Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്കരോഗം; ഈ 6 സൂചനകൾ അപകടകരം

chronic-kidney-disease

വൃക്കരോഗം സങ്കീർണമായി മാറുകയോ സങ്കീർണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന ആറു സൂചനകൾ ചുവടെ പറയുന്നു. ഈ ഘട്ടത്തിലെങ്കിലും ചികിത്സ തേടാൻ വൈകരുത്.

1  മൂത്രത്തിന്റെ മാറ്റം

ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്പോൾ അമിതമായി പതയുകയോ നുരയുകയോ കുമിളകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.

സാധാരണമല്ലാത്ത വിധം മൂത്രം നേർത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അൽപാൽപമായി പോകുക, മൂത്രത്തിന്റെ നിറം കട്ടൻ ചായയുടെ നിറം പോലെയാകുക, മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ പ്രയാസം നേരിടുക—മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു.

2 ക്ഷീണവും ശ്വാസം മുട്ടും

അകാരണവും നീണ്ടു നിൽക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കൾക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളർച്ചയുണ്ടാകുന്നു. കടുത്തക്ഷീണം അനുഭവപ്പെടുന്നു. ചിലർക്ക് തണുപ്പും അനുഭവപ്പെടും.

ഓക്സിജൻ കുറയുന്നതുമൂലവും ശ്വാസകോശത്തിൽ നീരുകെട്ടുന്നതു മൂലവും ശ്വാസംമുട്ടും അനുഭവപ്പെടും. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനു വേണ്ട ഓക്സിജൻ ലഭിക്കാത്തതു മൂലം തലയ്ക്ക് മന്ദതയും ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയും അനുഭവപ്പെടും.

Read More : ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ തകരാറിലാകുന്നത് വൃക്കയാണ്

3 മുഖത്തും കാലിലും നീര്

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.

4 രുചിയില്ലായ്മയും ദുർഗന്ധവും

ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാകാത്തവിധം വൃക്കയ്ക്ക് തകരാറു സംഭവിച്ചു കഴിഞ്ഞാൽ വിശപ്പും രുചിയും നഷ്ടപ്പെടാം. ഒപ്പം ഛർദിയും മനംപിരട്ടലും ഉണ്ടായെന്നും വരും.

5 ചൊറിച്ചിൽ

ശരീരത്തിൽ മാലിന്യം പുറന്തള്ളുന്നതിൽ വൃക്കകൾ പരാജയപ്പെടുന്നത് ചർമത്തിൽ ചൊറിച്ചിലും തടിപ്പും ഉണ്ടാകാൻ ഇടയാകും.

6 വേദന

മുതുകിലും, ഇടുപ്പിനും വാരിയെല്ലിനും ഇടയിലും, കാലിലും കാണുന്ന വേദന പോളിസിസ്റ്റിക് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. വൃക്കയിൽ നീർക്കുമിളകൾ രൂപം കൊള്ളുന്ന അവസ്ഥയാണിത്. ഇത് വേദനയും ഉണ്ടാക്കാം.

ശ്രദ്ധിക്കുക, ഈ പറഞ്ഞ സൂചനകൾ വൃക്കരോഗം വരാനുള്ള സാധ്യതയുടെ സൂചനകളല്ല. വിവിധ വൃക്കരോഗങ്ങൾ മാരകമാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഇവയിലൊന്നു കണ്ടാൽ ഒരു നിമിഷം വൈകാതെ വൃക്ക രോഗചികിത്സകന്റെ അടുത്തു നിന്നും വിദഗ്ധ ചികിത്സ നേടുക.

കുഞ്ഞുങ്ങളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ

കൊച്ചുകുഞ്ഞുങ്ങളിലെ വിവിധതരം വൃക്കരോഗങ്ങൾ ലക്ഷണങ്ങളിലൂടെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും ചില സൂചനകൾ ശ്രദ്ധിക്കാം. ഇതിൽ പ്രധാനമായി കുഞ്ഞുങ്ങളുടെ അകാരണമായി തുടർച്ചയായുള്ള കരച്ചിൽ, മൂത്രം അസാധാരണമായി ഇടയ്ക്കിടെ ഒഴിഞ്ഞു പോകൽ, മൂത്രത്തിന്റെ അളവു കുറവ്, ശരീരത്തിൽ കാണുന്ന നീർക്കെട്ടുകൾ എന്നിവ സൂചനകളായി എടുത്ത് പരിശോധനയ്ക്കു വിധേയമാക്കണം. രക്ത—മൂത്ര പരിശോധനകൾ അൾട്രാസൗണ്ട് പരിശോധനകൾ എന്നിവ ഇതിനു സഹായിക്കും. കുഞ്ഞുങ്ങൾ വളരുന്തോറും പലവിധ ലക്ഷണങ്ങൾ കുറച്ചുകൂടി പ്രകടമാവും. ശരീരത്തിന്റെ വളർച്ചക്കുറവ്, കൈകാലുകളിലെ അസ്ഥിവളവുകൾ, അസ്ഥിയുടെ വളർച്ചക്കുറവ് എന്നിവ വൃക്കരോഗങ്ങളുടെ ലക്ഷണങ്ങളാവാം. മറ്റു ല”ക്ഷണങ്ങളൊന്നുമില്ലാതെ ഇടയ്ക്കിടയ്ക്കുണ്ടാവുന്ന പനി, വിറയൽ എന്നിവ കുഞ്ഞുങ്ങളിലെ മൂത്രാശയരോഗത്തിന്റെയോ മൂത്രതടസത്തിന്റെയോ ലക്ഷണങ്ങളാകാം. എന്നാൽ ലക്ഷണങ്ങൾ കൊണ്ടുമാത്രം രോഗം നിശ്ചയിക്കാനാവില്ല, പരിശോധനകൾ വേണ്ടിവരും.

Read More : Health News