കഴിക്കുന്ന ഭക്ഷണത്തിനനനുസരിച്ച് ഓരോ മൂന്നു മാസം കൂടുമ്പോഴും ശസ്ത്രക്രിയ ചെയ്യേണ്ട ഗതികേടിലാണ് 11 കാരൻ. ഭക്ഷണത്തോടുള്ള അലർജിയാണ് കലേബ് ഹോഷോയുടെ പ്രശ്നം.
ഇയോസിനോഫിലിക് ഈസോഫാഗൈറ്റിസ്( Eosinophilic Esophagitis)എന്ന അപൂർവാവസ്ഥയാണ് കലേബിനെ ബാധിച്ചിരിക്കുന്നത്. ആഹാരം കഴിഞ്ഞ് സ്ഥിരമായുള്ള ഛർദ്ദിയായിരുന്നു ആദ്യ ലക്ഷണം. ആസിഡ് റിഫ്ലകക്ഷൻ കൊണ്ടാകാം ഇതെന്നാണ് ആദ്യം കരുതിയത്. ഇത് പിന്നീട് അന്നനാളത്തിൽ കടുത്ത വീക്കമായി പരിണമിച്ചു.
വിശദമായ പരിശോധനയിൽ കലേബ് കഴിക്കുന്ന ആഹാരം ഉണ്ടാക്കുന്ന അലർജിയാണ് ഈ പ്രശ്നങ്ങൾക്കു കാരണമെന്നു കണ്ടെത്തി. അലർജി അന്നനാളത്തിലെയും തൊണ്ടിലെയും ഞരമ്പുകളെ നശിപ്പിക്കുന്നു. ഇതു കാരണം എന്തെങ്കിലും ചവച്ചു കഴിക്കുന്നതായി പോലും അവനു തോന്നിയിരുന്നില്ല.
ഈ പ്രശ്നത്തിനുള്ള ഏക പരിഹാരം ഏത് ആഹാരമാണ് അലർജിക്കു കാരണമെന്നു കണ്ടെത്തി അതൊഴിവാക്കുകയെന്നതാണ്. രോഗകാരണമായ ആഹാരം കണ്ടെത്താനായി ഒൻപതു മുതൽ 12 ആഴ്ച വരെ ഒരു ഫുഡ് ഗ്രൂപ്പിൽ നിന്ന് മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
ഈ കഴിച്ച ഭക്ഷ്യവസ്തുക്കൾ കലേബിനെ ബാധിച്ചോ എന്നറിയാൻ ഓരോ മൂന്നു മാസം ആകുമ്പോഴേക്കും അന്നനാളവും ആമാശയവും ചെറുകുടലും ശസ്ത്രക്രിയ ചെയ്തു പരിശോധിക്കേണ്ടി വരും. അഞ്ചു വർഷം വരെ ഇതു തുടരേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.
കുട്ടിക്കാലത്ത് തന്നെ കലേബ് ഈ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായി അമ്മ ലിന്‍ഡ പറയുന്നു. ആസിഡ് റിഫ്ലക്ഷനാണെന്നു കരുതി അതിനുള്ള മരുന്നുകൾ നൽകുകയും ചെയ്തിരുന്നു. നാലു വയസ്സുവരെ ആഹാരം വിഴുങ്ങാന്‍ ബുദ്ധിമുട്ട് കാണിച്ചിരുന്നു. ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽപ്പോലും കുട്ടി അത് തിരിച്ചറിഞ്ഞിരുന്നില്ല.
ഡിസംബറിൽ നടത്തിയ ബയോപ്സിയിലാണ് ഇയോസിനോഫിലിക് ഈസോഫാഗൈറ്റിസ് എന്ന അപൂർവാവസ്ഥയാണ് കുട്ടിയെ ബാധിച്ചിരിക്കുന്നതെന്നു കണ്ടെത്തിയത്. ഈ രോഗം ബാധിച്ചിരിക്കുന്നവരിൽ ഇയോസിനോഫിൽസ് എന്ന ശ്വേത രക്തകോശങ്ങൾ കൂടിയ അളവിൽ കാണപ്പെടും.
കുഞ്ഞ് ജനിച്ചപ്പോൾ മുതൽ ഈ അവസ്ഥ ഉണ്ടായിരുന്നതായി ഡോക്ടർമാർ പറയുന്നു. വർഷങ്ങളായുള്ള ആസിഡ് പ്രവർത്തനം മൂലം അന്നനാളത്തിലെ ഞരമ്പുകൾ നശിച്ചതിനാൽ ഇപ്പോൾ തൊണ്ടയിൽ യാതൊരുവിധ പ്രശ്നങ്ങളും അനുഭവപ്പെടുന്നില്ലെന്നും ഡോക്ടർമാർ പറയുന്നു.
ഇഷ്ടഭക്ഷണങ്ങളായിരുന്ന പാൻകേക്ക്, മുട്ട, ഫ്രഞ്ച് ടോസ്റ്റ് എന്നിവ തന്റെ അന്നനാളത്തെയും കാർന്നു തിന്നുവെന്ന് ഈ അഞ്ചാംക്ലാസ്സുകാരൻ പറയുന്നു.
ഏതു ഭക്ഷണമാണ് അലർജി ഉണ്ടാക്കുകയെന്ന് കണ്ടെത്തി അതൊഴിവാക്കുകയല്ലാതെ മറ്റ് ചികിത്സകളൊന്നും ഈ രോഗത്തിനില്ലത്രേ.
ആദ്യഡയറ്റിൽ നിന്ന് ഗോതമ്പ്, പാൽ, മുട്ട, സോയ, കപ്പലണ്ടി, ട്രീനട്സ്, മത്സ്യം, ഷെൽഫിഷ് എന്നിവ ഒഴിവാക്കി.
ഒരു ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ വീറ്റ് ടെസ്റ്റിൽ കലേഗ് വിജയിച്ചു– ബ്രഡ്, ബിസ്കറ്റ് എന്നിവ കഴിക്കാമെന്നു സാരം. മറ്റൊരു ശസ്ത്രക്രിയയിൽ ഡയറി ഉൽപ്പന്നങ്ങളായ ഐസ്ക്രീം, ചീസ് എന്നിവ കുടലിനെ നശിപ്പിച്ചതായി കണ്ടെത്തി.
അഞ്ചുവർഷംകൂടി ഈ ശസസ്ത്രക്രിയകൾ തുടർന്ന് കഴിക്കാവുന്ന ഭക്ഷണങ്ങൾ മാത്രം കണ്ടെത്തി രോഗാവസ്ഥ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് കലേബിന്റെ കുടുംബം.
Read More : Health News