Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോന്നുംപോലെ ഗുളികകൾ, കാത്തിരിക്കുന്നത് ദുരന്തം; അനുഭവം വെളിപ്പെടുത്തി ഡോക്ടർ

medicines

ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ തോന്നുംപോലെ വേദനസംഹാരികൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഏതു നിമിഷവും നിങ്ങളുടെ കിഡ്നി പണിമുടക്കാമെന്ന മുന്നറിയിപ്പു നൽകുകയാണ് ഡോ. ഷിനു ശ്യാമളൻ ഫെയ്സ്ബുക് പോസ്റ്റിലൂടെ. ഒപ്പം കിഡ്നി മാറ്റിവയ്ക്കേണ്ടി വന്ന യുവാവിന്റെ അനുഭവവും ഡോക്ടർ പറയുന്നുണ്ട്.

ഡോക്ടറുടെ കുറിപ്പ് വായിക്കാം.

വയസ്സ് 29. രണ്ട് കിഡ്നിയും പ്രവർത്തനം നിലച്ചപ്പോൾ പത്രത്തിൽ പരസ്യം കൊടുത്തു 8 ലക്ഷം രൂപയ്ക്കു ഒരു കിഡ്നി വാങ്ങി. ഇപ്പോൾ 6 വർഷങ്ങൾ കഴിഞ്ഞു.

വിനു എന്നു വിളിക്കാം. ഇന്ന് കിഡ്നിയ്ക്ക് ഇരട്ടി തുകയാകുമെന്ന് വിനു പറയുന്നു. ഇന്നവൻ ഇ. എസ്. ഐ ആശുപത്രിയിൽ സ്ഥിരം മരുന്നുകൾ വാങ്ങാൻ വരും.

"എങ്ങനെയാണ് വിനു കിഡ്നി പോയത്?"

"ഡോക്ടറോട് ചോദിക്കാതെ ദിവസവും തോന്നിയപോലെ വേദനസംഹാരികൾ വാങ്ങി കഴിച്ചു. "

ഡോസ് അനുസരിച്ചു ഒരു ദിവസം 2 ഗുളികകൾ മാത്രം കഴിക്കേണ്ടവ വിനു 4,5 ഗുളികകൾ ഒരു ദിവസം കഴിച്ചു. ഡോസ് അറിയാതെ മെഡിക്കൽ സ്റ്റോറുകൾ മാറി മാറി കയറിയിറങ്ങി അവൻ പലതരം ഗുളികകൾ ദിവസങ്ങളോളം തുടർച്ചയായി കഴിച്ചു കൊണ്ടേയിരുന്നു.

ഒടുവിൽ വേദന കുറഞ്ഞു. പക്ഷെ മൂത്രം പോകാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കാലിലും മുഖത്തും നീരും അനുഭവപ്പെട്ടപ്പോൾ തീരെ വയ്യാതെ ഡോക്ടറെ കാണാൻ പോയി.

രക്തം പരിശോധിച്ചു ക്രീയാറ്റിനിൻ, യൂറിയ ഒരുപാട് കൂടുതലായിരുന്നു. ഡയാലിസിസ് ചെയ്ത് എത്ര നാളുകൾ ജീവിക്കാനാകും?

അങ്ങനെ വിനു പത്രത്തിൽ പരസ്യം കൊടുത്തു. കോട്ടയത്തു നിന്നും കാശിന് അത്യാവശ്യമുള്ള ഒരു യുവതി അവരുടെ കിഡ്‌നി 8 ലക്ഷം രൂപയ്ക്ക് വിനുവിന് കൊടുത്തു.

അങ്ങനെ 6 വർഷങ്ങൾ കഴിഞ്ഞു. ഇന്നവൻ എന്നോട് ഒരേയൊരു കാര്യമേ അവശ്യപ്പെട്ടുള്ളൂ.

"ഡോക്ടറെ, എനിക്ക് പറ്റിയത് പറ്റി. ഇനിയാർക്കും ഈ ഒരനുഭവം ഉണ്ടാകാതെയിരിക്കാൻ ഡോക്ടർ ഈ കാര്യം പരമാവധി ആളുകളിൽ എത്തിക്കണം".

(വേദനസംഹാരികൾ മാത്രമല്ല, എന്ത് ഗുളികയും ഡോക്ടറെ കണ്ട് മാത്രം വാങ്ങി കഴിക്കുക. ഡോസും ഡോക്ടർ പറയുന്നപോലെ മാത്രം കഴിക്കുക. വേദന കുറയുന്നില്ല എന്നു കരുതി ഒരു നേരം കഴിക്കേണ്ട ഗുളിക 4 നേരം കഴിക്കരുത്, അല്ലെങ്കിൽ 1 ഗുളിക കഴിക്കുന്നത് പകരം 2, 3 ഗുളിക വീതം ഒരുമിച്ചു കഴിക്കരുത്.)