Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിശുക്കൾക്ക് ആന്റിബയോട്ടിക്കുകൾ നൽകിയാൽ?

512220862

പനിയുൾപ്പെടെയുള്ള അസുഖങ്ങൾ വരുമ്പോഴും എത്ര മരുന്നുകളാണ് കുഞ്ഞുങ്ങൾക്ക് നൽകേണ്ടി വരുന്നത് എന്ന് ആശങ്കപ്പെടാത്ത രക്ഷിതാക്കൾ ഉണ്ടാവില്ല. നിസാര അസുഖങ്ങൾക്ക് പോലും ആന്റിബയോട്ടിക്കുകൾ ശിശുക്കൾക്ക് നൽകുന്നത് അവരെ പൊണ്ണത്തടിയുള്ളവരാക്കുമെന്ന് ഒരു പഠനം പറയുന്നു. രണ്ടു വയസ്സു വരെയുള്ള കുട്ടികൾക്ക് ആന്റിബയോട്ടിക്കുകൾ നൽകുന്നത് പൊണ്ണത്തടിക്കുള്ള സാധ്യത 26 ശതമാനം കൂടുന്നതായി മുപ്പതിനായിരം കുട്ടികളിൽ നടത്തിയ പഠനത്തിൽ കണ്ടു. 

എത്രകാലം മരുന്നുകളും ആന്റിബയോട്ടിക്കുകളും കഴിക്കുന്നുവോ അത്രയും പൊണ്ണത്തടിക്കുള്ള സാധ്യതയും കൂടും. നാലോ അതിലധികമോ ഇനം മരുന്നുകൾ കഴിക്കുന്ന പെൺകുട്ടികൾക്ക് 50 ശതമാനമാണ് പൊണ്ണത്തടിക്കുള്ള സാധ്യത. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ഉദരത്തിലെ പ്രധാനപ്പെട്ട ബാക്ടീരിയകളെ ഈ മരുന്നുകൾ നശിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. 

സാധാരണ ജലദോഷത്തിനു പോലും ശിശുക്കൾക്ക് ആന്റി ബയോട്ടിക്കുകൾ അനാവശ്യമായി നൽകുന്നുണ്ടെന്ന് പഠനത്തിനു നേതൃത്വം നൽകിയ മേരിലാൻഡിലെ യൂണിവേഴ്സിറ്റി ഓഫ് ദ് ഹെൽത്ത് സയൻസസിലെ ഡോ. കേഡ് നൈലുൻഡ് പറയുന്നു. കുട്ടിക്കാലത്തു പൊണ്ണത്തടിയുള്ളവർ മുതിരുമ്പോഴും ശരീരഭാരം കൂടുതലുള്ളവർ ആയിരിക്കുമെന്നും ഇത് ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദയപ്രശ്നങ്ങൾ ഇവയ്ക്കു കാരണമാകുമെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു