നിപ്പ വൈറസിനെ ചെറുത്തു തോൽപ്പിച്ച് അജന്യമോൾ ജീവിതത്തിലേക്ക്. പൂർണ ആരോഗ്യവതിയായി ഇന്നലെയാണ് ആശുപത്രി വിട്ടത്. എത്രത്തോളം കരുതലോടെയാണ് അജന്യമോളെ ഓരോരുത്തരും ചേർത്തു പിടിച്ചതെന്നു പറയുകയാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് റൂബി സജ്ന.
പൂവിന്റെ സൗന്ദര്യത്തിന് യാതൊരു കുറവും വരുത്താതെ തേൻ നുകർന്നു മടങ്ങിപ്പോകുന്ന വണ്ടുകളെപ്പോലെ അവളിൽ ഒരു മാറ്റവും വരുത്താതെ ആ രോഗാണുക്കൾ മടങ്ങിപ്പോയി... അല്ല.. അൽപ്പംപോലും സൗരഭ്യം കവർന്നെടുക്കാൻ അനുവദിക്കാതെ അവൾ പൊരുതിത്തോൽപ്പിച്ചു നിപ്പയെന്ന രാക്ഷസ രോഗാണുവിനെ...
കഴിഞ്ഞ ഇരുപതു ദിവസത്തെ ചങ്കിടിപ്പിന്റെയും പ്രാർത്ഥനയുടെയും ചികിത്സാ മികവിന്റെയും പരിശ്ചേദമാണ് ഒപ്പം നിൽക്കുന്ന പൂർണ്ണ ആരോഗ്യവതിയായ അജന്യമോൾ.... താരാട്ടിയില്ലെങ്കിലും, പാലൂട്ടിയില്ലെങ്കിലും മനസ്സുകൊണ്ട് നെയ്തെടുത്ത ഒരു പൊക്കിൾക്കൊടി ബന്ധമായിരുന്നു ഞങ്ങൾക്കിവളോട്.... ഇന്ന് അവൾ സുഖം പ്രാപിച്ചു വീട്ടിലേയ്ക്കു മടങ്ങി...
മടങ്ങുന്നതിനു മുമ്പ് മരണത്തിൽ നിന്നു പറിച്ചെടുത്ത ആ ഹൃദയയത്തിൽ നിന്നും അവളുടെ അധരത്തിലേയ്ക്ക് വന്ന നന്ദി വാക്കുകളിൽ എവിടെയൊക്കെയോ കടപ്പാടിൽ തീർത്ത ഒരു വിതുമ്പലിന്റെ മാറ്റൊലി മുഴങ്ങിക്കേൾക്കുന്നുണ്ടായിരുന്നു...
അതു മതി... അതു മാത്രം മതി ഞങ്ങൾക്ക്..
നഴ്സിങ് സൂപ്രണ്ട് എൽസമ്മ മാഡത്തോടൊപ്പം സഹപ്രവർത്തകരായ ഷീനയും, രഹനയുമുണ്ടായിരുന്നു അവളെ യാത്രയാക്കാൻ....
പിരിയുമ്പോൾ ഷീന സിസ്റ്റർ അവളെ ചേർത്തു പിടിച്ചിട്ട് നീ ഇനി മുതൽ അജന്യ മോളല്ല..... അജയ്യമോളാണ് എന്നു പറഞ്ഞപ്പോൾ ആ മുഖത്ത് വിടർന്ന പുഞ്ചിരിക്കിടയിലും, മറക്കില്ല ചേച്ചീ നിങ്ങളെയൊന്നും എന്ന അവളുടെ ആത്മാർത്ഥമായ വാക്കുകൾ വിലപ്പെട്ട ഒരു അംഗീകാരമായി ഇപ്പോഴും കാതിൽ മുഴങ്ങി നിൽക്കുന്നു...
മിടുക്കിയാണവൾ...... കേരളത്തിന്റെ ആരോഗ്യരംഗത്ത് ഒരു ഉരുക്കു വനിതയായി ശോഭിക്കാൻ ഞങ്ങളുടെ അജന്യമോൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു...
Read More : Nipah Virus | Health Magazine