Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്റിബയോട്ടിക് കഴിക്കും മുൻപ് അറിയണം അതിന്റെ അപകടസാധ്യതകൾ

antibiotic

പനിയാണ്. മൂക്കൊലിപ്പും തുമ്മലും തലവേദനയും ശരീരവേദനയും അലട്ടുന്നു. പനി പെട്ടെന്നു കുറയാൻ കുത്തിവയ്പ്, ചുമയും കഫക്കെട്ടും മാറാൻ ആന്റിബയോട്ടിക്... ഡോക്ടർമാർ പരിശോധിക്കുന്നതിനു മുൻപു തന്നെ പനിരോഗിയുടെ വക നിർദേശമാണിത്. രോഗവും ചികിൽസയുമെല്ലാം സ്വയം നിശ്ചയിച്ചുകഴിഞ്ഞു. ഇനി വേണ്ടതു പനിച്ചു കിടക്കാതെയിരിക്കാനുള്ള ഹൈ ഡോസ് മരുന്ന്. രോഗം അടങ്ങി ആഴ്ചകൾക്കുള്ളിൽ തീവ്രമായ ലക്ഷണങ്ങളോടെ വീണ്ടും തിരിച്ചെത്തുന്നു. വീണ്ടും വേണ്ടിവരുന്നത് കൂടിയ ഡോസ് മരുന്ന്. 

വേഗത്തിൽ രോഗശാന്തി ലഭിക്കാനായി ആന്റിബയോട്ടിക് അനിയന്ത്രിതമായി ഉപയോഗിക്കുന്നതോടെ വില്ലനാവുന്നതിന്റെ അപകടങ്ങളാണിത്. ഇതോടെ മരുന്നുകളോടു പ്രതിരോധിക്കുന്ന തരത്തിൽ രോഗാണുക്കൾക്കു സ്വഭാവമാറ്റം സംഭവിക്കുന്നു. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) എന്ന പേരിൽ അറിയപ്പെടുന്ന രോഗാണുക്കളാണു പുതിയ കാലത്തിന്റെ ദുരന്തമെന്നു ലോകാരോഗ്യ സംഘടന തന്നെ പ്രഖ്യാപിച്ചു. കേരളത്തിലും എഎംആർ രോഗാണുക്കളുടെ വ്യാപകസാന്നിധ്യം കണ്ടെത്തിയതോടെ വിശദമായ പ്രതിരോധ പദ്ധതികൾ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു. 

മുന്നിലെ ദുരന്തങ്ങൾ 

പനി മുതൽ കാൻസർ വരെയുള്ള ഏതു രോഗങ്ങൾക്കും എഎംആർ വില്ലനാകാം. അതായത് എഎംആർ ഉള്ള വൈറസ് വഴി ബാധിച്ച പനി പോലും ചികിൽസിക്കാനാവില്ല. ക്രമേണ രോഗം മൂർച്ഛിച്ചു രോഗി മരണത്തിനു കീഴടങ്ങും. 

അണുബാധയാണ് ഏറ്റവും വലിയ ഭീഷണി. പലരും പുറമേ കാണപ്പെടുന്ന രോഗങ്ങളിൽ നിന്നു വിമുക്തി നേടിയാലും അപ്രതീക്ഷിതമായുണ്ടാകുന്ന അണുബാധ മൂലം മരണം വരെയുണ്ടാകാം. നിലവിൽ എഎംആർ വഴിയുണ്ടാകുന്ന അണുബാധയെ കുറച്ചെങ്കിലും തടയുന്നതിനുള്ള ഒറ്റ ഡോസ് ഇൻജക്‌ഷന് 25,000 രൂപയാണു വില! ഒന്നോ രണ്ടോ ആഴ്ച തുടർച്ചയായി കുത്തിവയ്പു നൽകിയാലും അണുബാധയിൽ നിന്നു വിമുക്തി നേടുന്ന കാര്യം സംശയം. ആന്റിബയോട്ടിക് മരുന്നുകൾ ഒന്നു മുതൽ മൂന്നു വരെ തലമുറകളിലുള്ളവ ഉപയോഗിച്ച ശേഷവും ഫലം കിട്ടാഞ്ഞതിനെത്തുടർന്ന് അപൂർവ രോഗങ്ങൾക്കായി കാത്തുവച്ച നാലാം തലമുറയും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. 

തിരിഞ്ഞു കൊത്തുന്നു 

ആന്റിബയോട്ടിക് മരുന്നുകളുടെ തോന്നിയപടിയുള്ള ഉപയോഗം വിഷപ്പാമ്പിനെ നോവിച്ചു വിടുന്നതു പോലെയാണ്. വേദനിച്ച പാമ്പ് കൂടുതൽ കരുത്തോടെ ആക്രമിക്കും. കൃത്യമായ അളവിലല്ലാതെയും അനാവശ്യമായും ശരീരത്തിലെത്തുന്ന ആന്റിബയോട്ടിക്കുകൾ മൂലം രോഗാണുക്കൾക്കു മരുന്നിനോടു പ്രതികരിക്കാനുള്ള ശേഷി ഇല്ലാതാകുന്നു. അഥവാ രോഗാണുക്കൾ മരുന്നുകളെക്കാൾ കരുത്തരാകുന്നു. 10 വർഷം മുൻപു േകരളത്തിൽ ടൈഫോയ്ഡിന് ഉപയോഗിച്ചിരുന്ന മരുന്ന് (സിപ്രോഫ്ലോക്സാസിൻ) ഇപ്പോൾ ചുമയ്ക്കു പ്രതിവിധിയായി ഉപയോഗിക്കുന്നുവെന്ന് ആരോഗ്യവകുപ്പു തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. 

രോഗങ്ങൾക്കു ഡോക്ടർമാർ അനാവശ്യമായി ആന്റിബയോട്ടിക് മരുന്നു നിർദേശിക്കുന്നതു വഴിയുള്ള തുടർച്ചയായ ഉപയോഗം മരുന്നു പ്രതിരോധിക്കുന്ന രോഗാണുക്കളെ സൃഷ്ടിക്കുന്നതിനു കാരണമാകുന്നുണ്ട്. ഡോക്ടർമാർ കുറിച്ചുനൽകുന്ന ആന്റിബയോട്ടിക്കുകൾ കൃത്യമായ കോഴ്സിൽ (നിശ്ചിത സമയത്തും അളവിലും) കഴിച്ചില്ലെങ്കിലും ഇതു സംഭവിക്കാം. അതായത് അഞ്ചു ദിവസത്തേക്കു നൽകുന്ന മരുന്ന്, രോഗം മാറിയെന്നു കരുതി രണ്ടു ദിവസം കൊണ്ടു നിർത്തുന്നവരാണ് ഇര. പുറമേ, ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽസ നിശ്ചയിച്ചു മരുന്നുകൾ ഉപയോഗിക്കുന്നവരും ഇൗ പട്ടികയിൽ വരും. 

ഇറച്ചിക്കോഴി വഴിയും 

കൂടുതൽ അളവിൽ മാംസവും പാലും ഉൽപാദിപ്പിക്കാൻ ആന്റിബയോട്ടിക്കുകൾ ചേർത്ത ഭക്ഷ്യവസ്തുക്കളും മരുന്നുകളും കാലികൾക്കും ഇറച്ചിക്കോഴികൾക്കും നൽകുന്നതു വഴിയും ആന്റിബയോട്ടിക് ഘടകങ്ങൾ മനുഷ്യരിലെത്തുമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ നെല്ലും ഗോതമ്പും ഉൾപ്പെടെയുള്ള വിളകൾക്കു കൂടുതൽ വിളവു ലഭിക്കുന്നതിന് വളമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാറുണ്ട്. 

സർക്കാർ ചെയ്യുന്നത് 

കേന്ദ്രസർക്കാരിന്റെയും ലോകാരോഗ്യ സംഘടനയുടെയും സഹകരണത്തോടെ ആരോഗ്യവകുപ്പും ഭക്ഷ്യ, കൃഷി, ഫിഷറീസ് വകുപ്പുകളും ചേർന്ന് എഎംആറിനെ ചെറുക്കാൻ ‘വൺ ഹെൽത്ത്’ എന്ന പേരിൽ പദ്ധതി തയാറാക്കുന്നു. മരുന്നുകളുടെ അമിതോപയോഗം തടയാൻ എല്ലാ ആശുപത്രികളിലും സംവിധാനം ഒരുക്കുകയാണു പ്രാഥമിക ലക്ഷ്യം. ഡോക്ടർമാർ അനാവശ്യമായി ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്നതു തടയാൻ നടപടിയെടുക്കും. മരുന്നു വിൽപനശാലകൾ ഡോക്ടർമാരുടെ കുറിപ്പുകളില്ലാതെ മരുന്നുകൾ നൽകുന്ന രീതി പൂർണമായി തടയാനും നിർദേശം നൽകിയിട്ടുണ്ട്. കൃഷി, ഭക്ഷ്യ മേഖലകളിൽ ആന്റിബയോട്ടിക്കിന്റെ ഉപയോഗം തടയൽ, ബോധവൽക്കരണം എന്നിവയും പദ്ധതിയിലുണ്ട്. നവംബർ 13 മുതൽ 19 വരെ ആന്റിബയോട്ടിക് അവബോധആഴ്ചയായി ആചരിക്കാനാണു തീരുമാനം. 

ആറ് ഇനം ബാക്ടീരിയ കേരളത്തിലും 

മരുന്നുകളെ പ്രതിരോധിക്കാൻ ശേഷി ആർജിച്ച, രോഗവാഹകരായ ആറ് ഇനം ബാക്ടീരിയകളുടെ സാന്നിധ്യം കേരളത്തിലും കണ്ടെത്തിയിട്ടുണ്ട്. ഇ കോളൈ (മൂത്രാശയ രോഗങ്ങൾ), ക്ലബ്സിയല (ശ്വാസകോശ രോഗങ്ങൾ), സ്യൂഡോമൊണാസ് (ശ്വാസകോശ രോഗം), അസിനിറ്റോ ബാക്ടർ (ത്വക് രോഗം, ഉദരരോഗം), സ്റ്റെഫലോ കോക്കസ് ഓറിയസ് (ത്വക് രോഗം, ശ്വാസകോശ രോഗം), എന്ററോ കോക്കസ് (ഉദര രോഗം) എന്നീ ബാക്ടീരിയകളാണു നിലവിൽ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷി നേടിയതായി ആരോഗ്യവകുപ്പിന്റെ പഠനത്തിൽ‌ കണ്ടെത്തിയത്. 

ലോകാരോഗ്യ സംഘടന പറയുന്നത് 

∙ 2050ൽ ലോകത്ത് ഒരു കോടിയോളം പേർ എഎംആർ വഴി മരിക്കും; കാൻസർ മൂലവും വാഹനാപകടങ്ങളിലൂടെയും മരണമടയുന്നവരുടെ എണ്ണത്തിനു തുല്യം. 

∙ എഎംആറിനെ ചെറുക്കാനുള്ള പുതിയ മരുന്നുകൾ കണ്ടെത്തുന്നതിനും ചികിൽസയ്ക്കുമായി ലോകത്തിൽ 10,000 കോടി യുഎസ് ഡോളർ (ഏകദേശം 6.5 ലക്ഷം കോടി രൂപ) ചെലവഴിക്കേണ്ടി വരും. രോഗബാധ ഇന്ത്യയിൽ 

∙ വർഷംതോറും അഞ്ചു വയസ്സിൽ താഴെയുള്ള 4,10,000 കുട്ടികൾ ന്യുമോണിയ ബാധിച്ചു മരിക്കുന്നു. ഇതു കുട്ടികളുടെ മരണനിരക്കിന്റെ 25% വരും. 

∙ നിലവിൽ കൃത്യമായ ചികിൽസ ലഭിച്ച പതിനായിരം രോഗികളിൽ 417 പേർ അണുബാധ മൂലം മരിക്കുന്നു. 

∙ രോഗങ്ങൾക്കു തുടർച്ചയായി മരുന്ന് കഴിച്ചവരാണു മരിച്ചവരിലേറെയും. 

∙ വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് ബാക്ടീരിയയെ ചെറുക്കാനുള്ള ആന്റിബയോട്ടിക് അനാവശ്യമായി നൽകുന്ന പ്രവണത ഏറെ. 

∙ 2014ൽ പ്രധാന നഗരങ്ങളിലെ ആശുപത്രികളിൽ ഇന്ത്യൻ നെറ്റ്‌വർക്ക് ഫോർ സർവൈലൻസ് ഓഫ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (ഐഎൻഎസ്എആർ) നടത്തിയ പഠനങ്ങളിൽ 31 മുതൽ 51 ശതമാനം വരെ രോഗികളിൽ മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളെ കണ്ടെത്തി. 

Read More : Health related News