സിസേറിയനു തൊട്ടുമുൻപ് ഡോക്ടറുമൊത്ത് ഒരു ഡാൻസ്

സിസേറിയനു തൊട്ടുമുൻപ് ഡോക്ടറുമൊത്ത് ഒരു ഡാൻസ്. ഇതെന്തു കൂത്ത് എന്നു ചോദിക്കാൻ വരട്ടെ, ശരിക്കും സംഭവിച്ചതു തന്നെയാണ്. സംഗീത ഗൗതം എന്ന നൃത്താധ്യാപിയാണ് കുഞ്ഞുമാലാഖയുടെ ഭൂമിയിലേക്കുള്ള വരവ് നൃത്തത്തിലൂടെ ആഘോഷമാക്കിയത്. ലുധിയാന സുമൻ ഹോസ്പിറ്റലിലാണ് ഡോക്ടറുമൊത്തുള്ള നൃത്തം നടന്നത്.

നൃത്തം ചെയ്യാനുള്ള ഒരവസരവും പാഴാക്കരുത്. പുതിയൊരു ജീവനെ ഭൂമിയിലെത്തിക്കുക എന്ന കടമയാണ് നിറവേറ്റാനുള്ളതെങ്കില്‍ ആഘോഷം നിര്‍ബന്ധമാണ്. അതിനു നൃത്തം അല്ലാതെ മികച്ച മറ്റൊന്ന് എന്താണുള്ളത്. അതുകൊണ്ട് എന്റെ കുഞ്ഞു മാലാഖയ്ക്കു വേണ്ടി ഞാനും എന്റെ അമേസിങ്, റോക്കിങ്, സൂപ്പർ ടാലന്റഡ് ഡോക്ടർ വാണി ഥാപ്പറും ചേർന്നു ചെയ്യുന്ന ന‍ൃത്തം ഇതാ. വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ട് സംഗീത പറഞ്ഞ വാക്കുകളാണിത്. എന്റെ ഭ്രാന്തന്‍ നൃത്തത്തിന് കൂട്ടുനിന്നതിന് നന്ദിയുണ്ട് ഡോക്ടര്‍. നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഇത് നടക്കില്ലായിരുന്നു. ഇത്തരത്തിലുള്ള എന്റെ കിറുക്കൻ ആശയങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകി കൂടെ നിൽക്കുന്നതിന് ഗൗതം ശർമ നിങ്ങൾക്കും എന്റെ നന്ദിയും സ്നേഹവും.. സംഗീത കുറിച്ചു.

രോഗിയും ഡോക്ടറുമൊത്തുള്ള ഏറ്റവും നല്ല വിഡിയോ എന്നു പറഞ്ഞ് സംഗീതയുടെ ഭർത്താവ് ഗൗത് ശർമയാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 

സംഗീതയ്ക്ക് ഇതിനെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ലായിരുന്നു. മുൻകൂട്ടി പ്ലാൻ ചെയ്ത നൃത്തമല്ല ഇത്. വിഡിയോ ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചതാണെന്നും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യാനായി വിഡിയോയുടെ ദൈർഘ്യം ഒരു മിനിറ്റായി കുറച്ചതാണ് ആകെ ചെയ്ത എഡിറ്റിങ്ങെന്നും ഗൗതം പറയുന്നു. സിസേറിയനു രണ്ടു മിനിറ്റ് മുൻപായിരുന്നു നൃത്തം. സ്നേഹവും സംരക്ഷണവും നൽകി കൂടെനിന്നതിന് ഡോ.വാണിക്ക് ഗൗതം നന്ദിയും പറഞ്ഞിട്ടുണ്ട്.

ഒരു പെൺകുഞ്ഞിനാണ് സംഗീത ജൻമം നൽകിയത്. 

Read More : Health Tips