തൈറോയ്ഡ് രോഗങ്ങൾ; ചികിത്സ എങ്ങനെ?

തൈറോയ്ഡ് രോഗങ്ങളുെട അടിസ്ഥാന ത്വങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഇൻഫോക്ലിനിക്കിൽ ഡോ.ടി.എം ജമാൽ പറയുന്നു

ആദ്യമായി ഏറ്റവും കൂടുതലായി കാണപ്പെടുന്ന തൈറോയിഡ് ഹോര്‍മോണ്‍ കുറവ് അഥവാ Hypothyroidism എങ്ങനെയാണ് ചികിത്സിക്കുന്നത് എന്ന് നോക്കാം.

ചില തരം thyroiditis മൂലം ഉണ്ടാവുന്നവ ഒഴികെ മറ്റു കാരണങ്ങൾ മൂലമുണ്ടാവുന്ന Hypothyroidism ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്നതാണ്. തുടർച്ചയായി Thyroxin ഗുളിക കഴിക്കണം. Thyroxin ഗുളിക പല ഡോസുകളിൽ ലഭ്യമാണ്. അസുഖത്തിന്റെ തീവ്രത അനുസരിച്ചു ഡോസ്‌ ക്രമീകരിക്കണം. ശരിയായ അളവിൽ മരുന്നു കഴിച്ചാൽ ഏതാനും ആഴ്ചകൾ കൊണ്ടു TSH നോർമൽ ആയി വരും.

TSH നോർമൽ ആയാൽ തൈറോയ്ഡ് രോഗം മാറി എന്നല്ല , തികയാതെ വരുന്ന തൈറോയ്ഡ് ഹോര്മോണ്, ഗുളിക രൂപത്തിൽ ശരീരത്തിൽ എത്തുന്നുണ്ട് എന്നു മാത്രമാണ് അര്‍ത്ഥം. നോർമൽ TSH കണ്ടാൽ ഉടൻ മരുന്നു നിർത്തുകയല്ല, മറിച്ചു അതേ അളവിൽ തുടർന്നു കഴിക്കുകയാണ് വേണ്ടത്. തൈറോക്സിന് ഗുളികയ്ക്കു എടുത്തു പറയത്തക്ക പാർശ്വ ഫലങ്ങൾ ഒന്നും ഇല്ല. എല്ലാവർക്കും മനസമാധാനത്തോടെ കഴിക്കാവുന്നതാണ്. TSH നോര്‍മല്‍ ആവുന്ന വരേക്കു മാസത്തില്‍ ഒരിക്കലെങ്കിലും പരിശോധിച്ചു വേണ്ട ഡോസ് എത്രയാണെന്ന് മനസിലാക്കേണ്ടതുണ്ട്. നോര്‍മല്‍ ആയിക്കഴിഞ്ഞാല്‍ അതെ അളവില്‍ മരുന്ന് തുടരണം. പിന്നീട് 4-5 മാസത്തില്‍ ഒരു തവണ ടെസ്റ്റ് ചെയ്‌താല്‍ മതിയാകും. 

Thyroxin ഗുളിക വെറും വയറ്റില്‍ കഴിക്കുന്നതാണ് നല്ലത്. പരിശോധനക്ക് ഡോക്ടറെ കാണാന്‍ ചെല്ലുമ്പോഴും ഗുളിക കൃത്യമായി കഴിക്കണം. മരുന്ന് തീര്‍ന്ന കുറെ ദിവസം കഴിഞ്ഞു രക്തപരിശോധനക്ക് ചെന്നാല്‍ റിസള്‍ട്ട്‌ പലപ്പോഴും ഡോക്ടര്‍ക്ക് കൃത്യമായ തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടുള്ള രൂപത്തിലായിരിക്കും.

പിറ്റ്യൂട്ടറി ഗ്രന്ഥി തകരാര്‍ മൂലം തൈറോയിഡ് ഹോര്‍മോണ്‍ കുറവുള്ളവര്‍ രക്ത പരിശോധന നടത്തുമ്പോള്‍ TSH ചെയ്യുന്നതില്‍ കാര്യമില്ല. TSH കുറവായത് കൊണ്ടാണ് തൈറോയ്ഡ് കുറഞ്ഞു പോയത്. ഇത്തരം ആളുകള്‍ T3 , T4 എന്ന തൈറോയ്ഡ് ഹോര്‍മോണുകളാണ് പരിശോധിക്കേണ്ടത്. ഇവയുടെ അളവനുസരിച്ചാണ് മരുന്നിന്റെ ഡോസ് ക്രമീകരിക്കുന്നത്. TSH നോക്കേണ്ട ആവശ്യം ഇല്ല.

ജന്മനാ ഉള്ള തൈറോയിഡ് ഹോര്‍മോണ്‍ കുറവും കണ്ടുപിടിക്കപ്പെട്ടെ ഉടനെ ചികിത്സ തുടങ്ങണം. ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടി വരും. പക്ഷേ മരുന്ന് കഴിച്ചു തുടങ്ങിയാല്‍ സാധാരണ കുഞ്ഞുങ്ങളെ പോലെ അവര്‍ക്കും വളരാന്‍ കഴിയും..

ഗര്‍ഭ കാലത്തെ ഹൈപ്പോതൈറോയ്ഡിസം

ഗര്‍ഭസമയത്ത് തൈറോയിഡിന് മരുന്ന് കഴിച്ചാല്‍ കുഞ്ഞിന് എന്തെങ്കിലും പ്രശ്നം വരുമോ എന്ന് എല്ലാവരും ഉന്നയിക്കുന്ന ചോദ്യമാണ്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. 

നിയന്ത്രണ വിധേയമല്ലാത്ത തൈറോയ്ഡ് രോഗമാണ് കുഞ്ഞിനെ പ്രതികൂലമായി ബാധിക്കുക. ഹൈപ്പോതൈറോയ്ഡിസത്തിന് ഉപയോഗിക്കുന്ന തൈറോക്സിൻ ഗുളിക ഗര്‍ഭിണികളില്‍ പരിപൂര്‍ണ്ണ സുരക്ഷിതമാണ്. അത് പോലെ ഹൈപ്പർതൈറോയ്ഡിസത്തിന് ഉപയോഗിക്കുന്ന മരുന്നുകളും താരതമ്യേനെ സുരക്ഷിതമാണ്. നേരത്തെ ഹൈപ്പോതൈറോയ്ഡിസത്തിനു മരുന്ന് കഴിക്കുന്ന ആളുകള്‍ ഗര്‍ഭിണിയാവുമ്പോള്‍ മരുന്നിന്റെ ഡോസ് കൂട്ടേണ്ടി വരികയാണ് ചെയ്യുക. ഗര്‍ഭിണിയാണല്ലോ എന്ന് വച്ച് മരുന്ന് കുറയ്ക്കുകയല്ല ചെയ്യുക എന്ന് പ്രത്യേകം ഓര്‍മ്മിക്കുക.

ഗര്‍ഭിണികളിലെ തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ് വിശകലനം ചെയ്യുന്നത് മറ്റു തൈറോയിഡ് രോഗികളുടെത് പോലെയല്ല എന്ന് കഴിഞ്ഞ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. ലാബ് റിപ്പോര്‍ട്ട് നോര്‍മല്‍ ആയിട്ടും ഡോക്ടർ റോക്സിൻ മരുന്ന് കുറിച്ചത് എന്തിന് എന്ന ശങ്ക പലരും പങ്കുവെക്കുന്നത് കണ്ടിട്ടുണ്ട്. ഗര്‍ഭിണികളിലും ഗര്‍ഭിണിയാവാന്‍ തയ്യാറെടുക്കുന്നവരിലും വന്ധ്യതക്ക് ചികിത്സ എടുക്കുന്നവരിലും വേണ്ട Target TSH level മറ്റുള്ളവരുടെതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. അതുകൊണ്ടാണ് TSH റിപ്പോര്‍ട്ട് പ്രകാരം നോര്‍മല്‍ ആണെങ്കില്‍ പോലും ചിലപ്പോള്‍ തൈറോക്സിൻ കഴിക്കാന്‍ ആവശ്യപ്പെടുന്നത്. 

മറ്റെന്തെങ്കിലും അസുഖം വരുന്ന സമയത്ത് കുറെ ഗുളികകള്‍ ഒരുമിച്ചു കഴിക്കണ്ട എന്ന ധാരണയില്‍ ചിലര്‍ തൈറോയിഡ് മരുന്നുകള്‍ നിര്‍ത്തുന്നത് കണ്ടിട്ടുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ല.

തൈറോയിഡ് ഹോര്‍മോണ്‍ കൂടുന്ന അവസ്ഥ ( Hyperthyroidism) എങ്ങനെ ചികിത്സിക്കുമെന്നു നോക്കാം

തൈറോയ്ഡ് ഹോർമോൺ കുറവായ ഹൈപ്പോതൈറോയ്ഡിസം പോലെ അത്ര അനായസകരമല്ല ഹൈപ്പർതൈറോയ്ഡിസം ചികിത്സ. പല തരത്തിലുള്ള ചികിത്സകള്‍ ഇന്ന് ലഭ്യമാണ്..

1. തൈറോയ്ഡ് ഹോർമോൺ നിർമ്മാണം കുറയ്ക്കാനുള്ള മരുന്ന് കഴിക്കലാണ് സാധാരണ ഏറ്റവും കൂടുതലായി ഉപയോഗിച്ചു വരുന്ന ചികിത്സ. ദീർഘ കാലം, ചിലപ്പോൾ ജീവിത കാലം മുഴുവൻ മരുന്നു കഴിക്കേണ്ടി വരും എന്നതാണ് ഈ രീതിയുടെ പോരായ്മ. തൈറോക്സിൻ ഗുളികയെ അപേക്ഷിച്ചു പാർശ്വഫലങ്ങൾ അൽപ്പം കൂടുതലാണെങ്കില്‍ പോലും കടുത്ത പ്രശ്നങ്ങള്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂ. അത്തരക്കാരില്‍ മറ്റു ചികിത്സാ രീതികള്‍ പരിഗണിക്കേണ്ടി വരും.

തൈറോക്സിന് ഗുളിക കഴിക്കുന്നവരേക്കാൾ ചെറിയ ഇടവേളകളിൽ ഡോക്ടറെ കണ്ടു പരിശോധന നടത്തി ഡോസ് ക്രമീകരിക്കേണ്ടി വരും. ഡോക്ടറുടെ മേൽനോട്ടം അത്യാവശ്യമാണ്. ഹൈപ്പർതൈറോയ്ഡിസത്തിനുള്ള മറ്റേതു ചികിത്സ തിരഞ്ഞെടുത്താലും അതിനെല്ലാം മുന്നേ ആദ്യം മേൽ പറഞ്ഞ മരുന്നു കഴിച്ചു ഹോർമോൺ ലെവൽ നോർമൽ ആക്കി നിർത്തേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ മറ്റു ചികിത്സകളിലേക്കു കടക്കാൻ കഴിയൂ. തുടക്കത്തില്‍ കൂടിയ അളവില്‍ മരുന്ന് കഴിക്കേണ്ടി വരുമെങ്കിലും അസുഖം നിയന്ത്രണത്തില്‍ വരുന്നതനുസരിച്ച്‌ മരുന്ന് തീരെ ചെറിയ ഡോസിലേക്ക് കൊണ്ടുവരാന്‍ കഴിയും.

2. ശസ്ത്രക്രിയ

തൈറോയ്ഡ് ഗ്രന്ഥിയെ മുഴുവനായോ ഭാഗികമായോ എടുത്തു കളയുന്ന രീതി. ഒരു മേജർ സർജറി ആണിത്. പരിചയ സമ്പന്നമായ കൈകളിൽ സുരക്ഷിതമായ സർജറിയാണിതെങ്കിലും കഴുത്തിലെ ശബ്ദം നിയന്ത്രിക്കുന്ന നാഡിക്കു പരിക്ക് പറ്റാൻ ചെറിയ സാധ്യത നിലനിൽക്കുന്നു. അതു പോലെ തന്നെ തൈറോയ്ഡ് ഗ്രന്ഥിയോട് ചേർന്നു കിടക്കുന്ന പാരാ തൈറോയ്ഡ് ഗ്രന്ഥി കൂടെ നീക്കം ചെയ്യപ്പെടാനുള്ള സാധ്യതയും ഉണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വമായി വളരെ വലിപ്പം കൂടിയ തൈറോയ്ഡ് നീക്കം ചെയ്യുമ്പോൾ ഇത്തരം പ്രശ്നങ്ങൾ സംഭവിക്കാം. തൈറോയ്ഡ് ഗ്രന്ഥി പൂർണ്ണമായും എടുത്തു കളയുകയാണെങ്കിൽ പിന്നീട് ആവശ്യമായ അളവിൽ ഹോർമോൺ ലഭ്യമാക്കാൻ വേണ്ടി തൈറോക്സിന് ഗുളിക ജീവിത കാലം മുഴുവൻ കഴിക്കേണ്ടി വരും. പക്ഷെ തൈറോയ്ഡ് ഹോര്മോണ് കുറക്കാൻ വേണ്ടി കഴിക്കുന്ന ഗുളികകളെക്കാൾ സൗകര്യപ്രദവും സുരക്ഷിതവുമാണ് തൈറോക്സിൻ ഗുളിക എന്നതിനാല്‍ പലപ്പോഴും രോഗികള്‍ക്ക് അതൊരു പ്രശ്നമായി തോന്നാറില്ല.

3. റേഡിയോ അയഡിൻ ചികിത്സ:

റേഡിയോ ആക്റ്റീവ് അയഡിൻ മരുന്നു കൊടുത്തു തൈറോയ്ഡ് കോശങ്ങളെ നശിപ്പിച്ചു കളയുന്ന ചികത്സയാണിത്. ഗര്ഭിണികളിലും ഗർഭധാരണത്തിന് സാധ്യത ഉള്ളവരിലും ഈ ചികിത്സ ചെയ്യാൻ കഴിയില്ല. മറ്റുള്ളവരിൽ സുരക്ഷിതവും എളുപ്പവുമാണ് അയഡിൻ ഉപയോഗിച്ചുള്ള ചികിത്സ. റേഡിയോ ആക്ടീവ്തൈ അയഡിന്‍ ചികിത്സയ്ക്ക്റോ ശേഷം തൈറോയിഡ് പ്രവർത്തനം പൂർണ്ണമായും നിന്നുപോവാനുള്ള സാധ്യതയുണ്ട്. മേൽപറഞ്ഞ പോലെ തന്നെ അത്തരം ആളുകൾ ജീവിത കാലം മുഴുവൻ തൈറോക്സിൻ കഴിക്കേണ്ടി വരും.

ഗര്‍ഭിണികളില്‍ നേരത്തെ ഹൈപ്പർ തൈറോയ്ഡിസം ഉള്ളവര്‍ മരുന്ന് തുടരണം. സാധാരണ എല്ലാവരും കഴിക്കാറുള്ള Carbimazole എന്ന മരുന്നിനു പകരം Propyl thiouracil എന്ന മരുന്നാണ് ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ഉപയോഗിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ ആദ്യമായി കണ്ടുപിടിക്കപ്പെടുന്ന ഹൈപ്പർ തൈറോയ്ഡിസം, യഥാര്‍ത്ഥ തൈറോയിഡ് പ്രശ്നം തന്നെയാണോ അതോ ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ടുള്ളതാണോ എന്ന് ഉറപ്പു വരുത്തിയ ശേഷമേ ചികിത്സ തുടങ്ങാന്‍ കഴിയൂ. ഗര്‍ഭ കാല ഹോര്‍മോണ്‍ വ്യതിയാനം മൂലം Thyroid function test ല്‍ വ്യത്യാസം വരുന്ന അവസ്ഥ സാധാരണയായി കാണാറുള്ളതാണ്. എന്നാല്‍ തൈറോയിഡ് രോഗങ്ങളുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇത്തരക്കാരില്‍ കാണാറില്ല. ആദ്യത്തെ 4-5 മാസം കഴിയുന്നതോടെ അത് തനിയെ ശരിയാവുകയും ചെയ്യും. ഇത്തരക്കാരില്‍ തൈറോയിഡ് ഹോര്‍മോണ്‍ കുറക്കാനുള്ള ചികല്‍സ ആവശ്യമില്ല. തൈറോയിഡ് ഹോര്‍മോണ്‍ കുറക്കാനുള്ള മരുന്ന് കഴിക്കുന്ന ഗര്‍ഭിണികള്‍ കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കണ്ടു പരിശോധന നടത്തേണ്ടതുണ്ട്. മരുന്ന് കഴിച്ചു ഹോര്‍മോണ്‍ ആവശ്യത്തിലേറെ കുറയുന്നത് അല്‍പ്പം ഹോര്‍മോണ്‍ കൂടി നില്‍ക്കുന്നതിലേറെ ദോഷം ചെയ്യും.

തൈറോയ്ഡൈറ്റിസ്

കോശങ്ങള്‍ക്ക് സംഭവിക്കുന്ന നാശം മൂലം ഹോര്‍മോണുകള്‍ ഒന്നിച്ചു രക്തത്തിലേക്ക് പുറംതള്ളപ്പെടുന്ന അവസ്ഥയാണ് Thyroiditis. ആദ്യഘട്ടത്തില്‍ രക്തപരിശോധനയില്‍ പുറം തള്ളപ്പെട്ട ഹോര്‍മോണുകള്‍ Graves diseases / Hyperthyroidism പോലെ റിസള്‍ട്ട് തരുമെങ്കിലും അത്തരം രോഗികളില്‍ കൊടുക്കുന്ന ചികിത്സകള്‍ ഈ അസുഖത്തിന് ആവശ്യമില്ല. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള Symptomatic ചികിത്സ മാത്രമേ ആവശ്യമുള്ളൂ.

പൊതുവേ ഇത്തരം രോഗികളില്‍ കാര്യമായുള്ള അസുഖ ലക്ഷണങ്ങള്‍ ഒന്നും കാണാറില്ല. ഏതാനും ആഴ്ചകള്‍ കഴിഞ്ഞാല്‍ തൈറോയിഡ് ഗ്രന്ഥി പഴയപോലെ പ്രവര്‍ത്തനം തുടങ്ങുകയും ഹോര്‍മോണ്‍ ലെവല്‍ നോര്‍മല്‍ ആയി വരികയും ചെയ്യും. എന്നാല്‍ ചുരുക്കം ചിലരില്‍ തൈറോയിഡ് ഗ്രന്ഥി പ്രവര്‍ത്തനക്ഷമത വീണ്ടെടുക്കാതെ Hypothyroidism അവസ്ഥയിലേക്ക് നീങ്ങും. അത്തരക്കാര്‍ സ്ഥിരമായി Thyroxin മരുന്ന് കഴിക്കേണ്ടി വരും. ചിലപ്പോഴെങ്കിലും ഇത്തരം രോഗികള്‍ graves disease എന്ന് തെറ്റായി രോഗനിര്‍ണ്ണയം നടത്തപ്പെട്ടു മരുന്ന് കഴിക്കുന്നത്‌ കാണാറുണ്ട്. സംശയം ഉണ്ടെങ്കില്‍ നുക്ലിയാര്‍ സ്കാന്‍ ചെയ്തു ഉറപ്പു വരുത്തിയ ശേഷം തീരുമാനമെടുക്കുന്നതാണ് ഉചിതം.

തൈറോയ്ഡ് മുഴകള്‍

തൈറോയ്ഡ് മുഴ കണ്ടാല്‍ ഹോര്‍മോണ്‍ പരിശോധനയും സ്കാനും ചെയ്യേണ്ട കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. സ്കാനില്‍ കാന്‍സര്‍ സംശയിക്കത്തക്ക വല്ലതും ഉണ്ടെങ്കില്‍ FNAC പരിശോധന ചെയ്യണം. കാന്‍സര്‍ ആണെങ്കില്‍ അതനുസരിച്ച് ആധുനിക വൈദ്യശാസ്ത്രം അനുശാസിക്കുന്ന ചികിത്സയെടുക്കണം.

കൂടിയ അളവില്‍ ഹോര്‍മോണ്‍ നിര്‍മ്മിക്കുന്ന മുഴയാണെങ്കില്‍ ആദ്യം അത് കുറയ്ക്കാനുള്ള മരുന്ന് കഴിക്കണം. ഹോര്‍മോണ്‍ ലെവല്‍ നോര്‍മല്‍ ആയ ശേഷം തുടര്‍ന്ന് മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കുകയോ അതല്ലെങ്കില്‍ മുഴയുടെ സ്വഭാവം അനുസരിച്ച് തൈറോയിഡ് ഗ്രന്ഥിയുടെ പകുതിയോ മുക്കാല്‍ ഭാഗമോ സര്‍ജറി വഴി എടുത്തു കളയുകയോ ചെയ്യാം. ഗര്‍ഭിണി ആവാന്‍ സാധ്യത ഇല്ലാത്ത ആളുകള്‍ക്ക് റേഡിയോ അയഡിന്‍ ചികിത്സയും പരിഗണിക്കാവുന്നതാണ്. പ്രായം കൂടുതല്‍ ഉള്ള, മറ്റു പ്രധാനപ്പെട്ട പല അസുഖങ്ങള്‍ ഉള്ളവര്‍ക്ക് റേഡിയോ അയഡിന്‍ ഒരു നല്ല ചികിത്സാ രീതിയാണ്. ഓരോന്നിന്റെയും ഗുണങ്ങളും ദോഷങ്ങളും മുകളില്‍ വിവരിച്ചിട്ടുണ്ട് .

ഹോര്‍മോണ്‍ നിര്‍മ്മിക്കാത്ത, കാന്‍സര്‍ അല്ലാത്ത മുഴകള്‍ അവ വലിപ്പക്കൂടുതല്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കാത്തിടത്തോളം പ്രത്യേകിച്ച് ചികിത്സ ആവശ്യമില്ല.

കൗമാര പ്രായത്തിൽ വളർച്ചയ്ക്ക് ആനുപാതികമായി ഹോർമോൺ ഉൽപ്പാദനം നടക്കാതെ വരുമ്പോൾ അതു കൂടുതൽ ത്വരിതപ്പെടുത്താൻ തയ്‌റോയ്ഡ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയാണ് physiological goiter. TSH നോർമൽ ആണെങ്കിൽ പോലും ഇത്തരം കുട്ടികളിൽ കുറച്ചു മാസങ്ങൾ തൈറോക്സിൻ ഗുളിക കഴിച്ചാൽ തൈറോയ്ഡ് മഴയുടെ വലിപ്പം കുറയാൻ സാധ്യതയുണ്ട്.. എന്നാൽ മുതിർന്നവരിൽ കാണുന്ന multinodular goiter മുഴകളിൽ ഈ ചികിത്സ ഫലപ്രദമല്ല.

Read More: Health News