‘‘മധുരമെല്ലാം തിന്നോ, പല്ലു വേഗം പൊയ്ക്കോളും.’’ മിഠായി തീറ്റ അധികമാണ്. സൂക്ഷിച്ചില്ലേൽ പല്ലിനു പോടു വരും.’’ മക്കളോട് ഒരു വട്ടമെങ്കിലും ഇങ്ങനെ പറയാത്ത അമ്മമാരുണ്ടാകില്ല. കുട്ടികളുടെ ദന്താരോഗ്യം പ്രധാനമാണ്.
കുട്ടികളുടെ ദന്താരോഗ്യത്തിന് വീടു മാത്രമല്ല, സ്കൂളും പരിസരവും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. സ്കൂളിൽ നിന്നു ലഭിക്കുന്ന ഭക്ഷണത്തോടൊപ്പം ചുറ്റുപാടുകളിൽ നിന്നുള്ള ഭക്ഷണവും കുട്ടികളുടെ പല്ലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കുട്ടികളിലെ ദന്താരോഗ്യം മെച്ചപ്പെടുത്താൻ സ്കൂളുകൾ നടത്തുന്ന പരിപാടികളെക്കാൾ മികച്ച ഫലം തരുന്നത് ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്ന ചുറ്റുപാടുകൾ ഉണ്ടാക്കുക എന്നതിനാണെന്ന് ഒരു പഠനം നിർദേശിക്കുന്നു. കാനഡയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്നാഷണൽ റിസേർച്ച് സയന്റിഫിക് ഗവേഷകർ ഗ്രേറ്റർ മോൺട്രിയലിലെ സ്കൂളുകളിൽ ഒരു പഠനം നടത്തി.
ദന്താരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളും ഇത് കുട്ടികളിലെ കാവിറ്റി നിരക്കുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്നു പരിശോധിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ പ്രധാനമാണ്. എന്നാൽ സ്കൂളുകളിലെ ഭക്ഷണാന്തരീക്ഷം എട്ടു മുതൽ പത്തു വയസ്സു വരെയുള്ള കുട്ടികളിലെ കാവിറ്റി നിരക്കിൽ പ്രധാന പങ്കു വഹിക്കുന്നുവെന്ന് പഠനത്തിൽ വ്യക്തമായി. സ്കൂളുകളിലും ചുറ്റുപാടുകളിലും ലഭ്യമായ ഭക്ഷണം കുട്ടികളുടെ പൊതുവായ ആരോഗ്യത്തെ വലിയ തോതിൽ ബാധിക്കുന്നു.
200 സ്കൂളുകളിലെ 330 കുട്ടികളിൽ രണ്ടുവർഷക്കാലം പഠനം നടത്തി. സാമൂഹ്യ സാമ്പത്തിക ഘടകം, സ്കൂളിലെ ഭക്ഷണാന്തരീക്ഷം, കാവിറ്റി പ്രിവൻഷൻ പ്രോഗ്രാമുകൾ എന്നിവയും കണക്കിലെടുത്തു.
കുട്ടികളുടെ ഭക്ഷണം, സാമൂഹ്യ സാമ്പത്തികാവസ്ഥ ഇവയുമായി താരതമ്യം ചെയ്യുമ്പോൾ ആരോഗ്യകരമായ ഭക്ഷണ ശീലത്തിന് ഡെന്റൽ ഹൈജീനുമായി ഗുണപരമായ സ്വാധീനം ഉള്ളതായി കണ്ടു.
ആരോഗ്യ ഭക്ഷണം കഴിക്കാനുള്ള ചുറ്റുപാട് ഉണ്ടാക്കുന്നതിനാവശ്യമായ നയങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കുട്ടികളിലെ ദന്താരോഗ്യത്തിന് ഗുണം ചെയ്യും. സ്കൂളുകളിൽ ഒറ്റയ്ക്ക് നടത്തുന്ന പരിപാടികളെക്കാൾ ദന്താരോഗ്യത്തിൽ ശ്രദ്ധിക്കാൻ കുട്ടികൾക്ക് ഇത് നല്ലതാണ്. അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Read More : Health News, Yoga