Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാര്‍ട്ഫോണ്‍ വന്ധ്യതയിലേക്കു നയിക്കുന്നത് ഇങ്ങനെ

smart phone

ഇന്നത്തെക്കാലത്ത് സ്മാര്‍ട്ഫോണ്‍ ഇല്ലാതൊരു ജീവിതമില്ല. ഉണരുമ്പോഴും ഉറങ്ങുമ്പോഴും അടുത്തു ഫോണ്‍ വേണമെന്നായിട്ടുണ്ട്. നിര്‍ഭാഗ്യമെന്നു പറയട്ടെ, നിത്യോപയോഗവസ്തുവായ ഈ സെല്‍ഫോണ്‍ തന്നെയാണ് പലപ്പോഴും വന്ധ്യതയിലേക്കു നയിക്കുന്നതെന്നു പഠനം. 

പുരുഷന്മാരിലെ വന്ധ്യതയുടെ കാരണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് സെല്‍ഫോണുകള്‍തന്നെയെന്നു വിദഗ്ധര്‍ പറയുന്നു. ഫോണുകളിലെ ഇലക്ട്രോ മാഗ്നെറ്റിക്ക് റേഡിയേഷനാണ് ഇതിനു കാരണം. ബീജത്തിന്റെ കൗണ്ട് കുറയാന്‍ ഇത് കാരണമാകുന്നുണ്ട്. കാന്‍സര്‍ ഭീഷണി മുതല്‍ മാനസികനില വരെ തെറ്റിക്കാന്‍ ഈ ഫോണുകള്‍ക്ക് സാധിക്കുമാത്രേ.

ഇന്ന് ലോകത്തു നിലനില്‍ക്കുന്നതില്‍ അദൃശ്യമായതും എന്നാല്‍ ഏറ്റവും മാരകമായതുമായ മലിനീകരണം ഉണ്ടാക്കുന്നത്‌ സെല്‍ ഫോണ്‍ റേഡിയേഷനാണെന്നാണു കരുതുന്നത്. ഇവയില്‍ നിന്നും പുറത്തുവരുന്ന റേഡിയോ തരംഗങ്ങള്‍ പ്രത്യുൽപാദന അവയവങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. 

Read More : മൊബൈൽ പോക്കറ്റിൽ സൂക്ഷിച്ചാൽ?

പൊതുവേ സെല്‍ ഫോണുകള്‍ പുരുഷന്മാര്‍ പാന്റ്സിന്റെയോ ഷര്‍ട്ടിന്റെയോ പോക്കറ്റിലാണ് സൂക്ഷിക്കുക. ഇതാണ് ഇവിടെ അപകടം കൂട്ടുന്നത്‌. നേരിട്ടുള്ള തരംഗങ്ങള്‍ ഏല്‍ക്കാന്‍ ഇത് കാരണമാകുന്നു. അമേരിക്കയില്‍ നടത്തിയൊരു പഠനത്തില്‍ ഇത്തരം തരംഗങ്ങള്‍ ഏൽക്കുമ്പോള്‍ അത് പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണവും ചലനശേഷിയും കുറയ്ക്കുന്നതായി കണ്ടെത്തിയിരുന്നു. നാലു മണിക്കൂര്‍ നേരം ഒരു ദിവസം ഫ്രണ്ട് പോക്കെറ്റില്‍ സെല്‍ ഫോണ്‍ സൂക്ഷിച്ചാല്‍ പോലും ഇത് സംഭവിക്കും. DNAയില്‍ പോലും മാറ്റങ്ങള്‍ സംഭവിക്കാന്‍ ഇത് നിമിത്തമാകും. 

2000-10 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ മാത്രം വന്ധ്യതാനിരക്ക് മുപ്പതു ശതമാനം ആണ് വര്‍ധിച്ചതെന്നു പഠനം പറയുന്നു. അഞ്ചില്‍ ഒരു ദമ്പതികള്‍ക്ക് നിലവില്‍ ഇന്ത്യയില്‍ വന്ധ്യതാപ്രശ്നങ്ങള്‍ അല്ലെങ്കില്‍ ഗര്‍ഭം ധരിക്കാന്‍ പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. ഉറക്കക്കുറവ്, തലചുറ്റല്‍, മെലാടോണിന്‍ ഉൽപാദനം കുറയ്ക്കല്‍ എന്നിവയെല്ലാം ഈ സെല്‍ ഫോണുകള്‍ മൂലം സംഭവിക്കുന്ന പ്രശ്നങ്ങളാണ്. 

എന്താണ് പ്രതിവിധി 

പരമാവധി ഉപയോഗം കുറയ്ക്കുക എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രതിവിധി. ഒപ്പം ഫോണുകള്‍ ഒന്നുങ്കില്‍ ബാക്ക് പോക്കെറ്റ്‌ അല്ലെങ്കില്‍ ബെല്‍റ്റിനു സമീപം സൂക്ഷിക്കുക. ഇത് നേരിട്ടുള്ള തരംഗം ഏൽക്കുന്നതു തടയാന്‍ ഒരുപരിധി വരെ സഹായിക്കും. ദീര്‍ഘനേരത്തെ സംഭാഷണം ഒഴിവാക്കുന്നതും നല്ലതാണ്. ഇന്നത്തെ കാലത്ത് ഫോണുകള്‍ പൂര്‍ണമായും ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ അവയുടെ ഉപയോഗവും അവ സൂക്ഷിക്കുന്നത് എങ്ങനെഎന്നതും പ്രധാനമാണ്. 

എന്നാല്‍ സെല്‍ ഫോണുകള്‍ മാത്രമല്ല വന്ധ്യതയുടെ കാരണം എന്നതും എടുത്തു പറയേണ്ടതാണ്. വന്ധ്യതയ്ക്ക് കാരണമാകുന്ന അനേകം കാര്യങ്ങളില്‍ ഒന്നു മാത്രമാണ് സെല്‍ ഫോണ്‍.

പുരുഷനു മാത്രമല്ല സ്ത്രീകള്‍ക്കും സെല്‍ ഫോണുകള്‍ അപകടം തന്നെയാണ്. അണ്ഡോൽപാദനത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സെല്‍ ഫോണ്‍ റേഡിയേഷനു സാധിക്കും. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കും ഇത് അപകടമാണ്. അതുകൊണ്ടുതന്നെയാണ് ഗര്‍ഭകാലത്ത് സെല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ ഡോക്ടർമാര്‍ പറയുന്നതും. 

ഇന്ത്യയില്‍ ഓട്ടിസം നിരക്ക് ഇപ്പോള്‍ വര്‍ധിച്ചു വരികയാണ്. ലോകത്തെ മൊത്തം നിരക്കില്‍ 40 ശതമാനം കേസുകള്‍ ഇന്ത്യയില്‍ നിന്നാണ് എന്ന് ഓര്‍ക്കുക. ലാപ് ടോപ്പുകളില്‍ നിന്നുള്ള EMF / RF റേഡിയേഷന്‍ , സെല്‍ ഫോണ്‍, വൈഫി എന്നിവയെല്ലാം കുഞ്ഞുങ്ങള്‍ക്ക്‌ നല്ലതല്ല എന്നോര്‍ക്കുക. 

ഇതൊക്കെ  കൊണ്ടാണ് മിനിമം  5mm  ദൂരം ഇത്തരം ഉപകരണങ്ങളും ഉപയോഗിക്കുന്ന ആളുകളും തമ്മില്‍ ഉണ്ടാകണമെന്ന് ഇപ്പോള്‍ കമ്പനികള്‍ നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ ചില ടെലികോം കമ്പനികള്‍ 30 mm വരെ ദൂരം പാലിക്കാന്‍ പറയുന്നുണ്ട്.

Read More : ആരോഗ്യവാർത്തകൾ