Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമുകിയെ ചുംബിക്കാന്‍ പോലും ഭയം; കാരണം നിലക്കടല

peanut-allergy

പലതരം അലര്‍ജികള്‍ ആളുകള്‍ക്കുണ്ടാകാറുണ്ട്. ചിലര്‍ക്ക് ജന്മനാതന്നെ ചില വസ്തുക്കളോട് അലര്‍ജി ഉണ്ടാകുമ്പോള്‍ മറ്റു ചിലര്‍ക്ക് അലര്‍ജി ഉണ്ടാകുക ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിലാകും. ഇരുപത്തിരണ്ടുകാരനായ ഒലി വെതറാള്‍ എന്ന യുവാവിന്റെ ജീവിതം താറുമാറാക്കിയതും ഇത്തരമൊരു അലര്‍ജിയാണ്. നിലക്കടല അഥവാ  പീനട്ട് ആണ് ഒലിയുടെ ജീവിതത്തില്‍ അലര്‍ജിയുടെ രൂപത്തില്‍ വില്ലനായെത്തിയത്. 

ചെറിയ കുട്ടിയായിരുന്നപ്പോഴാണ് ഒലിയ്ക്ക് നിലക്കടല അലര്‍ജി ആദ്യമായുണ്ടായത്. വായില്‍ തുപ്പല്‍ കട്ടപിടിച്ചു ശ്വസിക്കാന്‍ പോലും ആവാത്ത അവസ്ഥയിലായിരുന്നു അന്ന് ഒലി. പിന്നെയുള്ള ജീവിതത്തിൽ ഏറെ ശ്രദ്ധ കൊടുത്താണ് ഒലി ഓരോ കാര്യങ്ങളും ചെയ്തത്. നിലക്കടല കൊണ്ടുള്ള എന്തെങ്കിലും വസ്തു ഉള്ളിലെത്തിയാല്‍ ഉടന്‍ അലര്‍ജി ലക്ഷണം ആരംഭിക്കും. ശ്വാസതടസ്സവും, ചര്‍മം വിണ്ടുകീറലും ചര്‍മത്തില്‍ ചുവന്ന പാടുകളും ഉടൻ ആരംഭിക്കും. 

ഈ അലര്‍ജി മൂലം സ്വന്തം കാമുകിയെ ഒന്ന് ചുംബിക്കാന്‍ പോലും ഒലിക്ക് ഭയമാണ്. കാരണം അവര്‍ ആഹാരത്തില്‍ അന്നത്തെ ദിവസം അറിയാതെയെങ്കിലും നിലക്കടല കഴിച്ചിട്ടുണ്ടെങ്കില്‍ പിന്നെ ഒലിയ്ക്ക് കടുത്ത അലര്‍ജി ആരംഭിക്കും. മരണം വരെ ഈ അലര്‍ജി മൂലം സംഭവിക്കാമെന്ന മുന്നറിയിപ്പും ഡോക്ടർമാർ നൽകിയിട്ടുണ്ട്.

മിക്കപ്പോഴും ഒലി തനിക്കുള്ള ആഹാരം സ്വയം പാകം ചെയ്യുകയാണ് പതിവ്. ഫ്ലൈറ്റ് യാത്രകളും ഹോളിഡേ ആഘോഷങ്ങളും ഒലി എപ്പോഴും ഒഴിവാക്കാറുണ്ട്. അതുപോലെ അന്യദേശങ്ങളില്‍ അവധി ആഘോഷിക്കാന്‍ പോയാല്‍ ഒരുപക്ഷേ ഭാഷയുടെ പ്രശ്നം മൂലം എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ഭയവുമുണ്ട്.