എമ്മി തിരിച്ചെത്തി; മരണത്തിന്റെ സൂചിത്തുമ്പിൽനിന്ന്...

മരണം മുന്നിൽക്കണ്ടുള്ള ജീവിതം, എന്നാൽ അതില്‍നിന്നു പൊടുന്നനെ രക്ഷപ്പെട്ടാലോ? പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം അല്ലേ.. അതുതന്നെയാണ് ഇപ്പോൾ അമേരിക്കയിലെ സൗത്ത് കാരലൈന സ്വദേശിനി എമ്മി റീവ്സ് എന്ന 13 കാരിക്കും. തിരിച്ചുകിട്ടിയ ജീവിതം ശരിക്കും ആഘോഷമാക്കുകയാണ് എമ്മി. വീടു നിറയെ അവള്‍ വരച്ച ചിത്രങ്ങളാണ്. മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം എമ്മി സന്തോഷവതിയാണ്. 

ചെറുപ്പം മുതല്‍ ടൈപ്പ് 1 പ്രമേഹരോഗിയാണ് എമ്മി. ഇതിനുള്ള ഏകപരിഹാരം ഇന്‍സുലിന്‍ ഇൻജക്‌ഷന്‍ മാത്രമായിരുന്നു. അതു പക്ഷേ എമ്മിയുടെ ശരീരത്തില്‍ കടുത്ത അലര്‍ജിയുണ്ടാക്കിക്കൊണ്ടിരുന്നു. അതു കുറയ്ക്കാൻ നല്‍കുന്ന ആന്റിഹിസ്റ്റമിനുകള്‍ ദിവസവും ഇരുപതു മണിക്കൂര്‍ വരെ ഉറക്കത്തിലേക്കും നയിച്ചു. 

നാലു വയസ്സുള്ളപ്പോഴാണ് എമ്മിക്കു പ്രമേഹം കണ്ടെത്തിയത്. അന്നു മുതല്‍ അവളെ ബലമായി പിടിച്ചു കെട്ടിയാണ് മാതാപിതാക്കള്‍ ഇന്‍സുലിന്‍ നല്‍കിയിരുന്നത്. ഇന്‍സുലിന്‍ ശരീരത്തിലേക്കെത്തുമ്പോൾ കടുത്ത വേദനയാല്‍ അവള്‍ കരയാന്‍ തുടങ്ങും. ആദ്യമൊക്കെ ശ്വാസം പോലും ലഭിക്കാതെ കുഴഞ്ഞു വീഴുമായിരുന്നെന്ന് എമ്മിയുടെ അമ്മ ഓര്‍ക്കുന്നു. 

ഒന്‍പതു വര്‍ഷമായി എമ്മിയുടെ ജീവിതം ഇങ്ങനെയാണ്. മരുന്നുകളുടെ പ്രതിപ്രവര്‍ത്തനഫലമായി തിമിരവും ശരീരത്തിൽ പലയിടത്തും തൊലി അടര്‍ന്നു പോകുന്ന അവസ്ഥയുമുണ്ടായി. ദിവസം കഴിയുന്തോറും എമ്മി മരണത്തിലേക്കു നടന്നടുക്കുകയാണെന്ന് മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു.

എമ്മിയുടെ ഈ അവസ്ഥയ്ക്ക് പാന്‍ക്രിയാസ് മാറ്റി വയ്ക്കൽ മാത്രമായിരുന്നു പോംവഴി. എന്നാല്‍ കുട്ടികളിൽ വളരെ അപൂര്‍വമാണ് ഈ ശസ്ത്രക്രിയ. പല ഡോക്ടർമാരെയും കാണിച്ചു. എല്ലാവരും കയ്യൊഴിഞ്ഞ അവസ്ഥയിലാണ് അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്റ് വിദഗ്ധൻ ഡോ. രാജ കന്തസ്വാമിയുടെ അടുത്തെത്തുന്നത്. 

അമേരിക്കയിലെ ഒരു ദശലക്ഷത്തോളം ആളുകള്‍ക്കു പ്രമേഹം ഉണ്ട്. പാന്‍ക്രിയാസില്‍നിന്നു സ്വാഭാവികമായി ഇന്‍സുലിന്‍ ഉൽപാദനകോശങ്ങള്‍ നശിക്കുമ്പോഴാണ് ഇതുണ്ടാകുന്നത്. കുട്ടികളില്‍ ഇന്‍സുലിന്‍ കുത്തിവയ്പു നല്‍കിയും ഷുഗര്‍ ലെവല്‍ പരിശോധിച്ചുമാണ് ക്രമപ്പെടുത്തുന്നത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു എമ്മിയുടെ അലര്‍ജി. 

പ്രമേഹത്തില്‍ നിന്ന് എമ്മിയെ മോചിപ്പിക്കണമെന്നല്ല, അവളുടെ അവസ്ഥയിൽ എന്തെങ്കിലുമൊരു മാറ്റം വരുക്കണമെന്നാണ് പിതാവ് ജാക്ക് റീവ്സ് ഡോക്ടറോട് അപേക്ഷിച്ചത്. 1994 ല്‍ മിനസോട്ടയില്‍ ഒരു പതിനൊന്നുകാരന് ഇതുപോലെ പാന്‍ക്രിയാസ് നീക്കം ചെയ്തിരുന്നതായി ഡോക്ടർ കണ്ടെത്തി. എന്നാല്‍ ആറു മാസത്തിനകം കുട്ടിയുടെ ശരീരം പുതിയ അവയവത്തെ പുറംതള്ളി.

കന്തസ്വാമിയുടെ നേതൃത്വത്തില്‍ ഒരു വലിയ സംഘം ഡോക്ടര്‍മാര്‍ എമ്മിയുടെ കേസിനെക്കുറിച്ചു പഠിച്ചു. അങ്ങനെ 2017 ഏപ്രിലില്‍ എമ്മിക്കു ശസ്ത്രക്രിയ തീരുമാനിച്ചു. പിന്നെ, യോജിച്ച ഒരു പാന്‍ക്രിയാസ് കണ്ടെത്താനുള്ള കാത്തിരിപ്പായിരുന്നു. എമ്മിയും കുടുംബവും മിനസോട്ടയിലെ ആശുപത്രിക്കു സമീപത്തേക്കു താമസം മാറ്റി. 

കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിന് എമ്മിക്കു ചേരുന്നൊരു പാന്‍ക്രിയാസ് ലഭിച്ചു എന്ന അറിയിപ്പു വന്നു. ശസ്ത്രക്രിയ വിജയകരമായി നടത്തിയിട്ടും വെല്ലുവിളികള്‍ അവസാനിച്ചിരുന്നില്ല. ശരീരം പുതിയ അവയവത്തെ പുറംതള്ളാതിരിക്കാന്‍ കൂടിയ അളവിലാണ് ഇമ്യൂണോസപ്രസന്റുകള്‍ നല്‍കിയത്. എന്തായാലും എമ്മി പതിയെ ജീവിതത്തിലേക്കു വന്നു. 

ഇപ്പോൾ അവളുടെ ശരീരം സ്വയം ഇന്‍സുലിന്‍ ഉൽപാദിപ്പിക്കും. പ്രമേഹത്തിന്റെ പിടിയില്‍നിന്നു ജീവിതത്തിലേക്കു തിരികെ വന്ന എമ്മി തന്നെ സന്തോഷത്തോടെ ചേര്‍ത്തു പിടിച്ച നിമിഷമാണ് കരിയറിലെ മറക്കാന്‍ സാധിക്കാത്ത ഒരനുഭവമെന്ന് ഡോക്ടര്‍ കന്തസ്വാമി പറയുന്നു.

Read More : Health News