ഇടയ്ക്കിടെ ഉപവാസം എടുക്കുന്നവർ അറിയാൻ...

ശരീരഭാരം കുറയ്ക്കാൻ നെട്ടോട്ടമോടുന്നവർ നിരവധിയാണ്. ആരെങ്കിലും പറഞ്ഞു കേട്ടതും കണ്ണിൽക്കണ്ടതുമായ ഏതു ഭക്ഷണരീതി പിന്തുടരാനും ഇക്കൂട്ടർ ഒരുക്കമായിരിക്കും. എങ്ങനെയെങ്കിലും ഈ തടി ഒന്നു കുറഞ്ഞാൽ മതി എന്നേ മിക്കവർക്കും ആഗ്രഹമുള്ളൂ. 

ഇടയ്ക്കിടെയുള്ള ഉപവാസം നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉണ്ടോ? എങ്കിൽ ആ ഭക്ഷണരീതി ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇത് പ്രമേഹ സാധ്യത കൂട്ടാനേ ഉപകരിക്കൂ. ഉപവാസം അടിസ്ഥാനമാക്കിയുള്ള ‍ഡയറ്റ് ശീലമാക്കും മുൻപ് വളരെയധികം ശ്രദ്ധിക്കണം. ദീർഘ കാലത്തേക്ക് ആരോഗ്യത്തിന് അത് ദോഷം ചെയ്യും.

ഫ്രീറാഡിക്കലുകൾക്ക്  ഇടയ്ക്കിടെയുള്ള ഉപവാസം നാശം വരുത്തുന്നുണ്ടോ എന്നറിയാൻ ബ്രസീലിലെ സാവോപോളോ സർവകലാശാലയിലെ അനാ ബൊണാസയും സംഘവും എലികളിൽ പഠനം നടത്തി. 

മൂന്നു മാസത്തിലധികം നീണ്ട പഠനത്തിൽ, ഉപവാസം എടുത്തതിന്റെ തൊട്ടടുത്ത ദിവസത്തെ ശരീരഭാരം, ഫ്രീറാഡിക്കലുകളുടെ നില, ഇൻസുലിൻ പ്രവർത്തനം ഇവ പരിശോധി ച്ചു. 

പഠനകാലയളവിൽ, എലികളുടെ ശരീരഭാരവും ഭക്ഷണം കഴിക്കുന്ന അളവും പ്രതീക്ഷിച്ചതു പോലെ കുറഞ്ഞെങ്കിലും വയറിലെ കൊഴുപ്പു കോശങ്ങളുടെ അളവ് കൂടിയതായി കണ്ടു. ഇതു കൂടാതെ ഇൻസുലിൻ റിലീസ് ചെയ്യുന്ന പാൻക്രിയാസിലെ കോശങ്ങൾക്കു നാശവും സംഭവിച്ചിരുന്നു. ഫ്രീറാഡിക്കലുകളുടെ അളവു കൂടി. ഇൻസുലിന്റെ പ്രതിരോധത്തിന്റെ സൂചകങ്ങളും കാണപ്പെട്ടു. 

ശരീരഭാരം കുറയുന്നതു കൂടാതെ ഇടയ്ക്കിടെയുള്ള ഉപവാസം അടങ്ങിയ ഭക്ഷണ രീതി, പാൻക്രിയാസിനു നാശം വരുത്തുകയും ആരോഗ്യമുള്ള വ്യക്തികളിലെ ഇൻസുലിൻ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. ഇത് പ്രമേഹത്തിലേക്കും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. 

അമിതഭാരവും പൊണ്ണത്തടിയുമുള്ളവർ, ഉപവാസം അടങ്ങിയ ഡയറ്റ് പിന്തുടരുമ്പോൾ അവർക്ക് ഇൻസുലിൻ പ്രതിരോധം ഉള്ളതിനാൽ പെട്ടെന്നുതന്നെ ശരീരഭാരം കുറഞ്ഞേക്കാം. എന്നാൽ ഇത് ദീർഘ കാലത്തേക്ക് അവരുടെ ആരോഗ്യത്തിന് ഗുരുതരമായ ദോഷങ്ങൾ വരുത്തുമെന്നും. ടൈപ്പ് 2 പ്രമേഹം ബാധിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. 

Read More : Health News