്ചതിന്റെ പാർശ്വഫലമായി കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ഇതിനെയല്ലാം തള്ളിക്കളഞ്ഞ് 2015 – ൽ ഡാനിയേൽ എന്ന മകന് മരിയാന ജന്മം നൽകി. പ്രതീക്ഷയുടെ ഒറ്റ കച്ചിത്തുരുമ്പിൽ ജീവിതം തിരികെപ്പിടിച്ച്, ആത്മവിശ്വാസമുണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്നു അടയാളപ്പെടുത്തുകയാണ് മരിയാന തന്റെ ജീവിതത്തിലൂടെ.
Read More : Health News, Ladies Corner